Connect with us

Gulf

രാജ്യസ്‌നേഹ പ്രകടനത്തിന്റെ കേന്ദ്രമായി ഗര്‍റാഫ

Published

|

Last Updated

ചിത്രത്തിലെ സന്ദര്‍ശകരുടെ ഒപ്പുകള്‍

ദോഹ: ഗര്‍റാഫയില്‍ സ്ഥാപിച്ച തമീം അല്‍ മജ്ദ് കൂറ്റന്‍ ചിത്രത്തില്‍ സന്ദര്‍ശിക്കാനും ഒപ്പു ചാര്‍ത്താനും രാപ്പകല്‍ ഭേദമന്യേ എത്തുന്നത് ധാരാളം പേര്‍. രാജ്യത്തിനും നേതാക്കളോടുമുള്ള സ്‌നേഹവും വിധേയത്വവും പ്രകടിപ്പിക്കാന്‍ സ്വദേശികളും വിദേശികളും കൂട്ടമായി ഇവിടെയെത്തുന്നു. അമീറിനോടും ഖത്വറിനോടുമുള്ള ഐക്യദാര്‍ഢ്യം, വിധേയത്വം, സ്‌നേഹം തുടങ്ങിയവ പ്രകടിപ്പിക്കുന്ന സന്ദേശങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇത്. വാഹനത്തിന്റെ മുകളിലും ക്രെയിനിലും മറ്റും കയറി മുതിര്‍ന്നവരുടെ അവരുടെ തോളില്‍ കയറി കുട്ടികളും കൂറ്റന്‍ ചിത്രത്തിന്റെ ഒഴിഞ്ഞ ഭാഗത്ത് ദേശസ്‌നേഹം സ്ഫുരിക്കുന്ന വാക്കുകള്‍ എഴുതുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഗര്‍റാഫ ലക്ഷ്യമാക്കി വരുന്നവരുടെ എണ്ണം വര്‍ധിച്ചതിനാല്‍ ബോര്‍ഡ് നിറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇതിന് പകരം പുതിയത് സ്ഥാപിച്ചതിനാല്‍ ആര്‍ക്കും നിരാശരാകേണ്ടി വരില്ല. “ഹമദാണ് രാഷ്ട്രം, തമീമാണ് നേതാവ്”, തമീം താങ്കളെ അല്ലാഹു സംരക്ഷിക്കട്ടെ, ഞങ്ങളെല്ലാം തമീം, നേതാവിനെ അനുസരിക്കൂ തുടങ്ങിയ വാചകങ്ങളാണ് ബോര്‍ഡിലുള്ളത്. കൂറ്റന്‍ ബോര്‍ഡിന് സമീപത്തായി രണ്ട് ബില്‍ ബോര്‍ഡുകള്‍ കൂടിയുണ്ട്. അതിനാല്‍ പരമാവധി പേര്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാം.
ഉപരോധം കാരണം രാജ്യത്ത് സംഭവിക്കുന്ന വിവിധ നല്ല കാര്യങ്ങളെ കുറിച്ച് വിവരിക്കുന്നതിന് “ഉപരോധത്തിലെ ഏറ്റവും സുന്ദരമായ കാര്യം” എന്ന പേരില്‍ ഹാഷ്ടാഗ് പ്രചരിച്ചിരുന്നു. ഖത്വരി ജനതക്കും നേതൃത്വത്തിനും ഇടയില്‍ വലിയ സ്‌നേഹം ഉടലെടുത്തു എന്നതാണ് വലിയ കാര്യമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.
വാഹനങ്ങളിലും കെട്ടിടങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും അമീറിന്റെ ചിത്രവും വാചകങ്ങളും നിറഞ്ഞത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദേശസ്‌നേഹത്തിന്റെ ഇത്തരം പ്രകടനങ്ങള്‍ ഖത്വറില്‍ അസാധാരണമാണ്.

അമീറിന്റെ ചിത്രമുള്ള ഗര്‍റാഫയിലെ കൂറ്റന്‍ ബോര്‍ഡ്.

തമീം അല്‍ മജ്ദ് ചിത്രം വരച്ച ഖത്വരി കലാകാരന്‍ അഹ്മദ് അല്‍ മദീദിനെ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍ താനി സന്ദര്‍ശിക്കുകയും അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.
ഒറിജിനല്‍ ചിത്രത്തിന് ഒരു ഖത്വരി 50 ലക്ഷം ഡോളറാണ് അല്‍ മദീദിന് വാഗ്ദാനം ചെയ്തത്. എത്ര വലിയ തുക വാഗ്ദാനം ചെയ്യപ്പെട്ടാലും ചിത്രം വില്‍ക്കില്ലെന്ന് മദീദ് പറയുന്നു. ഇത് ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
തമീം അല്‍ മജ്ദും രാജകുടുംബത്തിലെ മറ്റ് പ്രമുഖരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സെപ്തംബര്‍ പത്ത് വരെ ഡബ്ല്യു ദോഹ ഹോട്ടല്‍ ആന്‍ഡ് റസിഡന്‍സീസില്‍ അഹ്മദ് അല്‍ മദീദ് പെയിന്റിംഗ് പ്രദര്‍ശനം നടത്തുന്നുണ്ട്.

 

---- facebook comment plugin here -----

Latest