വിശുദ്ധ വചനങ്ങള്‍ ആലേഖനം ചെയ്ത പാദരക്ഷകളുടെ ഓണ്‍ലൈന്‍

Posted on: July 11, 2017 10:50 pm | Last updated: July 11, 2017 at 10:50 pm

വിപണനം; അന്വേഷിക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: ദൈവങ്ങളുടെ ചിത്രങ്ങളും വിശുദ്ധഗ്രന്ഥങ്ങളിലെ വചനങ്ങളും ആലേഖനം ചെയ്ത പാദരക്ഷകള്‍ ഓണ്‍ലൈനായി വില്‍ക്കുന്നുവെന്ന ആരോപണത്തെ കുറിച്ച് അനേ്വഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

ഐ ടി ആക്റ്റിലെ 153, 153 എ, വകുപ്പുകളുടെയും ഐ പി സി 295 എ വകുപ്പിന്റെയും അടിസ്ഥാനത്തിലുള്ള നിയമലംഘനങ്ങളാണ് ഓണ്‍ലൈന്‍ രംഗത്ത് നടക്കുന്നതെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി മോഹനദാസ് ചൂണ്ടിക്കാണിച്ചു. കെയ്ഫ്പ്രസ് ഐറ്റമായാണ് പാദരക്ഷകള്‍ വില്‍ക്കുന്നതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. യു എസ് ഡോളര്‍ എന്ന നിലയിലാണ് വില രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് പിന്നില്‍ അന്തര്‍ദേശീയ തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യവും അനേ്വഷിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

നേരത്തെ ഇന്ത്യയുടെ ദേശിയ പതാകയുടെ മാതൃക ആലേഖനം ചെയ്ത ചവിട്ടികള്‍ ഇത്തരത്തില്‍ ഓണ്‍ലൈനായി വില്‍ക്കാന്‍ നടത്തിയ ശ്രമം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നതായി കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. പാദരക്ഷകളില്‍ ദൈവങ്ങളുടെ ചിത്രങ്ങളും ദൈവസൂക്തങ്ങളും ഉപയോഗിക്കുന്നത് രാജ്യത്തിന്റെ സമാധാനവും സാഹോദര്യവും തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി കമ്മീഷന്‍ നിരീക്ഷിച്ചു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആമസോണ്‍ ഇന്ത്യ എന്ന ബഹുരാഷ്ട്ര കമ്പനിയാണ് വിപണനത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.
സൈബര്‍ ക്രൈം സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ഉയര്‍ന്ന ഉദേ്യാഗസ്ഥനെ നിയോഗിച്ച് അനേ്വഷണം നടത്താന്‍ കമ്മീഷന്‍ ഡി ജി പിക്ക് നിര്‍ദേശം നല്‍കി. രണ്ട് മാസത്തിനകം ഡി ജി പി വിശദീകരണം സമര്‍പ്പിക്കണം.