Connect with us

Ongoing News

സെന്‍കുമാറിനെതിരെ തച്ചങ്കരി; വീട്ടില്‍ പറയാനുള്ളത് വീട്ടില്‍ പറയണം

Published

|

Last Updated

തിരുവനന്തപുരം: മുന്‍ ഡിജിപി. ടിപി സെന്‍കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി. ഞാന്‍ മാത്രം ശരി മറ്റുള്ളവരെല്ലാം തെറ്റ് എന്ന ചിന്ത ഒരു തരം മാനസിക രോഗമാണെന്നും പോലീസ് സേനയുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റി പുറത്ത് പോയ ശേഷം വിമര്‍ശിക്കുന്നത് ശരിയല്ലെന്നും തച്ചങ്കരി പറഞ്ഞു. കൊല്ലത്ത് പോലീസ് അസോസിയേഷന്‍ റൂറല്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈയടി വാങ്ങാനും പേരെടുക്കാനും പത്രങ്ങളില്‍ ഫോട്ടോ വരാനും അധികാരം ഉപയോഗിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയല്ല സേനക്ക് വേണ്ടത്.
വീട്ടില്‍ പറയേണ്ടത് വഴിയില്‍ പറയേണ്ടതില്ല. അധികാരം സ്വന്തം പേരുണ്ടാക്കാനുള്ളതല്ല. ഏറ്റവും കൂടുതല്‍ മനോരോഗികള്‍ ഉള്ള സര്‍ക്കാര്‍ വകുപ്പ് ഏതാണെന്ന് ചോദിച്ചാല്‍ പറയാന്‍ കഴിയില്ല. പോലീസ് വകുപ്പില്‍ അഞ്ച് ശതമാനം ക്രിമിനലുകളുണ്ടെന്ന് പറഞ്ഞാല്‍ അത് എങ്ങനെയാണ് കണക്കു കൂട്ടുന്നതെന്ന് മനസ്സിലാകുന്നില്ല. റഫറിയായി തിരഞ്ഞെടുത്തയാള്‍ കളിയില്‍ നിരന്തരം കാര്‍ഡുകള്‍ കാണിച്ചു കൊണ്ടിരുന്നാല്‍ ആ കളി എന്താകുമെന്ന് പറയേണ്ടതില്ലല്ലോ. ഗാലറിയിലിരിക്കുന്നവരുടെ ഇഷ്ടത്തിനല്ല റഫറി കാര്‍ഡ് എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ റിട്ടയര്‍മെന്റ് എന്നാല്‍ വിശ്രമ ജീവിതമായിരുന്നു. റിട്ടയര്‍മെന്റിന് ശേഷം എന്തും പറയാമെന്നതാണ് പലരുടേയും ധാരണ. ഈ രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സെന്‍കുമാറിനെതിരെ നിയമനടപടിയുമായി മുമ്പോട്ടു പോകുമെന്ന് തച്ചങ്കരി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ഡിജിപി സ്ഥാനത്ത് നിന്ന് റിട്ടയര്‍ ചെയ്ത സെന്‍കുമാര്‍ എഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷമായ വിമര്‍ശനമഴിച്ചുവിട്ടിരുന്നു. കള്ളനെയാണ് പോലീസ് ആസ്ഥാനത്തിന്റെ താക്കോല്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്നും തച്ചങ്കരിക്കെതിരായ അന്വേഷണത്തിന്റെ ഫയലുകള്‍ പോലീസ് ആസ്ഥാനത്ത് നിന്ന് തച്ചങ്കരി തന്നെ കടത്തിയതായും അദ്ദേഹം പറഞ്ഞു. കോടതി ആവശ്യപ്പെട്ടാല്‍ തെളിവുകള്‍ കൈമാറാന്‍ തയ്യാറാണെന്നും സെന്‍കുമാര്‍ പറഞ്ഞു.