ഗവര്‍ണര്‍മാരുടെ രാഷ്ട്രീയക്കളി

Posted on: July 8, 2017 7:35 am | Last updated: July 7, 2017 at 11:38 pm

ബി ജെ പി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍മാരെ സര്‍ക്കാറിനെതിരായ ആയുധമാക്കിക്കൊണ്ടിരിക്കുകയാണ് കേന്ദ്രം. ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന നജീബ് ജംഗ്, കെജ്‌രിവാള്‍ സര്‍ക്കാറിനെ ഭരിക്കാന്‍ സമ്മതിക്കാതെ നിരന്തരം ബുദ്ധിമുട്ടിച്ച ശേഷമാണ് രാജിവെച്ചൊഴിഞ്ഞത്. ഇപ്പോള്‍ പുതുച്ചേരിയിലും പശ്ചിമ ബംഗാളിലുമാണ് ഗവര്‍ണര്‍മാരുടെ രാഷ്്രടീയക്കളികള്‍. നിയമ സഭയിലേക്കുള്ള നോമിനേറ്റ് അംഗങ്ങളെ ചൊല്ലിയാണ് പുതുച്ചേരിയില്‍ ഏറ്റുമുട്ടല്‍. കേന്ദ്രഭരണ പ്രദേശങ്ങളില്‍ സാധാരണ സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിക്കുന്ന പട്ടികയില്‍ നിന്നാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ അംഗങ്ങളെ നാമനിനിര്‍ദേശം ചെയ്യാറുള്ളത്. ഇത്തവണ വി നാരായണ സ്വാമി നേതൃത്വം നല്‍കുന്ന പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടിക അവഗണിച്ചു ബി ജെ പി സംസ്ഥാന പ്രസിഡന്റ് എസ് സ്വാമിനാഥന്‍, ട്രഷറര്‍ എസ്ശങ്കര്‍, പാര്‍ട്ടി പ്രവര്‍ത്തകനും വിവേകാനന്ദ സ്‌കൂള്‍ ഉടമയുമായ എം സെല്‍വ ഗണപതി എന്നിവരെയാണ് ഗവര്‍ണര്‍ കിരണ്‍ബേദി നാമനിര്‍ദേശം ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരാണ് മൂന്ന് പേരും.

30 അംഗ നിയമസഭയില്‍ 15 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് രണ്ട് ഡി എം കെ അംഗങ്ങളുടെ പിന്തുണയോടെയാണ് അധികാരത്തിലേറിയത്. എട്ട് അംഗങ്ങളുള്ള എന്‍ ആര്‍ കോണ്‍ഗ്രസിനും നാലംഗങ്ങളുള്ള അണ്ണാ ഡി എം കെക്കുമൊപ്പം ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത മൂന്ന് ബി ജെ പി അംഗങ്ങള്‍ കൂടി ചേരുന്നതോടെ പ്രതിപക്ഷ അംഗസംഖ്യ 16 ആയി ഉയരുകയും നാരായണ സ്വാമി സര്‍ക്കാറിന് അത് ഭീഷണിയാവുകയും ചെയ്യും. കേന്ദ്രത്തിന്റെ ലക്ഷ്യവും അതാണ്.
ബംഗാളില്‍ മതവിദ്വേഷം കലര്‍ന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ചൊല്ലി ഉടലെടുത്ത സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ കെ എന്‍ ത്രിപാഠിയും ഏറ്റുമുട്ടിയത്. ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത പതിനേഴുകാരനായ വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍, ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വിട്ടയക്കാനാവശ്യപ്പെടുകയായിരുന്നു. സംഭാഷണത്തിനിടെ ഗവര്‍ണര്‍ അത്യന്തം മോശവും നീചവുമായ ഭാഷയാണ് പ്രയോഗിച്ചെതെന്നും ഭീഷണിപ്പെടുത്തിയെന്നും മമത ആരോപിക്കുന്നു. ഒരു ബി ജെ പി ബ്ലോക്ക് നേതാവിനെ പോലെയായിരുന്നുവത്രേ ഗവര്‍ണറുടെ സംസാരം. സംഘ്പരിവാര്‍ നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതെന്നാണ് കരുതുന്നത്.

പ്രവാചകന്റേതെന്ന പേരില്‍ വളരെ മോശമായ ഒരു ചിത്രമാണ് വിദ്യാര്‍ഥി ഫേസ്ബുക്കിലിട്ടത്. ഇത് മുസ്‌ലിംകളെ പ്രകോപിപ്പിച്ചത് സ്വാഭാവികം. വിദ്യാര്‍ഥിക്ക് പിന്നില്‍ മറ്റേതോ ദുഷ്ടബുദ്ധികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് അനുമാനം. സംസ്ഥാനത്ത് വര്‍ഗീയ ലഹള സൃഷ്ടിച്ചു രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘ്പരിവാര്‍ ശക്തികളുടെ കളിയാണിതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. അരുണാചലില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കുകയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ നടത്തുകയും ചെയ്ത ഗവര്‍ണറുടെ നടപടി ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. സുപ്രീം കോടതി ആ നീക്കം പരാജയപ്പെടുത്തുകയുണ്ടായി.
കേന്ദ്രം ഭരിച്ച എല്ലാ സര്‍ക്കാറുകളും ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുകയും തങ്ങളുടെ ചട്ടുകമായി ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടിയിലെ പെന്‍ഷന്‍ പ്രായക്കാരെ കുടിയിരുത്താനുള്ള ഒരിടമായാണ് ഭരണ കക്ഷികള്‍ ഗവര്‍ണര്‍ പദവിയെ കാണുന്നത്. സി പി ഐ ജനറ ല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയുടെ ഭാഷയില്‍, ആര്‍ എസ് എസിന്റെ മ്യൂസിയങ്ങളില്‍ ഇരിക്കേണ്ടവരെയാണ് മോദി സര്‍ക്കാര്‍ പല രാജ്ഭവനുകളിലും കുടിയിരുത്തിയത്.
സംസ്ഥാനത്തിന്റെ ഭരണത്തലവനാണ് ഗവര്‍ണര്‍. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ക്രിയാത്മകമായ സഹകരണം വളര്‍ത്തേണ്ട പാലമായാണ് ഗവര്‍ണര്‍ വര്‍ത്തിക്കേണ്ടത്. അല്ലാതെ കേന്ദ്ര ഭരണ കക്ഷിയുടെ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനാകരുത്. ഇക്കാര്യം 1979ലെ ഒരു വിധി പ്രസ്താവത്തില്‍ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതല്ലെങ്കില്‍ കഴിഞ്ഞ ജൂലൈയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്റര്‍ കൗണ്‍സില്‍ യോഗത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ആവശ്യപ്പെട്ടത് പോലെ ഈ പദവി എടുത്തുകളയുകയാണ് നല്ലത്. ഗവര്‍ണര്‍മാരെ നിയമിക്കുമ്പോഴും പിന്‍വലിക്കുമ്പോഴും സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായം തേടുകയോ അല്ലെങ്കില്‍ പദവി നിര്‍ത്തലാക്കുകയോ വേണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ അദ്ദേഹത്തിന്റെ നിര്‍ദേശം. സി പി എം, സി പി ഐ തുടങ്ങി മറ്റു പല കക്ഷികളും ഇന്നത്തെ നിലയില്‍ ഈ പദവി ആവശ്യമില്ലെന്ന പക്ഷക്കാരാണ്.