Connect with us

Gulf

പാലുത്പാദനത്തില്‍ സ്വയം പര്യാപ്തമാകാന്‍ ജര്‍മനിയില്‍ നിന്നും കറവപ്പശുക്കളെത്തി

Published

|

Last Updated

ജര്‍മനിയില്‍ നിന്നും കൊണ്ടുവന്ന കറവപ്പശുക്കള്‍ ബലദ്‌നാ ഫാമില്‍

ദോഹ: ഉപരോധം മറികടന്നും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുതിനായി രാജ്യം നടത്തുന്ന യത്‌നങ്ങളില്‍ ശ്രദ്ധേയ ചുവടുവെപ്പുമായി രാജ്യത്ത് ജര്‍മനിയില്‍ നിന്നും പശുക്കളെത്തി. പാലുത്പന്നങ്ങള്‍ക്ക് 90 ശതമാനത്തിലേറെ സഊദിയെ ആശ്രയിച്ചിരുന്ന ഖത്വര്‍ സ്വയം പര്യാപ്തത നേടുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് 165 പശുക്കളെ ജര്‍മനിയില്‍ നിന്ന് ബുഡാപെസ്റ്റ് വഴി രാജ്യത്തെത്തിച്ചത്. വിമാനത്തില്‍ കൊണ്ടുവരാനിരിക്കുന്ന 4,000 പശുക്കളില്‍ ആദ്യ ബാച്ചാണ് അല്‍ ഖോറിന് സമീപത്തെ ഉം അല്‍ ഹവായയിലുള്ള ബല്ദ്‌നാ ഫാമില്‍ എത്തിയത്.

പാല്‍ ചുരത്തുന്ന പശുക്കളെയാണ് കൊണ്ടു വന്നതെന്നും ഈയാഴ്ച തന്നെ ഇവയില്‍ നിന്നുള്ള പാലുത്പന്നങ്ങള്‍ പ്രാദേശിക വിപണിയില്‍ എത്തുമെന്നും മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്ന പവര്‍ ഇന്റര്‍നാഷനല്‍ ഹോള്‍ഡിംഗ് വക്താവ് പറഞ്ഞു. ഖത്വറിലെത്തിയ പശുക്കളുടെ ഫോട്ടോകളും വീഡിയോകളും ബലദ്‌നാ ഫാം പുറത്തുവിട്ടു. സോഷ്യല്‍ മീഡിയയില്‍ സ്വദേശികളും വിദേശികളും ഇവ വലിയ ആഘോഷമാക്കി. അയല്‍ രാജ്യങ്ങളുടെ ഉപരോധത്തിനെതിരേ ഖത്വര്‍ എന്ന കൊച്ചുരാജ്യം നടത്തുന്ന ചെറുത്തു നില്‍പ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ വിദേശ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എത്തിയിരുന്നു. ആസ്‌ത്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നും ബാക്കി പശുക്കള്‍ ഉടന്‍ എത്തും. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും വിവിധ ബാച്ചുകളായാണ് ഇവയെ എത്തിക്കുകയെന്ന് കമ്പനി വക്താവ് അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ 4,000 പശുക്കളെയും രാജ്യത്തെത്തിക്കാനാണ് പദ്ധതി.

ജൂലൈ അഞ്ചിന് ആരംഭിച്ച അയല്‍രാജ്യങ്ങളുടെ ഉപരോധത്തില്‍ ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതിക്ക് തടസം നേരിട്ട ഖത്വര്‍ പാലുത്പന്നങ്ങള്‍ക്ക് ഇപ്പോള്‍ പ്രധാനമായും ആശ്രയിക്കുന്നത് തുര്‍ക്കിയെയാണ്. നേരത്തേ രാജ്യത്തെ 27 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ പ്രധാനമായും സഊദി അറേബ്യയില്‍നിന്നുള്ള അല്‍മറായ് ഉത്പന്നങ്ങളാണ് ആശ്രയിച്ചിരുന്നത്. ഇതിനു ബദലായാണ് പവര്‍ ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ മുഅ്തസ് അല്‍ഖയ്യാത്തിന്റെ തീരുമാന പ്രകാരമാണ് പശുക്കളെ ഖത്വറിലേക്കു കൊണ്ടു വന്നത്. 4000 പശുക്കളും എത്തുന്നതോടെ ഖത്വറിന്റെ പാല്‍ ആവശ്യത്തില്‍ 30 ശതമാനം നിര്‍വഹിക്കാന്‍ ബലദ്‌നാ ഫാമിന് കഴിയും.

ഖത്വര്‍ എയര്‍വെയ്‌സിന്റെ 60 വിമാനങ്ങളിലായാണ് ശരാശരി 590 കിലോഗ്രാം വീതമുള്ള പശുക്കളെ ഖത്വറിലെത്തിക്കുന്നത്. പ്രധാനമായും നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിറിയന്‍ വംശജനായ അല്‍ഖയ്യാത്തിന്റെ കമ്പനി അടുത്ത കാലത്താണ് കാര്‍ഷിക മേഖലയില്‍ സജീവമാക്കിയത്. ദോഹയില്‍ നിന്ന് 50 കിലോമീറ്റര്‍ വടക്കുള്ള ഇദ്ദേഹത്തിന്റെ ഫാമിന് ഏതാണ്ട് 70 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുണ്ട്. നിലവില്‍ ആട്ടിന്‍ പാലും മാംസവും ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്.

 

Latest