പശുഹത്യയില്‍ നിന്നു നരഹത്യയിലേക്ക്

ബീഫ് ഒരു ശ്രേഷ്ഠഭക്ഷണമായതു കൊണ്ടൊന്നുമല്ല ഇന്ത്യയിലെ ദരിദ്രജനവിഭാഗങ്ങള്‍ അത് ആഹാരത്തിന്റെ ഭാഗമാക്കിയത്. പശുവിന്റെയോ എരുമയുടെയോ പാലു കറന്ന് തിളപ്പിച്ച് ഊറ്റിയുണ്ടാക്കുന്ന പനീര്‍ എന്ന വിശേഷപ്പെട്ട മാംസ്യഭക്ഷണം ശീലിച്ച സമ്പന്നവര്‍ഗത്തിന്റെ നാവിന് ബീഫിന്റെ സ്വാദ് അരോചകം ആയിരിക്കും. അതിന്റെ പേരില്‍ പാവപ്പെട്ട ദളിതന്റെയും മുസ്‌ലിമിന്റെയും നസ്രാണിയുടേയും പോഷകാഹാരം തടയുന്നതിലെന്തു നീതിയാണുള്ളത്? സംഘ്പരിവാര്‍ ശക്തികള്‍ ഇപ്പോള്‍ എവിടെ നിന്നാണീ പശുഭക്തിയുടെ ദൈവശാസ്ത്രം പൊക്കിയെടുത്തു കൊണ്ടു വന്നതെന്നറിയാന്‍ ഇന്ത്യന്‍ പുരാണങ്ങളുടെ ഏടുകള്‍ മറിച്ചുനോക്കുന്നവര്‍ക്ക് മുമ്പില്‍ രസകരമായ പല കഥകളുടെയും ഏടുകള്‍ ചുരുള്‍ നിവര്‍ത്തുന്നത് കാണാം.
Posted on: July 13, 2017 12:00 am | Last updated: July 13, 2017 at 11:29 am

.ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കോണ്‍ഗ്രസുകാരായ സദസ്യര്‍ക്കു മുമ്പില്‍ കഴിഞ്ഞ ദിവസം എ കെ ആന്റണി ഗദ്ഗദകണ്ഠനായ രംഗം മാധ്യമങ്ങള്‍ തീവ്രഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്താണ് അവതരിപ്പിച്ചത്. ആന്റണിയുടെയും കൂടെ നേതാവായ വയലാര്‍ രവിയുടെയും എണ്‍പതാം പിറന്നാള്‍ പ്രമാണിച്ച് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ആന്റണിയുടെ വിലാപ ഗീതവും പഴയ കെ എസ് യു കേസരികളുടെ ഒത്തുചേരലും നടന്നത്. കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ മതേതരത്വത്തിന്റെ മുഖം മൂടിയണിഞ്ഞു കൊണ്ട് നടപ്പിലാക്കിയ മൃദുഹിന്ദുത്വം ബിജെ പി ഗവണ്‍മെന്റിനെ തീവ്രഹിന്ദുത്വത്തിലേക്ക് വഴി തിരിച്ചു വിട്ടു. അത്രയൊക്കെയല്ലേ നരേന്ദ്ര മോദിയുടെ ഇന്ത്യയില്‍ സംഭവിച്ചിട്ടുള്ളൂ. മോദിയും അനുയായികളും ധൈര്യമായി പറയുന്നു ഗോവധനിരോധനം എന്ന ഈ വികൃത ശിശുവിന്റെ പിതൃത്വം കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്കാണ്. ആ ശിശുവിനെ ഞങ്ങള്‍ ഏറ്റെടുത്തു പോറ്റിവളര്‍ത്തുന്നു. അതുകൊണ്ട് ഞങ്ങള്‍ക്കു ചില ലക്ഷ്യങ്ങളുണ്ട്. ഇന്ത്യയുടെ സമ്പൂര്‍ണമായ ഹൈന്ദവത്കരണം, ദേശീയത എന്നീ വൈകാരിക ഭ്രാന്തുകള്‍ക്ക് ഇപ്പോഴും ഇവിടെ നല്ല മാര്‍ക്കറ്റുണ്ട്. അതുള്ളിടത്തോളം കാലം-ഞങ്ങളിതു മുതലാക്കുക തന്നെ ചെയ്യും. ഇതാണ് സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ മുഖമുദ്ര.

പശു ഒരു പ്രതീകമാണ്. പ്രതീകങ്ങള്‍ പല തരത്തിലാകാം. കുരിശും ചന്ദ്രക്കലയും മുതല്‍ അരിവാളും ചുറ്റികയും വരെ എത്രയെത്ര പ്രതീകങ്ങളാണ് ഉള്ളത്. ഒരിക്കല്‍ ഒരു പ്രതീകത്തെ ആള്‍ക്കൂട്ട മനസ്സില്‍ അടിച്ചു കയറ്റിയാല്‍ പിന്നെ അവര്‍ അതിന്റെ പിന്നാലെ ദീര്‍ഘകാലം സഞ്ചരിച്ചു കൊള്ളും എന്നാണ് ചരിത്ര പാഠം. പ്രതീകങ്ങള്‍- ക്രമേണ വിഗ്രഹങ്ങളായി മാറുകയും വിഗ്രഹങ്ങള്‍ ദൈവങ്ങളാകുകയും ചെയ്യുന്ന ഒരു ഗതകാല അന്തരീക്ഷത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് മോസസ്സ് പ്രവാചകനും ഈസാ നബിയും മുഹമ്മദ് നബിയുമൊക്കെ വിഗ്രഹാരാധനയെ ഏറ്റവും വലിയ പാപമാണെന്ന് തങ്ങളുടെ കാലത്തെ ജനങ്ങളെ ബോധവത്കരിച്ചത്.

ഭാരതീയ പുരാണങ്ങളില്‍ എട്ടുവിധം വിഗ്രഹങ്ങളെക്കുറിച്ച് (അഷ്ടവിധ പ്രതിമകള്‍) പറയുന്നുണ്ട്. ശില, ധാതു, ലോഹം, ലേപ്യം, ലേഖ്യം, മണ്ണ്, രത്‌നം, ഈ ഏഴിനങ്ങളെ കൂടാതെ എട്ടാമതായി പറയുന്നത് മനോമയീ വിഗ്രഹങ്ങളാണ്. എന്താണത്? കല്ലിലും ധാതുക്കളിലും ലോഹത്തിലും മെഴുകിലും മണ്ണിലും എഴുത്തിലും തീര്‍ത്ത വിഗ്രഹങ്ങളെ വേണമെങ്കില്‍ കലാസൃഷ്ടികളെന്നു കരുതി അവഗണിക്കാം. എന്നാല്‍ എട്ടാമതായി പറയുന്ന മനോമയീ വിഗ്രഹങ്ങളുടെ കാര്യം അങ്ങനെയല്ല. ഒരിക്കല്‍ മനസ്സില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞ വിഗ്രഹങ്ങളൊരു വൈകാരിക പ്രശ്‌നമായി വളരുന്നു. അതിനെതിരെ ആരെങ്കിലും എന്തെങ്കിലും ഒന്ന് പ്രതികൂലമായി പറഞ്ഞാല്‍ അതു കടന്നല്‍ കൂട്ടില്‍ കല്ലെറിഞ്ഞതിനു സമാനമാകും. സ്വന്തം മനസ്സിലെ ഈ സുന്ദര പ്രതിമയില്‍ കടിച്ചു തൂങ്ങിയുള്ള ജീവിതം മാത്രമാണ് തങ്ങള്‍ക്കു മുമ്പിലുള്ള ഏക മാര്‍ഗം എന്നു തോന്നിക്കഴിഞ്ഞാല്‍ പിന്നെ എതിര്‍ശബ്ദങ്ങളുടെ നാവരിയുക. അതല്ലേ ഇപ്പോഴത്തെ മോദിവത്കൃത ഭാരതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതിനകം പശുവിന്റെ പേരു പറഞ്ഞ് കൊല്ലപ്പെട്ടവരുടെ എണ്ണം 23. പരുക്കേറ്റവരും സ്വത്തുക്കള്‍ നഷ്ടപ്പെട്ടവരും അതിന്റെ പതിന്മടങ്ങ്. പരമ്പരാഗതമായി ശീലിച്ചു പോന്ന തൊഴിലിന്റെ വാതിലുകള്‍ കൊട്ടിയടക്കപ്പെട്ടതു വഴി ജീവിതം വഴി മുട്ടിയവര്‍ അനേകായിരങ്ങള്‍. പശു രക്ഷയെ കരുതിയുള്ള നരഹത്യ പാടില്ലെന്നൊക്കെ പ്രധാനമന്ത്രി പറഞ്ഞെങ്കിലും പശു ഭക്തന്മാര്‍ അടങ്ങാന്‍ ഭാവമില്ല. അവരുടെ കണ്ണുകള്‍ അയല്‍ക്കാരന്റെ അടുക്കളയിലാണ്. അവരുടെ നാസരന്ധ്രങ്ങള്‍ തുറന്നു പിടിച്ചിരിക്കുന്നത് പാകപ്പെടുത്തിയ ബീഫുകറിയുടെ മണം പിടിക്കാനാണ്.

ആരാണ് വലിയവന്‍, തങ്ങളില്‍ ആരാണ് മാന്യന്‍ എന്ന തര്‍ക്കത്തിന് യുഗയുഗാന്തരങ്ങളുടെ പഴക്കമുണ്ട്. തങ്ങളുടെ ഭക്ഷണമാണതിശ്രേഷ്ഠം. തങ്ങളുടെ വസ്ത്രം ശ്രേഷ്ഠാല്‍ ശ്രേഷ്ഠതരം. തങ്ങളുടെ ഭാഷയും സംസ്‌കാരവും അതികേമം. ഇത്തരം വീമ്പു പറച്ചിലുകളുടെ ഗാഥകള്‍ ഇന്നും ഇന്നലെയും  തുടങ്ങിയതല്ല. ബീഫ് ഒരു ശ്രേഷ്ഠഭക്ഷണമായതു കൊണ്ടൊന്നുമല്ല ഇന്ത്യയിലെ ദരിദ്രജനവിഭാഗങ്ങള്‍ അത് ആഹാരത്തിന്റെ ഭാഗമാക്കിയത്. പശുവിന്റെയോ എരുമയുടെയോ പാലു കറന്ന് തിളപ്പിച്ച് ഊറ്റിയുണ്ടാക്കുന്ന പനീര്‍ എന്ന വിശേഷപ്പെട്ട മാംസ്യഭക്ഷണം ശീലിച്ച സമ്പന്നവര്‍ഗത്തിന്റെ നാവിന് ബീഫിന്റെ സ്വാദ് അരോചകം ആയിരിക്കും. അതിന്റെ പേരില്‍ പാവപ്പെട്ട ദളിതന്റെയും മുസ്‌ലിമിന്റെയും നസ്രാണിയുടേയും പോഷകാഹാരം തടയുന്നതിലെന്തു നീതിയാണുള്ളത്? സംഘ്പരിവാര്‍ ശക്തികള്‍ ഇപ്പോള്‍ എവിടെ നിന്നാണീ പശുഭക്തിയുടെ ദൈവശാസ്ത്രം പൊക്കിയെടുത്തു കൊണ്ടു വന്നതെന്നറിയാന്‍ ഇന്ത്യന്‍ പുരാണങ്ങളുടെ ഏടുകള്‍ മറിച്ചുനോക്കുന്നവര്‍ക്ക് മുമ്പില്‍ രസകരമായ പല കഥകളുടെയും ഏടുകള്‍ ചുരുളു നിവര്‍ത്തുന്നത് കാണാം.

പുരാതനാര്യന്മാര്‍ ഗോപാലകന്മാരായിരുന്നു. ഗോക്കളെ മേയ്ച്ചും അഥവാ ‘മുമ്പേ ഗമിക്കുന്ന ഗോവ് തന്റെ പിമ്പേ ഗമിക്കുന്ന ബഹുഗോക്കള്‍’ എന്ന നിലയില്‍ ഇവിടെ എത്തിച്ചേര്‍ന്നവര്‍ക്കു മുമ്പില്‍ ഒരു പുതിയ സ്വര്‍ഗരാജ്യം തന്നെ തുറന്നു കിട്ടുകയായിരുന്നു. അവരുടെ കറന്‍സി പശുക്കളും അടിമകളാക്കപ്പെട്ട മനുഷ്യരും ആയിരുന്നു. ഗോക്കള്‍ക്കും ബ്രാഹ്മണര്‍ക്കും സുഖമെങ്കില്‍ സര്‍വര്‍ക്കും സുഖമെന്ന സമവാക്യം രൂപപ്പെടുത്തിയവരായിരുന്നു ആര്‍ഷഭാരത ഗുരുക്കന്മാര്‍. പശുവിന്റെ ഭര്‍ത്താവായ കാള ഒരേ സമയം ശിവന്റെ അംഗരക്ഷകനും (നന്തി)അദ്ദേഹത്തിന്റെ വാഹനവുമായിരുന്നു. പശുക്കളുടെ പാലുമാത്രമല്ല മാംസവും പുരാതന ആര്യന്മാര്‍ യഥേഷ്ടം ഭുജിച്ചിരുന്നു. രാജകൊട്ടാരങ്ങളിലും ഋഷിവാടങ്ങളിലും അതിഥികളായെത്തുന്നവര്‍ക്ക് നല്‍കിയ വിശിഷ്ട ഭക്ഷണം പശു മാംസമായിരുന്നു.അതുകൊണ്ടാണല്ലോ ഗോഘ്‌നന്‍ എന്ന പദം അതിഥിയുടെ പര്യായപദമായി ശബ്ദകോശങ്ങള്‍ പരിചയപ്പെടുത്തുന്നത്.

സങ്കരയിനം പശുക്കളുടെ ഉത്പാദനവും പ്രത്യുത്പാദനവും ഒന്നും ഒരു പുതിയ പരിപാടി ആയിരുന്നില്ലെന്ന് ഭാഷാഭാരതം ആരണ്യപര്‍വം 9-ാം കാണ്ഡം, ഏഴും പതിനേഴും പദ്യങ്ങള്‍, വാത്മീകരാമായണം 14-ാം സര്‍ഗ്ഗം, മഹാഭാരതം ശല്യപര്‍വ്വം 40 -ാം അധ്യായം, മഹാഭാരതം അനുശാസനപര്‍വ്വം 83 -ാം അധ്യായം, വാത്മീകരാമായണം-ബാലകാണ്ഡം 52 -ാം സര്‍ഗ്ഗം, മഹാഭാരതം ശല്യപര്‍വ്വം 40- ാം അധ്യായം, മഹാഭാരതം ആദിപര്‍വം 175-ാം അധ്യായം ഈ വക ഭാഗങ്ങളിലെ പരാമര്‍ശങ്ങള്‍ വായിച്ചു നോക്കിയാല്‍ ആര്‍ക്കും ബോധ്യപ്പെടും. ക്ഷീരപ്രിയന്മാരും മാംസപ്രിയന്മാരും ആയ ആര്യന്മാര്‍ സസ്യഭക്ഷണത്തിലേക്ക് ചുവടു മാറിയതിനും മറ്റും സാമൂഹികശാസ്ത്രപരമായ കാരണങ്ങളുണ്ട്. സസ്യാഹാരം ശീലമാക്കിയിരുന്ന ദ്രാവിഡര്‍ മാംസാഹാരികളായി മാറിയാല്‍ തങ്ങളുടെ അന്നം മുട്ടുമെന്നു മനസ്സിലാക്കിയ ആര്യന്മാര്‍ ഓടുന്ന പട്ടിക്കൊരു മുഴം നീട്ടി എറിയുകയായിരുന്നുവെന്നാണ് ഇതു സംബന്ധിയായ പഠനങ്ങള്‍ തെളിയിക്കുന്നത്.

ഇവിടെ മുതല്‍ പശുവിനെ ഒരു ദിവ്യമൃഗമായി ചിത്രീകരിച്ചു കൊണ്ടുള്ള കഥകളുടെ ഒരു പരമ്പര തന്നെ അരങ്ങത്തു വരുന്നു. രസകരമായ ചില കഥകള്‍ മാത്രം ഇവിടെ സംഗ്രഹിക്കട്ടെ. സുരഭി, നന്ദിനി എന്നൊക്കെ നാമകരണം ചെയ്യപ്പെട്ട കാമധേനുവിനെ ദേവലോകത്തു നിന്നു ഇറക്കുമതി ചെയ്യുന്നു. ഈ പശുവത്രെ ഭൂമിയിലെ സര്‍വ കന്നുകാലികളുടേയും ആദിമാതാവ്. ഋഷിവര്യന്മാര്‍ക്കു പാല്‍ മാത്രം അല്ല ചോദിക്കുന്നതെന്തും നല്‍കുന്ന കാമധേനു. അത്ഭുതശക്തികള്‍ നിറഞ്ഞ ഒരു ദേവിയാണ് പോലും സുരഭി അഥവാ കാമധേനു ദക്ഷന്റെ പുത്രിയാണെന്നും, കശ്യപന്റെ ഭാര്യയാണെന്നും ,കശ്യപന്റെ പുത്രിയാണെന്നും ഇങ്ങനെ ബഹുവിധത്തില്‍  പുരാണങ്ങളില്‍ വര്‍ണിച്ചു കാണുന്നു. ഭക്ഷപ്രജാപതിയുടെ പുത്രിമാരായ അദിതി, ദിതി, ദനു, കാളിക, താമ്ര, ക്രോധവശ, മനു, അനഘ എന്നിവരെ ബ്രഹ്മാവിന്റെ പൗത്രനും, മരീചിയുടെ പുത്രനുമായ കശ്യപന്‍ വിവാഹം കഴിച്ചതായി വാത്മീക രാമായണത്തില്‍ കാണാം. കശ്യപനു ദക്ഷപുത്രിയായ ക്രോധാവശയില്‍ ജനിച്ചതാണ് സുരഭി അഥവാ കാമധേനു. ഈ സുരഭിക്കു രോഹിണി, ഗാന്ധര്‍വ്വീ എന്നീ രണ്ടു പുത്രിമാര്‍  ജനിച്ചതായും ഈ രോഹിണിയില്‍ നിന്നും ഇന്നു ഭൂമിയില്‍ കാണപ്പെടുന്ന പശുക്കളും, ഗാന്ധര്‍വിയില്‍ നിന്നു കുതിരകളും ഉത്ഭവിച്ചുവെന്നുമാണ് വാത്മീകരാമായണം ആരണ്യകാണ്ഡം 14-ാം സര്‍ഗത്തില്‍  നമ്മള്‍ വായിക്കുന്നത്. പശുവധം നിരോധിച്ചിട്ടുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ അലഞ്ഞു നടക്കുന്ന ചാവാലി പശുക്കളുടെ വംശാവലി ഇങ്ങനെയൊക്കെയാണെന്നുള്ള കഥകള്‍ ഉപ്പു ചേര്‍ക്കാതെ വിഴുങ്ങുന്ന നിരക്ഷര ഗ്രാമീണര്‍ പശുവിന്റെ പ്രഷ്ടഭാഗത്തു പോലും ആദരവു പ്രകടിപ്പിക്കുന്നെങ്കില്‍ അവരെ എങ്ങനെ കുറ്റപ്പെടുത്താനാകും?

ഒരു വളര്‍ത്തുമൃഗമായ പശു ഇങ്ങനെ ദേവതയാക്കപ്പെട്ടത് വഴി പലരുടേയും സ്ഥാപിത താത്പര്യങ്ങള്‍ ഇന്നെന്ന പോലെ അന്നും സംരക്ഷിക്കപ്പെട്ടിട്ടുണ്ടാകും. വേറെയും കഥകള്‍ ഇതെപ്പറ്റിയുണ്ട്. പണ്ടൊരിക്കല്‍ കശ്യപന്റെ ഭാര്യയായ അതിദി മഹാവിഷ്ണുവിനെ ഗര്‍ഭം ധരിച്ചു. ഗര്‍ഭിണിയായ അതിദി ഗര്‍ഭരക്ഷക്കുവേണ്ടി നിത്യവും ഒറ്റക്കാലില്‍ നിന്നു കൊണ്ട് യോഗപരായണയായി പതിനായിരം വര്‍ഷം സ്രഷ്ടാവിനെ ധ്യാനിച്ചു. സന്തുഷ്ടരായ ദേവന്മാര്‍ ബ്രഹ്മാവിനെ കൂട്ടികൊണ്ട് സുരഭി എന്ന പശുമാതാവിന്റെ അടുക്കല്‍ വന്നു. ബ്രഹ്മാവ് സുരഭിയെ ഒരു ദേവതയാക്കി. ആ ദേവിയുടെ സ്ഥാനം സ്വര്‍ഗം ഭൂമി പാതാളം ഇവക്കെല്ലാം മീതെ ആക്കി. നിന്റെ വംശത്തില്‍ പിറക്കുന്ന പശുക്കളത്രയും, എന്നാളും പൂജിക്കപ്പെടും എന്നനുഗ്രഹിച്ചു.  ഇതോടെ സുരഭി അത്ഭുത ശക്തികള്‍ പ്രകടിപ്പിക്കുന്ന ഒരു ദേവിയായി തീര്‍ന്നു. (മഹാഭാരതം അനുശാസന പര്‍വ്വം  83-ാം അധ്യായം) പാലാഴികടഞ്ഞപ്പോള്‍ കിട്ടിയ പല വിശിഷ്ട വസ്തുക്കളില്‍ പരമ പ്രധാനമായ അമൃത് ,കാമധേനു ഇവയെ സഹപ്രവര്‍ത്തകരായ അസുരന്മാരുടെ കണ്ണ് വെട്ടിച്ചു ദേവേന്ദ്രന്‍ കടത്തികൊണ്ടുപോയി എന്നാണ് മറ്റൊരു പശു പുരാണം(മഹാഭാരതം ആദിപര്‍വം 18)

വിശ്വാമിത്ര മഹര്‍ഷി വസിഷ്ഠാശ്രമത്തില്‍ നിന്നും കാമദേനുവിനെ അപഹരിച്ചുകൊണ്ടുപോയ മറ്റൊരു കഥയുണ്ട്. വിശ്വാമിത്രന്‍ രാജാവായിരുന്ന അവസരത്തില്‍ ഒരിക്കല്‍ നായാട്ടിന് പോയി. മൃഗയാവിവശനായി അദ്ദേഹം അനുചരന്മാരോട് കൂടി വസിഷ്ഠാശ്രമത്തില്‍ ചെന്നു ചേര്‍ന്നു. വസിഷ്ഠന്‍ കാമധേനുവിനെ വിളിച്ച് വിശ്വാമിത്രനും അനുചരന്മാര്‍ക്കും ആഹാരം കൊടുക്കാന്‍ ആജ്ഞാപിച്ചു. കാമധേനു സ്വന്തം ശക്തികൊണ്ട് പെട്ടെന്ന് ചോറും കറിയും പായസവും പപ്പടവും പഴവും ഒക്കെ ഉണ്ടാക്കി. വസിഷ്ഠാശ്രമത്തിലെ അതിഥികളെ സത്കരിച്ചു. ഈ അത്ഭുതകൃത്യം കണ്ട വിശ്വാമിത്രന്‍ കാമധേനുവിനെ സ്വന്തമാക്കാന്‍ മോഹിച്ചു. വിശിഷ്ട വസ്തുക്കള്‍ അത് പദാര്‍ഥമാകട്ടെ, മനുഷ്യരാകട്ടെ, മൃഗമാകട്ടെ എന്തായാലും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നല്ലോ അക്കാലത്തെ രാജാക്കന്മാരും ഋഷിവര്യന്മാരും. ആ നിലക്ക് വിശ്വാമിത്രനിങ്ങനെ ഒരു മോഹം ഉണ്ടായതിനെ എങ്ങനെ കുറ്റം പറയാന്‍ കഴിയും. കാമധേനു എന്ന ഒറ്റ പശുവിന് പകരം എത്രകോടി പശുക്കളെ വേണമെങ്കിലും വസിഷ്ഠന് നല്‍കാന്‍ വിശ്വാമിത്രന്‍ ഒരുക്കമായിരുന്നു. എന്നാല്‍, രാജര്‍ഷിയുടെ (ക്ഷത്രിയന്‍) ആവശ്യം വസിഷ്ഠന്‍ എന്ന ബ്രഹ്മര്‍ഷി(ബ്രാഹ്മണന്‍) നിരസിച്ചു. ഒടുവില്‍ ബലം പ്രയോഗിച്ചു തന്നെ വിശ്വാമിത്രന്‍ പശുവിനെ പിടിച്ചുകെട്ടി വീട്ടില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചു. പെട്ടെന്ന് ആ അത്ഭുതപശു ഒരു സിംഹമായി മാറി. സംഹാരരൂപിണിയായ ആ പശുമാതാവിന്റെ അംഗപ്രത്യംഗങ്ങളില്‍ നിന്ന് വിവിധ തരത്തിലുള്ള യോദ്ധാക്കള്‍ ആവിര്‍ഭവിച്ചു. വിശ്വാമിത്രന്റെ ആജ്ഞ പ്രകാരം അദ്ദേഹത്തിന്റെ സൈന്യം ഈ യോദ്ധാക്കളെ നേരിട്ടു. ബ്രഹ്മതേജസ്സിന്റെ മുമ്പില്‍ ക്ഷത്രിയ തേജസ്സ് തോറ്റു മുട്ടുമടക്കി. ഇതോടെ വിശ്വാമിത്രന്‍ രാജ്യഭരണം എന്ന ജോലി മതിയാക്കി തപസ്സുചെയ്യാന്‍ പുറപ്പെട്ടു. അങ്ങനെ ആദ്യമായി ഇന്ത്യക്കാര്‍ക്കൊരു രാജര്‍ഷിയെ കിട്ടി. (വാത്മീകി രാമായണം ബാലകാണ്ഡം 52-ാം സര്‍ഗ്ഗം മ.ഭാ. ശല്യപര്‍വം 40-ാം അധ്യായം.)

ഇത്തരം കഥകളിലെ പശു വെറും പശുവല്ലെന്നും പക്ഷികള്‍ വെറും പക്ഷികളല്ലെന്നും ഒക്കെ തിരിച്ചറിയാന്‍ മാത്രം വിവേകമുള്ളവരുടെ കൂട്ടത്തിലാണ് ഈ ലേഖകന്‍ ഉള്‍പ്പെടുന്നത്. സിറാജിന്റെ വായനക്കാരും അതിനുപ്രാപ്തിയുള്ളവരാണ്. ഈ കഥകളെയോ, കഥാപാത്രങ്ങളെയോ, ഇവയെഴുതി ഉണ്ടാക്കിയ കവിശ്രേഷ്ഠരെയോ അവഹേളിക്കുക എന്ന ലക്ഷ്യം ലേഖകന് തീരെയില്ല. ശ്രുതികളും സ്മൃതികളും വേദങ്ങളും ഉപനിഷത്തുകളും വഴി സംവേദനം ചെയ്യപ്പെട്ട ഗഹനമായ ആധ്യാത്മീക തത്വങ്ങള്‍ സാമാന്യ ജനങ്ങളുടെ തലയില്‍ വേരുപിടിക്കുന്നില്ലെന്ന് മനസ്സിലാക്കിയ കവിപുംഗവന്‍മാരുടെ  രചനാ വൈഭവമാണ് കഥാരൂപത്തിലുള്ള പുരാണാഖ്യാനങ്ങള്‍. പശുവും പക്ഷിയും ഒക്കെ ഇവിടെ ഉപനിഷത്ത് തത്വങ്ങളുടെ പ്രതീകങ്ങളാണ്. അവയെ അത്തരത്തില്‍ മനസ്സിലാക്കാതെ അവയെ അക്ഷരാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് മൂഢന്മാരെ മൂഢന്മാര്‍ നയിക്കുന്ന വര്‍ണാശ്രമധര്‍മ്മത്തിന്റെ  അലസമായ ആനന്ദാനുഭവങ്ങളെ പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ തുറന്ന് കാട്ടാന്‍ ഇതുപോലുള്ള പുരാണേതിഹാസങ്ങളെ പ്രയോജനപ്പെടുത്താനാണ് ആധുനിക സാഹിത്യകാരന്മാര്‍ ശ്രമിക്കുന്നത്. ഇതുകണ്ട് വെകളിപിടിച്ച ഒരു ദുര്‍ബല നേതൃത്വമാണ് സഹജീവികള്‍ക്കിഷ്ട ഭക്ഷണം നിഷേധിക്കുകയും വിയോജിക്കുന്നവര്‍ക്കെതിരെ കൊലവിളി നടത്തുകയുമൊക്കെ ചെയ്യുന്നത്. ഇതിനൊക്കെ കൂട്ടു നില്‍ക്കുന്ന ഭരണകൂടങ്ങള്‍ക്ക് പരിഷ്‌കൃതമെന്ന വിശേഷണം തീര്‍ത്തും അന്യമാണ്.