ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കിരീടം

Posted on: July 9, 2017 9:15 pm | Last updated: July 10, 2017 at 10:27 am

ഭുവനേശ്വര്‍: ചൈനയുടെ ആധിപത്യത്തിന് അന്ത്യംകുറിച്ച് ഇന്ത്യ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ന്മാരായപ്പോള്‍ പുതുയുഗപ്പിറവിക്കാണ് ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയം സാക്ഷിയായത്. അവസാനദിനം മാത്രം അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും സ്വന്തമാക്കിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.
ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ നേട്ടമെന്ന് ഇതിനെ വിശേഷിപ്പിക്കാം. മൂന്നാം ദിവസം നല്‍കിയ നിരാശ വിട്ടൊഴിയുന്നില്ലെന്ന് തോന്നിപ്പിക്കുന്നതായുന്നു അവസാന ദിവസം ഇന്ത്യയുടെ തുടക്കം. 200 മീറ്ററില്‍ പ്രതീക്ഷയായിരുന്ന ദ്യുതി ചന്ദും ശ്രബാനി നന്ദയും നിരാശപ്പെടുത്തി. എന്നാല്‍ ജി. ലക്ഷ്മണനും സ്വപ്‌ന ബര്‍മനും നീരജ് ചോപ്രയും പുരുഷ വനിതാ റിലേ ടീമും ഉജ്ജ്വലപ്രകടനത്തിലൂടെ രാജ്യത്തിന്റെ അഭിമാനമായി.

മിന്നും താരമായി നീരജ് ചോപ്ര

പുരുഷ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ മിന്നും താരമായ നീരജ് ചോപ്ര റെക്കോര്‍ഡ് തിളക്കത്തോടെയാണ് സ്വര്‍ണം നേടിയത്. 85.23 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്. ചാംപ്യന്‍ഷിപ്പിലെ റെക്കോഡാണിത്. തന്റെ അവസാന ശ്രമത്തിലായിരുന്നു നീരജിന്റെ നേട്ടം. 2011ലെ കോബെ ചാംപ്യന്‍ഷിപ്പില്‍
ജപ്പാന്റെ യുകിഫുമി മുരകാമി സ്ഥാപിച്ച 83.27 മീറ്ററിന്റെ റെക്കോര്‍ഡാണ് നീരജ് പഴങ്കഥയാക്കിയത്. 83.70 മീറ്റര്‍ എറിഞ്ഞ് വെള്ളി നേടിയ ഖത്വറിന്റെ അഹ്മദ്, 83.29 മീറ്റര്‍ എറിഞ്ഞ് വെങ്കലം നേടിയ ഇന്ത്യയുടെ ദേവീന്ദര്‍ സിങും നിലവിലെ റെക്കോഡ് മറികടന്നു.

പുരുഷ വനിതാ 4-400 മീറ്റര്‍ റിലേയിലും ഇന്ത്യ സ്വര്‍ണം നേടി. പുരുഷ വിഭാഗത്തില്‍ കുഞ്ഞുമുഹമ്മദ്, അമോജ് ജേക്കബ്, മുഹമ്മദ് അനസ്, ആരോക്യ രാജീവ് എന്നിവരടങ്ങിയ ടീം 3.02.92 സെക്കന്‍ഡിലാണ് സ്വര്‍ണം നേടിയത്. മൂന്നും നാലും ലാപ്പിലോടിയ അനസിന്റെയും ആരോക്യയുടെയും സ്പ്രിന്റാണ് ഇന്ത്യന്‍ കുതിപ്പിന് കരുത്തുപകര്‍ന്നത്. ശ്രീലങ്ക വെള്ളിയും തായ്‌ലന്‍ഡ് വെങ്കലവും നേടി.

റിലേയില്‍ ഇരട്ട സ്വര്‍ണം

വനിതാ റിലേയില്‍ 3.31.34 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. ഇന്ത്യക്കായി ദേബശ്രീ മജുംദാര്‍, എംആര്‍. പൂവമ്മ, ജിസ്‌ന മാത്യു, നിര്‍മല എന്നിവരാണ് ട്രാക്കിലിറങ്ങിയത്. ആദ്യ ലാപ്പിലോടിയ ദേബശ്രീ രണ്ടാം ലാപ്പില്‍ പൂവമ്മക്ക് ബാറ്റണ്‍ കൈമാറുമ്പോള്‍ ഇന്ത്യ പിന്നിലായിരുന്നു. പിന്നീടാണ് വമ്പന്‍ കുതിപ്പായിരുന്നു ഇന്ത്യയുടേത്. പൂവമ്മ രണ്ടാമതായി ജിസ്‌നക്ക് ബാറ്റണ്‍ കൈമാറി. മൂന്നാം ലാപ്പില്‍ ജിസ്‌നയുടെ കുതിപ്പാണ് ഇന്ത്യയെ ഒന്നാമതെത്തിച്ചത്. നാലാം ലാപ്പില്‍ നിര്‍മ്മലക്ക് ബാറ്റണ്‍ കൈമാറുമ്പോള്‍ അല്‍പം വൈകി. എങ്കിലും മനോധൈര്യം കൈവിടാതെ കുതിച്ച നിര്‍മല അനായാസ സ്പ്രിന്റിലൂടെ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചു. വിയറ്റ്‌നാം വെള്ളിയും ജപ്പാന്‍ വെങ്കലവും നേടി.

200ല്‍ ഇന്ത്യക്ക് നിരാശ;
സിബ്കിനക്ക് ഇരട്ട സ്വര്‍ണം

അവസാന ദിനമായ ഇന്നലെ വനിതകളുടെ 200 മീറ്ററിലും ഒന്നാം സ്ഥാനം നേടി കസാഖിസ്ഥാന്റെ വിക്‌റ്റോറിയ സിബ്കിനക്ക് ചാംപ്യന്‍പ്പിലെ സ്പ്രിന്റ് ഡബിളിന് ഉടമയായി. 23.10 സെക്കന്‍ഡിലാണ് താരം ഓടിയെത്തിയത്. ശ്രീലങ്കയുടെ രുമേഷിക കുമാരി 23.43 സെക്കന്‍ഡില്‍ വെള്ളിയും കസാഖിസ്ഥാന്റെ ഓള്‍ഗ സഫ്രോനോവ 23.47 സെക്കന്‍ഡില്‍ വെങ്കലവും നേടി. കസാഖിസ്ഥാനിലെ അല്‍മാട്ടിയില്‍ ജനിച്ച സിബ്കിന ഈയിനത്തില്‍ ഹാട്രിക്കാണ് ഇത്തവണ തികച്ചത്. 2013ലെ പൂനെ, 2015ലെ വുഹാന്‍ ചാംപ്യന്‍ഷിപ്പുുകളിലായിരുന്നു മുന്‍പ് 200 മീറ്ററില്‍ പൊന്നണിഞ്ഞത്.
2015ലെ ലോക യൂണിവേഴ്‌സ്യാഡിലും സിബ്കിനക്കായിരുന്നു സ്വര്‍ണം. ഇന്ത്യയുടെ ഒഡീഷ്യന്‍ താരങ്ങളായ ശ്രബാനി നന്ദയും ദ്യുതി ചന്ദും നിരാശപ്പെടുത്തി. 23.59 സെക്കന്‍ഡില്‍ 100 മീറ്ററിലെ വെങ്കല ജേതാവ് ദ്യുതി നാലാമതെത്തിയപ്പോള്‍ 23.67 സെക്കന്‍ഡില്‍ ശ്രബാനി നന്ദ അഞ്ചാമത്.
പുരുഷ വിഭാഗത്തില്‍ നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍ ഫെമി ഒഗുനൊഡെയെ ആവേശപ്പോരിനൊടുവില്‍ അട്ടിമറിച്ച് ചൈനീസ് തായ്‌പേയിയുടെ യാങ് ചുന്‍ ഹാന്‍ സ്വര്‍ണം നേടി. 20.76 സെക്കന്‍ഡില്‍ ഓടിയെത്തിയ കൊറിയയുടെ പാര്‍ക് ബോങ്‌ഗോ വെള്ളിയും സ്വന്തമാക്കിയപ്പോള്‍ നിലവിലെ ചാമ്പ്യന്‍ ഖത്തറിന്റെ ഫെമി ഒഗുനൊഡെ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു. 20.79 സെക്കന്‍ഡിലാണ് ഫെമി ഫിനിഷ് ലൈന്‍ കടന്നത്. ഇന്ത്യയുടെ അമിയകുമാര്‍ മല്ലിക് 21.03 ഏഴാമതായാണ് ഫിനിഷ് ലൈന്‍ കടന്നത്.

ഹെപ്റ്റാത്തലണില്‍ സ്വപ്‌ന

ഇന്ത്യയുടെ ഒന്‍പതാം സ്വര്‍ണം ഹെപ്റ്റാത്തലണിലൂടെ സ്വപ്‌ന ബര്‍മനാണ് കൂട്ടിച്ചേര്‍ത്തത്. 5942 പോയിന്റോടെയായിരുന്നു സ്വപ്‌നയുടെ നേട്ടം. രണ്ടാം സ്ഥാനത്തുള്ള ജപ്പാന്റെ മെഗ് ഹെംഫി (5883)ലിനേക്കാള്‍ 49 പോയിന്റാണ് ബംഗാളുകാരി അധികം നേടിയത്.

ഈയിനത്തില്‍ ഇന്ത്യയുടെ തന്നെ പൂര്‍ണിമ ഹെംബ്‌റാ 5798 പോയിന്റുമായി വെങ്കലം നേടി. ഏഴ് ഹെപ്റ്റായിനങ്ങളില്‍ ഹൈജംപിലും ജാവലിന്‍ ത്രോയിലും ഒന്നാമതെത്തിയ പ്രകടനമാണ് സ്വപ്‌നയെ സ്വര്‍ണത്തിലേക്കു നയിച്ചത്. ഇന്നലെ അവസാനയിനമായ 800 മീറ്ററില്‍ നാലാമതെത്താനും സ്വപ്‌നക്കായി. കഴിഞ്ഞ തവണ വുഹാനിലും പൂര്‍ണിമ വെങ്കലം നേടിയിരുന്നു. അന്നു നേടിയ 5511 പോയിന്റ് ഇക്കുറി മെച്ചപ്പെടുത്താനും ഇന്ത്യന്‍ താരത്തിനായി. അതേസമയം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന കഴിഞ്ഞ തവണത്തെ വെള്ളി മെഡല്‍ ജേതാവ് മലയാളി താരം ലിക്‌സി ജോസഫ് നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
5633 പോയിന്റു മാത്രമേ ലിക്‌സിക്കു നേടാനായുള്ളു. വുഹാനില്‍ നേടിയ 5553 പോയിന്റ് മെച്ചപ്പെടുത്തിയെങ്കിലും മെഡല്‍പ്പട്ടികയില്‍ ഇടംപിടിക്കാന്‍ അതു മതിയായിരുന്നില്ല.

ദാരിയ മസ്ലോവയും ഡബിളടിച്ചു

വനിതകളുടെ 10000 മീറ്ററില്‍ പൊന്നണിഞ്ഞ് കിര്‍ഗിസ്ഥാന്റെ ദാരിയ മസ്ലോവയും ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍ തികച്ചു. ഇന്നലെ 32 മിനിറ്റ് 21.21 സക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മസ്ലോവ പൊന്നണിഞ്ഞത്. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം 5000 മീറ്ററിലും മസ്ലോവ സ്വര്‍ണ്ണം നേടിയിരുന്നു.
10000 മീറ്ററില്‍ ജപ്പാന്റെ യുക ഹോരി 32 മിനിറ്റ് 23.26 സെക്കന്‍ഡില്‍ ഓടിയെത്തി വെള്ളിയും ജപ്പാന്റെ തന്നെ മിസുകി മറ്റ്‌സുഡ 32 മിനിറ്റ് 46.61 സെക്കന്റില്‍ വെങ്കലവും കരസ്ഥമാക്കി. ഇന്ത്യന്‍ താരങ്ങളായ എല്‍. സൂര്യ, സഞ്ജീവനി ജാദവ്, മീനു എന്നിവര്‍ 4, 5, 7 സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.