തെളിവ് നല്‍കിയാല്‍ അന്‍വര്‍ സദത്തിനെതിരെ നടപടി: ഹസന്‍

Posted on: July 13, 2017 10:51 pm | Last updated: July 13, 2017 at 10:51 pm

പാലക്കാട്: ദിലീപുമായി ബന്ധപ്പെട്ട കേസില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ്‌ക്കെതിരെ പോലീസ് തെളിവ് ഹാജരാക്കിയാല്‍ അപ്പോള്‍ എന്തുവേണമെന്ന് പാര്‍ട്ടി ആലോചിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

ഇടതുപക്ഷത്തെ ഇന്നസന്റ് എം പി, എം എല്‍എമാരായ മുകേഷ്, ഗണേഷ് എന്നിവര്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നപ്പോള്‍ അതു പ്രതിരോധിക്കാനാണ് ഡി വൈ എഫ് ഐ പ്രതിപക്ഷ എം എല്‍ എക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും ഹസ്സന്‍ ആരോപിച്ചു.

ജനതാദള്‍ (യു) യുഡിഎഫ് വിട്ടുപോകുമെന്നു കരുതുന്നില്ല. ഇത് സംബന്ധിച്ചു ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറും സെക്രട്ടറി ജനറലും ഉറപ്പു നല്‍കിയിട്ടുണ്ട്.അവര്‍ പറയുന്നതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. അവര്‍ക്കുണ്ടായിരുന്ന പരാതികള്‍ പരിഹരിക്കാന്‍ യുഡിഎഫില്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും എം എം ഹസന്‍ പറഞ്ഞു.