മീനാനിക്കോട്ടില്‍ തറവാടിന്റെ സ്മരണിക മാതൃകാപരം

Posted on: July 5, 2017 11:33 am | Last updated: July 5, 2017 at 11:33 am

പട്ടാമ്പി: അച്ഛന്‍, അമ്മ, മുത്തച്ഛന്‍, മുത്തശ്ശി ഇവരെ മാത്രമേ പല കുടുംബങ്ങളും ഓര്‍ത്തിരിക്കാറുള്ളൂ. ഇതില്‍ കൂടുതല്‍ ഓര്‍ക്കുന്നവര്‍ വിരളമാവും. എന്നാല്‍ തങ്ങളുടെ കുടുംബത്തിന്റെ അഞ്ച് തലമുറയെ അടയാളപ്പെടുത്തുകയും, അവരുടെ ചിത്രങ്ങളിലൂടെ ഇന്നത്തെ തലമുറയെ വരെ കാണിച്ച് തരികയും ചെയ്ത് മാതൃകാപരമായി മാറുകയാണ് പട്ടാമ്പി പെരുമുടിയൂര്‍ മീനാനിക്കോട് കുടുംബം.

കഴിഞ്ഞ ദിവസം ഇവരുടെ കുടുംബ സംഗമം സ്വന്തം നാട്ടില്‍ നടന്നിരുന്നു.ഇതോടനുബന്ധിച്ച് പുറത്തിറക്കിയ നിലാവ് എന്ന സ്മരണികയാണ് നിലനില്‍ക്കുന്ന സ്മരണികകളില്‍ നിന്നും വ്യത്യസ്തത അടയാളപ്പെടുത്തുന്നത് സ്മരണികയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, സാദിഖ് അലി ശിഹാബ് തങ്ങള്‍ എന്നിവരുടെ ആശംസാ സന്ദേശങ്ങളുമുണ്ട്. കാര്‍ഷിക സമൃദ്ധിക്ക് പേരുകേട്ട ഈ ങ്ങ യൂ ര്‍ എന്ന ഗ്രാമമായിരുന്നു മുമ്പ് പെരുമുടിയൂര്‍.
ഇവിടുത്തെ പ്രമുഖ മുസ്ലിം കുടുംബമാണ് മീനാനിക്കോട്ടില്‍.19ാം നൂറ്റാണ്ടിന്റെ മദ്ധ്യ ദശകങ്ങളില്‍ ബ്രിട്ടീഷ് ഭരണകാലത്ത് മദിരാശി മംഗലാപുരം റെയില്‍പ്പാതയുടെ സ്ഥല നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കോയക്കുട്ടി എന്ന ആള്‍ ഇവിടെ എത്തി. തുടര്‍ന്ന് മാഞ്ഞാമ്പ്രയിലെ കോരക്കോട് തറവാട്ടിലെ മമ്മുണ്ണിമകള്‍ ഫാത്തിമയെ വിവാഹം കഴിച്ചു. പാത്തമായി എന്നാണ് ഇവരെ എല്ലാവരും വിളിച്ചിരുന്നത്. ഇവര്‍ക്ക് അഞ്ച് മക്കളുണ്ടായി.മൊയ്തീന്‍ കുട്ടി, മരക്കാര്‍, മമ്മുണ്ണി, കുഞ്ഞഹമ്മദ്, ഖാദര്‍ എന്നിവരായിരുന്നു അവര്‍.
ഇവരില്‍ നിന്നും തുടങ്ങി അഞ്ച്തലമുറയെയാണ് ഫോട്ടോകള്‍ സഹിതം നിലാവില്‍ അണിനിരത്തുന്നത്. അതു കൊണ്ടു തന്നെ വളരെ ശ്രദ്ധേയമാണ് ഈ സ്മരണിക.