Connect with us

International

പ്രസിഡന്റ് പ്രഖ്യാപിച്ച പട്ടാള നിയമത്തിന് ഫിലിപ്പൈന്‍സ് സുപ്രീം കോടതിയുടെ അംഗീകാരം

Published

|

Last Updated

മനില: ഇസില്‍ ഭീകരത നേരിടാനെന്ന പേരില്‍ രാജ്യത്തെ വടക്കന്‍ മേഖലയില്‍ ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ട് പ്രഖ്യാപിച്ച പട്ടാള നിയമത്തിന് സുപ്രീം കോടതിയുടെ അംഗീകാരം. മിന്‍ഡനാവോ മേഖലയില്‍ ഏര്‍പ്പെടുത്തിയ മാര്‍ഷ്യല്‍ ലോ അനിവാര്യമാണെന്നും ശക്തമായി നടപ്പാക്കേണ്ടതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 15 അംഗ ജഡ്ജ് പാനലില്‍ 11 പേരും പട്ടാള നിയമം ഏര്‍പ്പെടുത്തിയതിനെ പിന്തുണച്ചതോടെ എതിരായി സമര്‍പ്പിക്കപ്പെട്ട ഹരജി ട്രൈബ്യൂണല്‍ തള്ളുകയായിരുന്നുവെന്ന് സുപ്രീം കോടതി വക്താവ് തിയോഡോര്‍ ടി പറഞ്ഞു.

അതേസമയം, വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഹരജിക്കാര്‍ക്ക് കോടതി 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. മേഖലയിലെ മാറാവി നഗരത്തില്‍ ഇസില്‍ സംഘം ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഡ്യൂട്ടര്‍ട്ട് 60 ദിവസത്തെ മാര്‍ഷ്യല്‍ നിയമം പ്രഖ്യാപിച്ചത്. മെയ് 23ന് നടത്തിയ പ്രഖ്യാപനത്തിന്റെ ഭാഗമായി മേഖലയില്‍ ശക്തമായ റെയ്ഡുകളാണ് സൈന്യം നടത്തി വരുന്നത്. ഈ പശ്ചാത്തലത്തിലാണ് ചില മനുഷ്യാവകാശ സംഘടനകള്‍ കോടതിയില്‍ എത്തിയത്.
മേഖലയില്‍ മൊത്തം 20 ദശലക്ഷം പേരാണ് ഉള്ളത്. മരാവിയിലെ ഇസില്‍ ആക്രമണത്തില്‍ 460 പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് ലക്ഷത്തോളം പേര്‍ സംഘര്‍ഷം ഭയന്ന് വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു. കോടതി വിധിയെന്തായാലും പട്ടാളത്തെ പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് ഹരജി പരിഗണിക്കുന്നതിന് മുമ്പായി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ കോടതിയുടെ വാക്കുകളല്ല പട്ടാളത്തിന്റെ വാക്കുകളാണ് തന്നെ നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മൂന്നാഴ്ച കൂടി മേഖലയില്‍ മാര്‍ഷ്യല്‍ ലോ പ്രാബല്യത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നീട്ടണമെങ്കില്‍ പാര്‍ലിമെന്റിന്റെ അനുമതി വേണ്ടി വരും.