ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടങ്ങി; ബേങ്ക് അക്കൗണ്ട് മരവിപ്പിക്കും

Posted on: July 12, 2017 1:30 pm | Last updated: July 12, 2017 at 1:30 pm

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പിടിയിലായ നടന്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം.

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ദിലീപ് നടത്തിയ വിദേശ സ്‌റ്റേജ് ഷോകള്‍, വന്‍കിട റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍, ദിലീപ് നിര്‍മിച്ച സിനിമകള്‍, കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ പങ്കാളിയാണെന്ന് കരുതുന്ന ദുബായ് മനുഷ്യക്കടത്ത് എന്നിവയെക്കുറിച്ചും അന്വേഷണം നടത്തും.
ഇതിന്റെ ഭാഗമായി ദിലീപിന്റെ സ്വത്തുക്കളും ബേങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും.

മലയാള സിനിമ രംഗത്തെ ദിലീപിന്റെ ബിനാമി ഇടപാടുകളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ദിലീപ് വന്‍ തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായും വിവരങ്ങളുണ്ട്.