ഇസില്‍മുക്ത മൊസൂളില്‍ ഇറാഖ് പ്രധാനമന്ത്രി

Posted on: July 10, 2017 1:20 am | Last updated: July 10, 2017 at 12:21 am
മൊസൂളിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന സൈനിക മേധാവി

ബഗ്ദാദ്: മാസങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെ ഇസില്‍ ഭീകരരെ തുരത്തിയ മൊസൂളില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയെത്തി. ഇറാഖിലെ അവസാന ഇസില്‍ ശക്തി പ്രദേശമായ മൊസൂളിലെത്തിയ അബാദി സൈനിക മേധാവികളെ അഭിനന്ദിച്ചു. ഈ മഹത്തായ വിജയത്തിനായി പ്രയത്‌നിച്ച മുഴുവന്‍ സൈനികരും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഈ സന്തോഷത്തില്‍ ഇറാഖിലെ മുഴുവന്‍ ഇറാഖി പൗരന്മാരെയും അഭിനന്ദിക്കുന്നുവെന്നും അബാദി വ്യക്തമാക്കി.

മൊസൂളിലെ സൈനിക വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് അബാദി ഇവിടെയെത്തിയത്. യു എസ് സൈന്യത്തിന്റെ പിന്തുണയോടെ കഴിഞ്ഞ ഒക്ടോബര്‍ 17ന് ആരംഭിച്ച സൈനിക മുന്നേറ്റം വിജയകരമായി പര്യവസാനിച്ചതായി സൈനിക വക്താക്കള്‍ അറിയിച്ചു. ഇസില്‍ തീവ്രവാദികളെ തുരത്തിയ മൊസൂളിലെ തെരുവോരങ്ങളില്‍ ഇറാഖ് സൈനികര്‍ ദേശീയ പതാക ഉയര്‍ത്തി. പ്രധാന സ്ഥലങ്ങളില്‍ ഉയര്‍ത്തിയ ഇസിലിന്റെ കൊടികള്‍ സൈനികര്‍ കീറിയെടുത്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി മൊസൂളില്‍ ആധിപത്യം സ്ഥാപിച്ച ഇസില്‍ ഭീകരരെ കഠിന പ്രയത്‌നത്തിനൊടുവിലാണ് തുരത്തിയത്. സൈനിക കേന്ദ്രങ്ങളും സര്‍ക്കാര്‍ മന്ദിരങ്ങളും ഇസില്‍ പിടിച്ചെടുത്തിരുന്നു. മുസ്‌ലിംകളുടെ ആരാധനാലയങ്ങളും പുണ്യസ്ഥലങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ചരിത്ര പ്രസിദ്ധമായ പശ്ചിമ മൊസൂളിലെ അന്നൂരി മസ്ജിദ് ഇസില്‍ തകര്‍ത്തതായി സൈനിക വക്താക്കള്‍ വെളിപ്പെടുത്തിയിരുന്നു.
ഇസില്‍ തീവ്രവാദികളുടെ ശക്തി പ്രദേശങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ടെങ്കിലും സ്‌ഫോടനങ്ങളും ചാവേര്‍ ആക്രമണങ്ങളും വ്യാപിക്കുമെന്നും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സൈനികര്‍ക്കും സാധാരണക്കാര്‍ക്കും നേരെ ആക്രമണങ്ങള്‍ വ്യാപിച്ചേക്കും.

ഇസില്‍ ഭീകരരുടെ ആക്രമണത്തിലും സൈനിക ഏറ്റുമുട്ടലിനിടെയും തകര്‍ന്ന മൊസൂള്‍ നഗരം പൂര്‍വസ്ഥിതിയിലാക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഇറാഖ് സര്‍ക്കാറിന് മുന്നിലുള്ളത്. മൊസൂളില്‍ നിന്ന് പലായനം ചെയ്തവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമവും സജീവമായി നടക്കുന്നുണ്ട്. ലക്ഷക്കണക്കിന് പൗരന്മാരാണ് മൊസൂളില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പലായനം ചെയ്തത്. 2014ലാണ് മൊസൂളിനെ ഇസില്‍ ഭരണപ്രദേശമായി അബൂബക്കര്‍ ബഗ്ദാദി പ്രഖ്യാപിക്കുന്നത്. സിറിയയില്‍ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെയാണ് ഇറാഖ്, സിറിയ മേഖലകളില്‍ ഇസില്‍ സ്വാധീനം ശക്തമാകുന്നത്. വികലമായ വിശ്വാസം പ്രചരിപ്പിച്ചും അതിക്രൂരമായ ആക്രമണങ്ങള്‍ നടത്തിയുമാണ് ഇസില്‍ ഇവിടെ സജീവമായിരുന്നത്.