ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ അണികളുടെ തോളിലേറി എം എല്‍ എ

Posted on: July 13, 2017 11:30 pm | Last updated: July 13, 2017 at 10:59 pm

ഭുവനേശ്വര്‍: ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ ബി ജെ ഡി എം എല്‍ എയെ അണികളുടെ തോളിലേറ്റി കൊണ്ടുപോകുന്ന ദൃശ്യം വിവാദത്തില്‍. ഒഡീഷയിലെ ഗ്രാമപഞ്ചായത്തുകളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ഭരണപക്ഷ എം എല്‍ എ മനാസ് മഡ്കാമിയെ അനുയായികള്‍ എടുക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നബരാംഗ്പൂര്‍ എം പി ബലഭദ്ര മാഞ്ജിക്കൊപ്പമാണ് മനാസ് മോട്ടു മേഖലയിലെ പഞ്ചായത്തുകളില്‍ സന്ദര്‍ശനത്തിനെത്തിയത്. കടത്തു കടന്നുവേണമായിരുന്നു സന്ദര്‍ശിക്കേണ്ട സ്ഥലത്ത് എത്താന്‍. ബോട്ടില്‍ കയറാനായുള്ള സ്ഥലത്ത് ചെളി നിറഞ്ഞതിനാല്‍ വെള്ള വസ്ത്രവും ഷൂവും ധരിച്ചെത്തിയ എംഎല്‍ എ വെള്ളക്കെട്ടിലൂടെ നടക്കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് അനുയായികള്‍ എം എല്‍ എയെ തോളിലേറ്റി അപ്പുറത്തെത്തിച്ചു.

അതേസമയം, ഒപ്പമുണ്ടായിരുന്ന എം പി ചെളിയിലൂടെ തന്നെ നടന്നു.
എന്നാല്‍, തന്നോടുള്ള ബഹുമാനം കൊണ്ട് അണികള്‍ സ്വമേധയാ തന്നെയെടുത്ത് വെള്ളക്കെട്ടിന് അപ്പുറത്തെത്തിക്കുകയായിരുന്നുവെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും എം എല്‍ എ പ്രതികരിച്ചു.