Kerala
ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്റ്റഡി അപേക്ഷ പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദിലീപിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. ദിലീപിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് തീരുമാനമെടുക്കും. അഡ്വ. രാംകുമാറാണ് ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്.
മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാല്‍ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം. ഗൂഢാലോചന, കൂട്ടബലാത്സംഗ ശ്രമം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ ഒമ്പത് കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്. ദിലീപിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് ഇന്നലെ രാവിലെ ഏഴോടെ അങ്കമാലിക്കടുത്ത് മജിസ്ട്രേറ്റിന്റെ വസതിയിലാണ് ദിലീപിനെ ഹാജരാക്കിയത്. ജയിലില്‍ പ്രത്യേക സെല്‍ വേണമെന്ന് ദിലീപിന് വേണ്ടി ഹാജരായ അഡ്വ. രാംകുമാര്‍ ആവശ്യപെട്ടുവെങ്കിലും ഇത് ജയില്‍ അധികൃതരാണ് തീരുമാനിക്കേണ്ടതെന്ന് പോലീസ് വ്യക്തമാക്കി. നിലവില്‍ കേസില്‍ 11-ാം പ്രതിയാണ് ദിലീപ്. പള്‍സര്‍ സുനി എന്ന സുനില്‍ കുമാറാണ് ഒന്നാം പ്രതി.