ആണവായുധ നിരോധന ഉടമ്പടി; വോട്ടെടുപ്പ് ഇന്ത്യയടക്കം ഒന്‍പത് രാജ്യങ്ങള്‍ ബഹിഷ്‌കരിച്ചു

Posted on: July 8, 2017 3:05 pm | Last updated: July 8, 2017 at 9:00 pm
SHARE

യുണൈറ്റഡ് നാഷന്‍സ്: ആണവായുധങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ ആഗോള ഉടമ്പടി പാസാക്കുന്നതിന് നടത്തിയ വോട്ടെടുപ്പ് ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങള്‍ ബഹിഷ്‌കരിച്ചു. 122 രാജ്യങ്ങള്‍ ഉടമ്പടിയെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോഴാണ് ഇന്ത്യയും യുഎസും അടക്കമുള്ള ആണവരാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നത്. ചൈന, പാക്കിസ്ഥാന്‍, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, വടക്കന്‍ കൊറിയ, ഇസ്‌റാഈല്‍ എന്നീ രാജ്യങ്ങളാണ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ച മറ്റു രാഷ്ട്രങ്ങള്‍.

ഇതാദ്യമായാണ് ആണവായുധങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ആഗോള ഉടമ്പടി യുഎന്‍ വോട്ടിനിട്ടത്. ലോകത്തെ ആണവായുധ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് പതിറ്റാണ്ട് നിണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഉടമ്പടി വോട്ടിനിട്ടത്. യുഎന്നില്‍ അംഗങ്ങളായ 122 രാജ്യങ്ങള്‍ ഉടമ്പടിയെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ നെതര്‍ലാന്‍ഡ്‌സ് എതിര്‍ത്ത് വോട്ട് ചെയ്തു. സിംഗപ്പൂര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

കഴിഞ്ഞ ഒക്‌ടോബറില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടണമെന്നാവശ്യപ്പെടുന്ന പ്രമേയം വോട്ടിനിട്ടപ്പോഴും ഇന്ത്യ അതില്‍ നിന്ന് വിട്ടുനിന്നിരുന്നു.