ജെറ്റ് ബ്ലാസ്റ്റ്: ടേക് ഒാഫിനിടെ വിമാനത്തിൻെറ ജനൽ ചില്ലുകൾ തകർന്നു; ഒഴിവായത് വൻ ദുരന്തം

Posted on: July 8, 2017 2:36 pm | Last updated: July 8, 2017 at 2:37 pm

ന്യൂഡല്‍ഹി: സ്‌പേസ് ജെറ്റ് വിമാനം ലാന്‍ഡ് ചെയ്യുമ്പോഴുണ്ടായ വായുസമ്മര്‍ദത്തില്‍ (ജെറ്റ് ബലാസ്റ്റ്) ടേക്ക് ഓഫിന് ശ്രമിക്കുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്ന് വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ അഞ്ച് യാത്രക്കാര്‍ക്ക് നിസ്സാര പരുക്കേറ്റു. ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പോകാന്‍ ഒരുങ്ങിയ ഇന്‍ഡിഗോ 6ഇ – 191 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 17ാം നമ്പര്‍ പാര്‍ക്കിംഗ് ബേയില്‍ നിര്‍ത്തിയിട്ട വിമാനം ടേക്ക് ഓഫിന് ശ്രമിക്കവെ തൊട്ടടുത്ത ബേയില്‍ സ്‌പേസ് ജെറ്റ് വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. ഈ സമയത്തുണ്ടായ ജെറ്റ് ബ്ലാസ്റ്റ് എന്നറിയപ്പെടുന്ന ശക്തമായ വായുസമ്മര്‍ദത്തില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മുന്നിലെ വലതുവശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തെ കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.