മികവറിയിച്ച് നദാല്‍

Posted on: July 4, 2017 11:45 pm | Last updated: July 4, 2017 at 11:45 pm

വിംബിള്‍ഡണ്‍: റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍, നൊവാക് ജൊകോവിച് എന്നിവര്‍ വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.
ലോക രണ്ടാം നമ്പര്‍ ആയ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ ആസ്‌ത്രേലിയയുടെ ജോണ്‍ മില്മാനെ നേരിട്ട സെറ്റുകള്‍ക്ക് (6-1, 6-3, 6-2) പരാജയപ്പെടുത്തിയാണ് മുന്നേറിയത്. കരിയറിലെ എണ്ണൂറ്റി അമ്പതാം ജയമാണ് നദാല്‍ സ്വന്തമാക്കിയത്. രണ്ട് തവണ വിംബിള്‍ഡണ്‍ ചാമ്പ്യനായ നദാല്‍ കരിയറില്‍ 850 ജയങ്ങള്‍ നേടുന്ന ഏഴാമത്തെ താരമാണ്. റോജര്‍ ഫെഡറര്‍, ജിമ്മി കോണോഴ്‌സ്, ഇവാന്‍ ലെന്‍ഡല്‍, ജോണ്‍ മക്എന്റോ, ആന്ദ്രെ അഗാസി, ഗില്ലെര്‍മോ വിലാസ് എന്നിവരാണ് ഇതിന് മുമ്പ് 850 ജയങ്ങള്‍ നേടിയത്.
പത്താം ഫ്രഞ്ച് ഓപണ്‍ നേടിക്കൊണ്ട് റെക്കോര്‍ഡിട്ട നദാല്‍ വിംബിള്‍ഡണിലെ അമ്പതാം മത്സരത്തിനാണ് ഇറങ്ങിയത്. ഒരിക്കല്‍ പോലും മില്‍മാനെ എതിരാളിയായി കാണുവാന്‍ നദാല്‍ ഒരുക്കമല്ലായിരുന്നു. പരിശീലന മത്സരം കളുക്കുന്നത് പോലെ രണ്ട് മണിക്കൂറില്‍ താഴെ സമയമെടുത്ത് മത്സരം പൂര്‍ത്തിയാക്കി.
മൂന്നാം സീഡായ ഫെഡറര്‍ എതിരാളി ഉക്രൈന്റെ അലക്‌സാണ്ടര്‍ ഡോ്ള്‍ഗോപോവ്് മത്സരത്തിനിടെ പരുക്കേറ്റ് പിന്‍മാറിയതിനെ തുടര്‍ന്ന് മൂന്നാംറൗണ്ടിലെത്തി. 6-3, 3-0ന് ഫെഡറര്‍ മുന്നിലായിരുന്നു.
ജൊകോവിചും എതിരാളിയുടെ പിന്‍മാറ്റം കാരണമാണ് മുന്നേറിയത്.