സംസ്ഥാനത്ത് നാല് നിര്‍ഭയ ഷെല്‍ട്ടര്‍ കൂടി

Posted on: July 9, 2017 10:21 am | Last updated: July 9, 2017 at 10:21 am

തിരുവനന്തപുരം: നാല് പുതിയ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകള്‍ കൂടി സ്ഥാപിക്കുന്നു. സാമൂഹിക നീതി വകുപ്പിന്റെ കീഴില്‍ ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായാണ് നിര്‍ഭയ ഷെല്‍ട്ടര്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്. നിലിവിലുള്ള കേന്ദ്രങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും പദ്ധതിയുണ്ട്.
സാമൂഹിക നീതി മന്ത്രി കെ കെ ഷൈലജയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്. നിര്‍ഭയ കേന്ദ്രങ്ങളിലെ അന്തേവാസികള്‍ക്ക് ശരിയായ ചികിത്സയും കൗണ്‍സിലിംഗും ആഹാരവും വിദ്യാഭ്യാസവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ സംസ്ഥാനത്ത് 12 നിര്‍ഭയ ഹോമുകളിലായി 300 അന്തേവാസികളാണുള്ളത്.

46 സ്ത്രീകള്‍ കുഞ്ഞുങ്ങളെ പ്രസവിച്ചു. ഇവരില്‍ പകുതിയിലേറെപ്പേര്‍ കുഞ്ഞുങ്ങളെ ദത്ത് നല്‍കുന്നതിന് തയ്യാറാണെന്ന് സര്‍ക്കാറിന് ഉറപ്പു നല്‍കി. 12 കേന്ദ്രങ്ങളില്‍ എട്ട് എണ്ണം കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിലാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലാണ് നിര്‍ഭയ കേന്ദ്രങ്ങള്‍ ഇല്ലാത്തത്. താത്പര്യമുള്ള സന്നദ്ധ സംഘടനകളില്‍ നിന്ന് സാമൂഹിക നീതി വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. കണ്ണൂരില്‍ ഒരു എന്‍ ജി ഒയില്‍ നിന്ന് ലഭിച്ച അപേക്ഷ പരിഗണിച്ച് ഉടന്‍ തീരുമാനമെടുക്കും. കോട്ടയം പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരോട് വേണ്ട സജ്ജീകരണങ്ങള്‍ നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തൃശൂരില്‍ ഒരു പുതിയ കെട്ടിടം ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് ഒരു മാതൃകാ നിര്‍ഭയ ഹോം നിര്‍മിക്കാനും പദ്ധതിയുണ്ട്. രണ്ട് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍ഭയാ ഹോമില്‍ എത്തിച്ചേരുന്നവരെ കൗണ്‍സിംലിഗ് നല്‍കിയ ശേഷം മാറ്റി പാര്‍പ്പിക്കുന്നതിനുള്ള ഒരു പുനരധിവാസ കേന്ദ്രമാണ് എറണാകുളം എടയ്ക്കാട് നിര്‍മിക്കാനൊരുങ്ങുന്നത്. ഇതിനായി 46 ലക്ഷം രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഓരോ ഷെല്‍ട്ടര്‍ ഹോമുകള്‍ക്കും 2.30 ലക്ഷം രൂപ ഒരു മാസം നല്‍കുന്നത് സംബന്ധിച്ചും പദ്ധതിയിടുന്നുണ്ട്.