നടന്മാരെക്കാള്‍ നന്നായി നടിക്കുന്ന നേതാക്കള്‍

നടി ആക്രമിക്കപ്പെട്ട് നാലര മാസം കഴിഞ്ഞു. തത്ക്കാലം രാഷ്ട്രീയ നേതാക്കളുടെ ശൈലിയില്‍ എല്ലാ താരങ്ങളും ചേര്‍ന്ന് മെഴുകുതിരി കത്തിച്ചു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തങ്ങള്‍ തന്നെ ക്വട്ടേഷന്‍ കൊടുത്തു കൊല്ലിച്ച ഒരാളുടെ മൃതദേഹത്തില്‍ റീത്തു വെക്കാന്‍ നേതാക്കള്‍ക്ക് ഒരു വിധ ചമ്മലുമില്ലല്ലോ. ആ രീതി ഇവരും സ്വീകരിച്ചു. കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ തന്നെയെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ശരിയായ ദിശ എന്നാല്‍ യഥാര്‍ഥ കുറ്റവാളികളായ 'പ്രമുഖരെ' രക്ഷിക്കുമെന്ന് തന്നെയാണര്‍ഥം. പക്ഷേ അതിനിടയില്‍ ചില ട്വിസ്റ്റുകള്‍ വന്നു. 'അമ്മ' എന്ന സംഘടനയും പല സിനിമാ കലാകാരന്മാരും പ്രശ്‌നം അകത്ത് തന്നെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചത് സ്വാഭാവികം. ആക്രമണം സിനിമയുമായി ബന്ധപ്പെട്ടാണ്, അതിന്റെ പിന്നില്‍ സിനിമയുമായി അടുത്ത ബന്ധമുള്ളവരുണ്ട് എന്ന വസ്തുതയാണ് അവരെ കുഴക്കിയത്.
Posted on: July 6, 2017 7:49 am | Last updated: July 5, 2017 at 10:57 pm

മലയാളികളെ പറ്റി, അവരുടെ മാധ്യമങ്ങളെ പറ്റി എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ഓരോ വിഷയവും ഉത്സവം പോലെ ആഘോഷിക്കും, പക്ഷേ അടുത്തത് വരുമ്പോള്‍ പഴയതു മറന്നു പോകും. ഇപ്പോള്‍ കേരളത്തെ ഏറ്റവും ഗുരുതരമായ വിധത്തില്‍ ബാധിക്കുന്ന പ്രശ്‌നം എന്താണ്? എന്നെ സംബന്ധിച്ചിടത്തോളം ഒരു സംശയവുമില്ല, ലക്ഷക്കണക്കിന് പേരെ ബാധിച്ച, ദിവസേനയെന്നോണം നിരവധി പേരുടെ ജീവനെടുക്കുന്ന, പകര്‍ച്ചപ്പനി തന്നെ. ലോകത്തിനാകെ മാതൃകയായി എന്നവകാശപ്പെടുന്ന കേരളത്തിന്റെ ആരോഗ്യമേഖല ആകെ തകര്‍ന്നിരിക്കുന്നു എന്നും അതിനു കാരണം ഇവിടെ തദ്ദേശസ്ഥാപനങ്ങള്‍ മുതല്‍ സംസ്ഥാനതലം വരെ കഴിഞ്ഞ അര നൂറ്റാണ്ടായി മാറി മാറി ഭരിച്ച രാഷ്ട്രീയകക്ഷികളുടെ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്നും ആര്‍ക്കുമറിയാം. മാലിന്യ സംസ്‌കരണം മുതല്‍ പൊതുആരോഗ്യസംവിധാനങ്ങളുടെ തകര്‍ച്ചയും സ്വകാര്യ സ്ഥാപനങ്ങളുടെ കൊള്ളയും അതിലൊക്കെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുള്ള പങ്കുമെല്ലാം ആര്‍ക്കുമറിയാം. പക്ഷേ അതൊക്കെ നിഷ്പ്രഭമാക്കി നമ്മുടെ മാധ്യമങ്ങള്‍ സജീവ ചര്‍ച്ചയാക്കുന്ന വിഷയമെന്താണ്? ഒരു സിനിമാ നടിയെ കൊച്ചി നഗരപ്രാന്തത്തില്‍ വെച്ച് മൃഗീയമായി ആക്രമിച്ചു പീഡിപ്പിച്ച കേസാണ്. അത് നിസ്സാരമെന്നല്ല പറയുന്നത്. പക്ഷേ ആ വിഷയവും ഒരു സ്ത്രീക്കെതിരെ നടന്ന കൈയേറ്റം എന്നതിലപ്പുറം ചില സിനിമാതാരങ്ങളുടെ, അവരുടെ സംഘടനയുടെ, അതിന്റെ നേതാക്കളുടെ ബന്ധങ്ങളും പ്രതികരണങ്ങളുമാണ്, അതിലെ വൈകാരികതയാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. എത്ര നടിമാര്‍ ഇക്കാലത്തിനിടയില്‍ ആ മേഖലയില്‍ ആത്മഹത്യ ചെയ്തു? അതും നായിക നടികള്‍ പോലും. ശോഭ, വിജയശ്രീ, സില്‍ക്ക് സ്മിത, മയൂരി… ചെറിയ പട്ടികയല്ലിത്.

നിലവാരമില്ലാത്ത ചില താഴ്ന്ന സിനിമാവാരികകള്‍ക്കപ്പുറം ഇവരുടെ ആത്മഹത്യകളൊന്നും വാര്‍ത്തയേ ആയില്ല. ഇതിപ്പോള്‍ ചര്‍ച്ചയാകുന്നത് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലമാകെ പിടിച്ചു കുലുക്കുന്ന ഒരു വിവാദമെന്ന നിലയിലാണ്. ഇതിന്റെയും ക്ലൈമാക്‌സ് നമുക്ക് മുന്‍കൂട്ടിക്കാണാം. യു ഡി എഫ് കാലത്തെ സോളാര്‍ സരിതാ വിവാദം പോലെ തന്നെയാകും. ഒരാള്‍ക്കും ഒന്നും സംഭവിക്കില്ല. ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെടില്ല എന്ന് തീര്‍ച്ച. കാരണം ഇതിലെ സംശയിക്കപ്പെടുന്ന പ്രതികളെല്ലാം മാധ്യമഭാഷയില്‍ ‘പ്രമുഖര്‍’ ആണ്. ഭരണ രാഷ്ട്രീയ രംഗങ്ങളിലുള്ളവരാണ്. അല്ലെങ്കില്‍ അവരുടെ സ്വന്തക്കാരാണ്. അവരുമായി സാമ്പത്തിക ബന്ധമുള്ളവരാണ്. ഏതു കക്ഷി ഭരിച്ചാലും ഇവരൊക്കെ സമര്‍ഥമായി രക്ഷപ്പെടുന്ന സംവിധാനങ്ങളാണ് ഇവിടെ ഉള്ളത്. അത്തരം ഗൗരവതരമായ പ്രശ്‌നങ്ങളൊന്നും ഇവിടെ ചര്‍ച്ചയാകുന്നില്ല. മറിച്ചു ജനപ്രിയതാരങ്ങളുടെ പേരും ചിത്രങ്ങളും നിരന്തരം വാര്‍ത്തകളില്‍ നിറക്കാനും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും സംശയങ്ങളും ഉയര്‍ത്തി റേറ്റിംഗ് വര്‍ധിപ്പിക്കാനുമാണ് ദൃശ്യ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. മറ്റൊരു സാമൂഹിക പ്രതിബദ്ധതയും അവര്‍ക്കില്ല. ഒരു തരം സിനിമ തന്നെ വാര്‍ത്തകളില്‍ നിര്‍മിക്കപ്പെടുന്നു. അതിന്റെ വിവിധ തരം തിരക്കഥകള്‍ രൂപപ്പെടുത്തുന്നു. ഓരോരുത്തരും കഥയുണ്ടാക്കുന്നതു അവരവരുടെ താത്പര്യപ്രകാരമാണ്. ഇത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ ന്യൂസ് അവറില്‍ ചര്‍ച്ചകളാകുന്നു. മുന്‍കാലങ്ങളില്‍ സിനിമാ വാരികകളില്‍ നടന്നിരുന്ന ചര്‍ച്ചകളും മറ്റും ഇന്ന് മുഖ്യധാരാ മാധ്യമങ്ങളില്‍ നടക്കുന്നതിനാല്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ വരുന്നു. ആ കഥകളുടെ ആന്റി ക്ലൈമാക്‌സ് അവര്‍ക്കറിയാത്തതാകില്ലെങ്കിലും.
സാധാരണ ക്രൈം സിനിമകളില്‍ അവസാനഭാഗത്ത് അതിലെ സസ്‌പെന്‍സ് മുഴുവനായും പ്രേക്ഷകരെ അറിയിക്കുക എന്നതാണ് രീതി. ഈ കേസില്‍ എന്താണ് യാഥാര്‍ഥത്തില്‍ നടന്നതെന്ന് നാം ഒരിക്കലും അറിയുമെന്ന് കരുതാന്‍ കഴിയില്ല. കാരണം ഇത് സിനിമയല്ല ജീവിതമാണ്. സിനിമ ഇന്ന് കല എന്നതിനപ്പുറം ഒരു വ്യാപാരവും വ്യവസായവുമാണ്. അനേകായിരം കോടി രൂപയുടെ മൂലധനം മുടക്കിയിരിക്കുന്ന ഒരു വ്യവസായമാണത്. സിനിമയില്‍ അവതരിപ്പിക്കപ്പെടുന്ന പോലെയുള്ള പ്രണയമോ സ്‌നേഹമോ ദയയോ നീതിയോ ന്യായമോ എന്തിനു എല്ലാവര്‍ക്കും ബാധകമായ നിയമമോ പോലും അതിനകത്ത് ബാധകമാകില്ല. അത് ലാഭത്തിനു വേണ്ടിയുള്ള കടുത്ത മത്സരത്തിന്റെ, പകയുടെ, ചതിയുടെ, കുതികാല്‍ വെട്ടിന്റെ, നന്ദികേടിന്റെ ഒക്കെ ഒരു ലോകമാണ്. സ്ത്രീകളെ കേവലം ചരക്കു മാത്രമായി കാണുന്ന ഒന്നാണാ ലോകം. ഒരാള്‍ക്കും മറ്റൊരാളെ വിശ്വസിക്കാന്‍ കഴിയാത്ത ലോകം. അഥവാ വിശ്വസിക്കുന്നു എങ്കില്‍ തന്നെ അത് ഒരു തരം ഡീല്‍ മാത്രം. ഇന്ന് താരങ്ങളെ ആശ്രയിച്ചാണ് സിനിമ നിലനില്‍ക്കുന്നത്. മുമ്പ് അങ്ങനെയല്ലായിരുന്നു. സിനിമ ജീവനോപാധിയാക്കിയ ബഹുഭൂരിപക്ഷം കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഇവരുടെ പ്രമാണിത്തം അംഗീകരിച്ചാലേ നിലനില്‍ക്കാനാകൂ. ഇത് തന്നെയാണ് രാഷ്ട്രീയത്തിലും സ്ഥിതി. ആശ്രിതരല്ലാത്തവരെ ഒരു കാലത്തും വളരാന്‍ ഇവര്‍ സമ്മതിക്കില്ല. ഏതു തെറ്റ് ചെയ്താലും തങ്ങളുടെ കൂടെ നില്‍ക്കുന്നവരെ സംരക്ഷിക്കുന്നവനെയാണ് നേതാവായി രാഷ്ട്രീയത്തിലും അണികള്‍ അംഗീകരിക്കുന്നത്.
അധികാരത്തിന്റെ സോപാനങ്ങളില്‍ ഇരിക്കുന്നവര്‍ അഥവാ രാഷ്ട്രീയക്കാര്‍ ഇതിനെ മുമ്പൊക്കെ അവഗണിക്കുകയായിരുന്നു പതിവ്. അവര്‍ കാര്യമായി ബന്ധപ്പെടാറില്ല. കാരണം ഇതൊക്കെ സിനിമയില്‍ മാത്രം ഒതുങ്ങി നിന്ന വിഷയങ്ങളായേ സമൂഹം കണ്ടുള്ളൂ. എന്നാല്‍ ഇന്ന് സ്ഥിതി മാറി. സിനിമയും രാഷ്ട്രീയവും മാറി. ഇതില്‍ രാഷ്ട്രീയത്തിലുണ്ടായ മാറ്റമാണ് പ്രധാനം. പ്രത്യയശാസ്ത്രങ്ങളുടെയും നയങ്ങളുടെയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ സ്ഥാനം നേടി വളരുക എന്നതാണ് രാഷ്ട്രീയകക്ഷികളുടെയും നേതാക്കളുടെയും പഴയരീതി. അതുകൊണ്ട് തന്നെ സിനിമയിലൂടെ ഒരാള്‍ നേടുന്ന ജനപ്രീതി രാഷ്ട്രീയത്തില്‍ കാര്യമായ സ്വാധീനമൊന്നും ചെലുത്തിയിരുന്നില്ല. അയല്‍ സംസ്ഥാനങ്ങളിലെല്ലാം സിനിമാ താരങ്ങള്‍ രാഷ്ട്രീയ രംഗം പിടിച്ചടക്കുമ്പോഴും ഇവിടെ അതൊന്നും നടക്കില്ലെന്നു നമ്മള്‍ അഭിമാനത്തോടെ പറഞ്ഞിരുന്നു. പ്രേം നസീര്‍ അടക്കമുള്ള നടന്മാര്‍ പോലും ആ രംഗത്ത് പരാജയപ്പെടുകയായിരുന്നു. അപൂര്‍വമായി രാഷ്ട്രീയത്തിലിറങ്ങിയ താരങ്ങള്‍ തന്നെ അവരുടെ പ്രഖ്യാപിത രാഷ്ട്രീയ അനുഭവങ്ങളുടെ ഭാഗമായിരുന്നു. ഉദാ. മുരളി. മറ്റുള്ള പലരും അനു ഭാവങ്ങള്‍ പ്രകടിപ്പിച്ചു എങ്കിലും നേരിട്ട് ഗോദയില്‍ ഇറങ്ങാന്‍ താത്്പര്യപ്പെട്ടില്ല. ഒരു അപവാദമെന്നു പറയാവുന്നത് ഗണേഷ്‌കുമാര്‍ ആയിരുന്നു. പക്ഷേ അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത് പിതാവിന്റെ തണലിലാണ്. കേവലം സിനിമാ താരം എന്ന നിലയിലല്ല.
പക്ഷേ, രാഷ്ട്രീയം തന്നെ മാറി. നേതാക്കള്‍ എന്ന രീതിയില്‍ ജനവിശ്വാസം നേടാന്‍ കഴിവുള്ളവര്‍ തീരെ കുറഞ്ഞു.

സിനിമകളില്‍ ഇത്തരം അഭിനയങ്ങള്‍ ഒരു പ്രശ്‌നമല്ല. അവിടെ വലിയ ധാര്‍മിക മൂല്യങ്ങളെ കുറിച്ച് ഗീര്‍വാണമടിക്കുന്നവര്‍, അതെഴുതുന്നവര്‍ ഒന്നും അതിലൊന്നും വിശ്വസിക്കുന്നില്ല എന്ന് പ്രേക്ഷകര്‍ക്കറിയാം. ഈ ദുരന്തം ഇന്ന് സിനിമയില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നില്ല. സ്വന്തം അണികളുടെ പോലും അംഗീകാരമുള്ള നേതാക്കള്‍ ഇല്ലാതായി. ഒട്ടു മിക്ക നേതാക്കളും അഴിമതിയുമായി ഏതെങ്കിലും തരത്തില്‍ ഒത്തുതീര്‍പ്പിലെത്തിയവരാ ണെന്നു ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. സ്വാശ്രയ കോളജിനെതിരെ സമരം ചെയ്തു വെടിയേറ്റു മരിച്ച രക്തസാക്ഷികളുടെ ബലികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി തിരിച്ചു വന്നു സ്വാശ്രയ കോളജില്‍ കോഴ വാങ്ങാന്‍ മടിയില്ല ഇന്ന്. പഴയ കട്ടന്‍ ചായയും പരിപ്പുവടയുമൊന്നും കൊണ്ട് രാഷ്ട്രീയം മുന്നോട്ടു പോകില്ലെന്ന് അവര്‍ തന്നെ തുറന്നുപറയുന്നു. മറ്റുള്ളവര്‍ പറയാതെ തന്നെ ചെയ്യുന്നു എന്ന് മാത്രം. ഇക്കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളെങ്കിലുമായി ഈ മാറ്റം തിരഞ്ഞെടുപ്പ് രംഗങ്ങളിലും കാണുന്നു. ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ പിന്‍ബലത്തില്‍ ചിലരെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തി സീറ്റ് പിടിച്ചെടുക്കുന്ന രീതി പഴയതാണ്. സിനിമാ താരങ്ങളെ നിര്‍ത്തി സീറ്റ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന രീതിക്ക് കുറഞ്ഞ കാലത്തെ പഴക്കമേയുള്ളൂ. ഇക്കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ഇടതു പക്ഷം പരീക്ഷിച്ചു വലിയ വിജയം നേടി. ചാലക്കുടി മണ്ഡലത്തില്‍ ഇന്നസെന്റിന്റെ വിജയം അതാണ് കാണിക്കുന്നത്. സിനിമാ താരങ്ങളാകുമ്പോള്‍ ഒരു തരം പരിചയപ്പെടുത്തലും വേണ്ട. രാഷ്ട്രീയരംഗത്തില്ലാത്തവരാണെന്നതിനാല്‍ അഴിമതിയുടെ പ്രശ്‌നങ്ങളുമില്ല. ആ വിജയം അവരാ നിയമസഭാ തിരഞ്ഞെടുപ്പിലും പയറ്റി. കൊല്ലം പോലെ രാഷ്ട്രീയ പ്രബുദ്ധമായ ഒരു മണ്ഡലത്തില്‍ മുകേഷ് എന്ന നടനെ നിര്‍ത്തി വിജയിപ്പിച്ചു. മറു വശത്ത് ഗണേഷിനെ നേരിടാന്‍ എതിര്‍പക്ഷവും ഒരു നടനെ, ജഗദീഷിനെ, രംഗത്തിറക്കിയെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല.
രാഷ്ട്രീയവും സിനിമയുമായി മറ്റു നിരവധി പരോക്ഷബന്ധങ്ങളും വളര്‍ന്നു വന്നു. ചാനലുകള്‍ സിനിമയുടെ മറുപുറമായി. പരസ്പരാശ്രിതങ്ങളാണ് ഇവ രണ്ടും. രണ്ടിന്റെയും മൂലധന കച്ചവട താത്പര്യങ്ങളും ബന്ധപ്പെട്ടു കിടക്കുന്നു. വലിയ തോതിലുള്ള കള്ളപ്പണവും ബിനാമി ഇടപാടുകളും ഇതിന്റെ പിന്നിലുണ്ടെന്ന് സംശയിക്കപ്പെടുന്നു. അതില്‍ നല്ലൊരു പങ്കു രാഷ്ട്രീയ നേതാക്കള്‍ക്കുമുണ്ടെന്നു കരുതുന്നതിലും തെറ്റില്ല. സിനിമയിലെ യഥാര്‍ഥ വില്ലന്മാരെ സംരക്ഷിക്കുന്ന ഉത്തരവാദിത്തം രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും വന്നു. അത് തന്നെയാണ് രക്ഷപ്പെടാന്‍ കഴിയും എന്നുള്ള ഇവരുടെ ആത്മവിശ്വാസത്തിനുള്ള കാരണവും. അതാണ് ഈ നടിയുടെ നേരെ നടന്ന ആക്രമണത്തെ ഇത്ര വലിയ വാര്‍ത്തയാക്കുന്നത്.

നടി ആക്രമിക്കപ്പെട്ട് നാലര മാസം കഴിഞ്ഞു. തത്ക്കാലം രാഷ്ട്രീയ നേതാക്കളുടെ ശൈലിയില്‍ എല്ലാ താരങ്ങളും ചേര്‍ന്ന് മെഴുകുതിരി കത്തിച്ചു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തങ്ങള്‍ തന്നെ ക്വട്ടേഷന്‍ കൊടുത്തു കൊല്ലിച്ച ഒരാളുടെ മൃതദേഹത്തില്‍ റീത്തു വെക്കാന്‍ നേതാക്കള്‍ക്ക് ഒരു വിധ ചമ്മലുമില്ലല്ലോ. ആ രീതി ഇവരും സ്വീകരിച്ചു. കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ തന്നെയെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ശരിയായ ദിശ എന്നാല്‍ യഥാര്‍ഥ കുറ്റവാളികളായ ‘പ്രമുഖരെ’ രക്ഷിക്കുമെന്ന് തന്നെയാണര്‍ഥം. പക്ഷേ അതിനിടയില്‍ ചില ട്വിസ്റ്റുകള്‍ വന്നു. ഇന്നത്തെ മാധ്യമരീതി വ്യത്യസ്തമാണ്. മുഖ്യധാര മാധ്യമങ്ങള്‍ എത്ര തന്നെ മറച്ചുപിടിക്കാന്‍ ശ്രമിച്ചാലും സാമൂഹിക മാധ്യമങ്ങളുടെ ഇടപെടല്‍ ചിലതെല്ലാം പുറത്ത് കൊണ്ട് വരും. ഇവിടെയും അത് തന്നെ സംഭവിച്ചു. മുഖ്യധാരക്കും ഇടപെടേണ്ടി വന്നു. അതിലെ കടുത്ത മത്സരം മൂലം സത്യം അധിക കാലം മൂടിവെക്കാനാകുന്നില്ല. സിനിമയേയും അതിലെ താരങ്ങളെയും ആശ്രയിക്കുന്ന ചാനലുകള്‍ വിഷയത്തെ അതീവ സങ്കീര്‍ണമാക്കുന്നുണ്ട്.

‘അമ്മ’ എന്ന സംഘടനയും പല സിനിമാ കലാകാരന്മാരും പ്രശ്‌നം അകത്ത് തന്നെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചത് സ്വാഭാവികം. ആക്രമണം സിനിമയുമായി ബന്ധപ്പെട്ടാണ്, അതിന്റെ പിന്നില്‍ സിനിമയുമായി അടുത്ത ബന്ധമുള്ളവരുണ്ട് എന്ന വസ്തുതയാണ് അവരെ കുഴക്കിയത്. സംഘടന അഭിനേതാക്കളുടേതാണ് എന്ന് പറയുമ്പോഴും അതിന്റെ താത്പര്യം പ്രമുഖരായ നായകനടന്മാരുടെ അഥവാ താരങ്ങളുടെ സംരക്ഷണമാണ് എന്ന് പലവട്ടം നമുക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. തിലകനെപ്പോലൊരു മഹാനടനെ വിലക്കിയപ്പോള്‍ തന്നെ അതിന്റെ തനി സ്വഭാവം വെളിവായതാണ്. കലാഭവന്‍ മണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ടു ഇവരെടുത്ത നിലപാടുകളും വ്യക്തമാണ്. അമ്മക്ക് രണ്ട് മക്കളും ഒരുപോലെ എന്നൊക്കെ പറയുമെങ്കിലും മുതല്‍ മുടക്കുന്നവന്റെ താത്പര്യങ്ങള്‍ തന്നെയാകും സംരക്ഷിക്കപ്പെടുക എന്ന് തീര്‍ച്ച.
അവര്‍ക്കു സിനിമാ ഡയലോഗിന് പുറത്ത് ഒരു നിയമവും നീതിയും ബാധകമല്ല. എന്നാല്‍, ഭരണഘടന തൊട്ടു പ്രതിജ്ഞ ചെയ്തു അധികാരമേറ്റ, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്തു എന്നതാണ് പ്രധാനവിഷയം. നടി ആക്രമിക്കപ്പെട്ടു ആദ്യ പ്രതിയെ പിടിക്കുന്നതോടൊപ്പം തന്നെ ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ പറയുന്നു, ഈ കേസില്‍ യാതൊരു വിധ ഗൂഢാലോചനയും ഇല്ലെന്ന്. അത് പൊലീസിന് നല്‍കുന്ന സന്ദേശം വ്യക്തമാണല്ലോ. എന്തൊക്കെ ബഹളങ്ങള്‍ ഉണ്ടാക്കിയാലും അന്വേഷണങ്ങള്‍ പോകുന്ന വഴി വ്യക്തമാണ്. പല മഹാന്മാരുടെയും പേരുകള്‍ പറയും. പക്ഷേ അവരെയൊന്നും ശിക്ഷിക്കാനുള്ള വ്യക്തമായ തെളിവുകള്‍ പോലീസ് ശേഖരിക്കുമെന്നു പറയാന്‍ കഴിയില്ല. അങ്ങനെ വന്നാല്‍ പ്രതികള്‍ ചിലപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടാലും കേസില്‍ രക്ഷപ്പെടുമെന്നുറപ്പ്. സംഘടനക്ക് വേണ്ടി ഏറ്റവും വീറോടെ വാദിച്ചവര്‍ മൂന്നു ജനപ്രതിനിധികളാണെന്നതും ശ്രദ്ധേയമാണ്. മൂന്ന് പേരും ഭരണകക്ഷിക്കാരാണ് എന്നത് യാദൃശ്ചികം മാത്രം. മറു പക്ഷത്തുള്ളവരാണെങ്കിലും ഇതൊക്കെ തന്നേയെ സംഭവിക്കൂ.

സ്ത്രീസുരക്ഷ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു പ്രധാന വിഷയമായിരുന്നല്ലോ. എന്നിട്ടും സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുമോ, ഭരണപക്ഷത്ത് നിന്ന് തന്നെ ഇവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നില്ലേയെന്ന് ചിലരെങ്കിലും സംശയം പ്രകടിപ്പിച്ചേക്കാം. പക്ഷേ, ഇന്നത്തെ ആത്മാര്‍ഥതയില്ലാത്ത രാഷ്ട്രീയത്തില്‍ അതിലൊരു അത്ഭുതവുമില്ല. ഇരയേയും വേട്ടക്കാരനെയും പിന്തുണക്കുന്നു എന്നുറപ്പാക്കാനുള്ള തന്ത്രം ഇന്നാര്‍ക്കാണറിയാത്തത്. വാര്‍ത്താകുറിപ്പിലും ഫേസ്ബുക്കിലും എഴുതുന്നത് കൊണ്ടോരു കുഴപ്പവുമില്ല. അതൊക്കെ മതി ജനങ്ങള്‍ക്ക്. ഇത്രയൊക്കെ സ്ത്രീപക്ഷം പറയുന്ന നേതാക്കള്‍ ഇന്നസെന്റിനെയോ മുകേഷിനെയോ ഒന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് പോലും ആവശ്യപ്പെടാത്തതെന്തു കൊണ്ട്? പരസ്യമായി ഒന്ന് ശാസിക്കാന്‍ തക്ക കുറ്റം പോലും അവര്‍ ചെയ്തു എന്ന് പാര്‍ട്ടി കരുതുന്നില്ല എന്നര്‍ഥം. സിനിമാക്കാരേക്കാള്‍ നന്നായി അഭിനയിക്കാന്‍ കഴിയും തങ്ങള്‍ക്കെന്നു രാഷ്ട്രീയ നേതാക്കള്‍ തെളിയിച്ചിരിക്കുന്നു. നടീനടന്മാര്‍ അഭിനയിക്കുകയാണെന്നു സമ്മതിക്കുകയെങ്കിലും ചെയ്യും. ഇവര്‍ അത് പോലും ചെയ്യുന്നില്ല. സിനിമയിലെ സ്ത്രീക്കൂട്ടായ്മ ചെയ്യുന്നത്ര പോലും ഇവരൊന്നും ചെയ്യില്ല എന്ന് തീര്‍ച്ച. മറ്റൊരു വിഷയം വരുന്നത് വരെ ഈ നാടകം നാം കാണും. പിന്നീടെല്ലാം മറക്കും, തീര്‍ച്ച.