സ്വയം ഓടിച്ചു പോകാവുന്ന മെട്രോ ബൈക്കുകള്‍ വരുന്നു

Posted on: July 10, 2017 11:45 pm | Last updated: July 10, 2017 at 11:46 pm

ബെംഗളൂരു: ഒന്നാം ഘട്ട മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായിട്ടും പ്രതീക്ഷിച്ചത്ര യാത്രക്കൊരെ ലഭിക്കാത്ത പശ്ചാത്തലത്തില്‍ നമ്മ മെട്രോ യാത്രക്കാരെ തേടി പുതിയ പരീക്ഷണങ്ങള്‍ക്കൊരുങ്ങുന്നു.

മെട്രോയില്‍ വന്നിറങ്ങുന്നവരെ കാത്ത് വാടകക്ക് നല്‍കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളും കാറുകളുമെല്ലാം പുതിയ പരീക്ഷണത്തിന്റെ ഭാഗമായി ഓരോ മെട്രോ സ്‌റ്റേഷനിലും ഭാവിയില്‍ ഉണ്ടാകും. ആവശ്യക്കാര്‍ക്ക് വാഹനം സ്വയമെടുത്ത് യാത്ര ചെയ്യാം. ഓരോ കിലോമീറ്റര്‍ പരിധിയിലും ബി എം ആര്‍ സി എല്‍ നിര്‍ദേശിക്കുന്ന പാര്‍ക്കിംഗ് പോയിന്റുകളിലേക്ക് വാഹനം എത്തിച്ചാല്‍ മതിയാവും.
നിലവില്‍ നഗരത്തിന്റെ എല്ലാ ഭാഗത്തേക്കും മെട്രോ സര്‍വീസ് ഇല്ലാത്തതിനാലും മെട്രോയില്‍ നിന്നിറങ്ങിയ ശേഷം കാബിലും ബസിലുമെല്ലാമായി യാത്ര ചെയ്യേണ്ടതിനാലും പലരും മെട്രോ ട്രെയിന്‍ ഒഴിവാക്കി ബൈക്കിലും കാറിലുമായി യാത്ര ചെയ്യുകയാണ്. ഇത്തരം യാത്രക്കാരെ കൂടി മെട്രോയുടെ ഭാഗമാക്കുന്നതിനാണ് സ്വയം ഓടിച്ചു പോകുന്നതിനുള്ള ബൈക്കും കാറും ബി എം ആര്‍ സി എല്‍ നല്‍കുന്നത്.
തുടക്കത്തില്‍ 100 ഇലക്ടിക് സ്‌കൂട്ടറുകളാണ് ഈ പദ്ധതി പ്രകാരം വരാനിരിക്കുന്നത്. ഇവ പൂര്‍ണമായും ജി പി എസ് സംവിധാനം മുഖേനെ ബന്ധിപ്പിക്കും. സ്‌കൂട്ടര്‍ യാത്രക്കാര്‍ കിലോമീറ്ററിന് ഏകദേശം അഞ്ച് രൂപ മുടക്കിയാലും മതിയാവും. ഈ ശൃംഖലയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആമസോണ്‍, ചായ്‌പോയിന്റ് എന്നിവയുമായും ബി എം ആര്‍ സി എല്‍ കൈകോര്‍ക്കും.
ഇതേമാതൃകയില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യമൊരുക്കി കാറും രംഗത്തിറക്കാന്‍ ബി എം ആര്‍ സി എല്‍ ആലോചിക്കുന്നുണ്ട്.
നിലവില്‍ മൂന്ന് ലക്ഷത്തോളം യാത്രക്കാരാണ് മെട്രോയില്‍ യാത്ര ചെയ്യുന്നത്. എന്നാല്‍, ബി എം ആര്‍ സി എല്ലിന്റെ പ്രതീക്ഷയനുസരിച്ച് അഞ്ച് ലക്ഷം പേര്‍ മെട്രോ മുഖേനെ യാത്ര ചെയ്യേണ്ടതുണ്ട്.
എന്നാല്‍, മാത്രമേ വേണ്ടത്ര വരുമാനം ലഭിക്കുകയുള്ളൂവെന്നതിന് പുറമെ, നഗരത്തിലെ ഗതാഗതക്കുരുക്കിന് നല്ലൊരു പരിഹാരമുണ്ടാക്കുവാനും കഴിയുകയുള്ളൂ.