മോദിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

Posted on: July 4, 2017 9:17 am | Last updated: July 4, 2017 at 1:33 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിദിന ഇസ്‌റാഈല്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്‌റാഈല്‍ സന്ദര്‍ശിക്കുന്നത്. ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ക്കെ ഇസ്‌റാഈല്‍ ചായ്‌വ് പരസ്യമായി പ്രകടിപ്പിക്കുന്ന മോദി ഫലസ്തീന്‍ സന്ദര്‍ശിക്കുന്നില്ല. മോദിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശം നിര്‍ണായകമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യ- ഇസ്‌റാഈല്‍ നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ ഇരുപതിയഞ്ചാം വാാര്‍ഷിക വേളയിലാണ് മോദി ഇസ്‌റാഈല്‍ സന്ദര്‍ശിക്കുന്നത്.

മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ പ്രതിരോധ കരാറുകളില്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിവര്‍ഷം 6500 കോടിയോളം രൂപയുടെ യുദ്ധോപകരണങ്ങളാണ് ഇന്ത്യ ഈസ്‌റാഈലില്‍ നിന്ന് വാങ്ങിക്കൂട്ടുന്നത്. അതിനാല്‍ തന്നെ പ്രതിരോധ രംഗത്തെ ഇന്ത്യ- ഇസ്‌റാഈല്‍ സഹകരണം അന്താരാഷ്ട്രരംഗത്ത് തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നതാണ്.