കാളകളെ വാങ്ങാന്‍ പണമില്ല; കര്‍ഷകന്‍ പെണ്‍മക്കളെ ഉപയോഗിച്ച് നിലമുഴുതു

Posted on: July 10, 2017 8:40 am | Last updated: July 10, 2017 at 12:08 am

സെഹോര്‍: സാമ്പത്തിക പ്രതിസന്ധി മൂലം മധ്യപ്രദേശില്‍ കാളകള്‍ക്ക് പകരം കര്‍ഷകന്‍ സ്വന്തം പെണ്‍മക്കളെ ഉപയോഗിച്ച് നിലമുഴുതു.
കൃഷിയിടമുഴുന്നതിനായി കാളകളെ വാങ്ങാന്‍ പണമില്ലാത്തത് മൂലം സെഹോറിലെ ബസന്ത്പുര്‍ പാന്‍ഗ്രി ഗ്രാമത്തിലെ കര്‍ഷകനായ സര്‍ദാര്‍ കാഹ്ലയാണ് മക്കളായ രാധിക (14), കുന്തി (11) എന്നിവരെ ഉപയോഗിച്ച് നിലമുഴുതത്. കാര്‍ഷികാവശ്യത്തിനായി കാളകളെ വാങ്ങുന്നതിനോ വളര്‍ത്തുന്നതിനോ ഉള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് സര്‍ദാര്‍ കാഹ്ല പറയുന്നു.

ദാരിദ്ര്യം മൂലമാണ് രണ്ട് കുട്ടികളുടെയും പഠനം നിര്‍ത്തേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് സര്‍ദാര്‍ കാഹ്ലയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സഹായം അനുവദിക്കുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചിട്ടുണ്ട്.