Connect with us

Articles

ഒറ്റ പ്രസ്താവനയില്‍ അസ്തമിച്ച ഊഷ്മളത

Published

|

Last Updated

പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ അവസാനിക്കുന്നില്ല. ത്രിരാഷ്ട്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയിട്ടേ ഉള്ളൂ. ഇനി ഇസ്‌റാഈലിലേക്കാണ്. പതിവു പോലെ അത് “തികച്ചും ചരിത്രപര”മായിരിക്കും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്‌റാഈല്‍ സന്ദര്‍ശിക്കുന്നത്. ഈ യാത്രയില്‍ അദ്ദേഹം ഫലസ്തീന്‍ സന്ദര്‍ശിക്കുന്നില്ല എന്നതും അതിനെ “ചരിത്രപര”മാക്കുന്നു. ലോകത്തെ ഏറ്റവും ജനകീയനായ പ്രധാനമന്ത്രി വരുന്നു എന്നൊക്കെ ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ അപദാനം ചൊരിയാന്‍ തുടങ്ങിയിരിക്കുന്നു. ഇനി അത് ഉച്ചസ്ഥായിയില്‍ എത്തും. സ്വദേശത്തെ സ്തുതിപാഠകര്‍ കുറേക്കൂടി ഉച്ചത്തില്‍, അത്യാവേശപൂര്‍വം ഈ വാഴ്ത്തുപാട്ടുകള്‍ പാടും. ഇങ്ങനെ ആവേശം മൂക്കുമ്പോഴാണ് ആരാധകര്‍ പഴയ ചിത്രങ്ങള്‍ എടുത്തിടുകയും തല മാറ്റി ഒട്ടിക്കുകയും ചെയ്യുന്നത്. ഈ വാഴ്ത്തുകള്‍ക്കും കീ ജയ് വിളികള്‍ക്കുമിടയില്‍ ഒരു കാര്യം ആരും ചോദിക്കാറില്ല. ഈ യാത്രകള്‍ രാജ്യത്തിന് എന്ത് നോടിക്കൊടുത്തു? തീര്‍ച്ചയായും അവ നരേന്ദ്ര മോദിയെന്ന നേതാവിന്റെ പ്രതിച്ഛായ ഉയര്‍ത്തുന്നുണ്ട്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ഉയരുന്നുണ്ട്. കൂടുതല്‍ സൗഹൃദങ്ങള്‍ ഉണ്ടാകുന്നുണ്ട്. തന്റെ ഭൂതകാലം മായ്ച്ചുകളയാനും അദ്ദേഹത്തിന് ഈ യാത്രകള്‍ ഉപാകരപ്പെടുന്നുണ്ട്.

ഇക്കഴിഞ്ഞ യാത്രയെടുക്കാം. അതില്‍ പ്രധാന ഇടം അമേരിക്കയായിരുന്നു. പ്രധാനമന്ത്രിയായ ശേഷം അഞ്ചാം തവണയാണ് അദ്ദേഹം യു എസ് സന്ദര്‍ശിച്ചത്. ക്രിക്കറ്റ് കളിയിലെപ്പോലെ എന്തും റെക്കോര്‍ഡാക്കുന്ന വിശകലനക്കാര്‍ ഇത്തവണയും കണ്ടെത്തി, ഒരു റെക്കോര്‍ഡ്. യു എസില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം വൈറ്റ്ഹൗസിലെത്തുന്ന ആദ്യ വിദേശ നേതാവ്. അതങ്ങനെയാകാതെ വഴിയില്ല. അത്രമേല്‍ സാമ്യമുള്ള നേതാക്കളാണ് ഇവര്‍. അത് ആശയതലത്തിലായാലും മനസ്സില്‍ തോന്നിയ ആശയങ്ങള്‍ കര്‍ക്കശമായി നടപ്പാക്കുന്ന കാര്യമായാലും ശത്രുക്കളെ പ്രഖ്യാപിക്കുന്ന കാര്യത്തിലായാലും പ്രസംഗ ശൈലിയില്‍ പോലും വലിയ സമാനതകളുണ്ട് ഇവര്‍ തമ്മില്‍. എന്നിട്ടും ചില മാധ്യമങ്ങള്‍ ആശങ്കപ്പെട്ടു: അണ്‍പ്രഡിക്ടബിളാണ് ട്രംപ്. അദ്ദേഹത്തിന് മോദിയെ പിടിക്കുമോ?
ഒരു ആശങ്കക്കും ഇടമുണ്ടായില്ല. സൗഹൃദത്തിന്റെ പാല്‍പ്പായസമാണ് വൈറ്റ് ഹൗസില്‍ വിളമ്പിയത്. മോദിക്ക് പ്രോട്ടോകോള്‍ മറന്ന സ്വീകരണമൊരുക്കി ട്രംപ്. മൂന്ന് തവണ കെട്ടിപ്പിടിച്ചു. കൈപിടിച്ച് കുലുക്കുന്നതില്‍ പ്രസിദ്ധനായ ട്രംപ്, മോദിക്കായി പ്രത്യേക ഷേക്ക് ഹാന്‍ഡുകള്‍ കരുതി വെച്ചു. വിശിഷ്ട സുഹൃത്താണ് വൈറ്റ്ഹൗസില്‍ എത്തിയിരിക്കുന്നതെന്ന് ട്രംപ് തുറന്ന് പറഞ്ഞു. നമ്മളല്ലേ സാമൂഹിക മാധ്യമങ്ങളിലെ താരങ്ങളെന്ന് പൊങ്ങച്ചം പറയുകയും ചെയ്തു. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കാര്യം വിട്ട് ഒരു സൗഹൃദത്തിനും ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്ക തയ്യാറായിട്ടില്ല. സ്വന്തം കാര്യം ഭംഗിയായി ഇന്ത്യക്ക് മേല്‍ അവര്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വരുന്നതിനുള്ള തടസ്സം നീക്കണമെന്ന് കൃത്യമായി പറഞ്ഞുറപ്പിച്ചു ട്രംപ്. മാത്രമോ ആയുധങ്ങളുടെയും ആണവ റിയാക്ടറുകളുടെയും കച്ചവടമുറപ്പിച്ചു. വ്യാപാര പ്രമുഖരുമായി നടത്തിയ ചര്‍ച്ചകളിലെല്ലാം ഇന്ത്യയില്‍ അമേരിക്കന്‍ നിക്ഷേപം ഒഴുകിയെത്തുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.

മോദി വാഷിംഗ്ടണ്‍ ഡി സിയില്‍ വന്നിറങ്ങിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഇരച്ചെത്തിയ ഇന്ത്യന്‍ ഐ ടി പ്രൊഫഷനലുകളെല്ലാം ഒരേ സ്വരത്തില്‍ പങ്കുവെച്ച പ്രതീക്ഷ എച്ച് വണ്‍ ബി വിസ വിഷയം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ്. ഇന്ത്യന്‍ പ്രൊഫഷനലുകള്‍ക്ക് അമേരിക്കയില്‍ തൊഴില്‍ നേടുന്നതിനുള്ള എച്ച് വണ്‍ ബി വിസയുടെ ചട്ടങ്ങള്‍ കര്‍ക്കശമാക്കാന്‍ ട്രംപ് ഭരണകൂടം നിര്‍ദേശം നല്‍കിയതോടെ പണി പോകുമെന്ന ആശങ്കയിലാണ് അവര്‍. ട്രംപ് എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കിയിരിക്കുകയാണ്. എച്ച് വണ്‍ ബി വിസയില്‍ രാജ്യത്ത് കഴിയുന്ന എല്ലാവരുടെയും കണക്ക് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. വ്യവസ്ഥ കര്‍ക്കശമാക്കിയാല്‍ ആ കച്ചവടം പൂട്ടും. ഉള്ളവര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും. യു എസിലെത്തുന്നത് സ്വപ്‌നം കണ്ട് ഇന്ത്യന്‍ നഗരങ്ങളില്‍ കഴിയുന്നവര്‍ അവിടെ തന്നെ ഇരിക്കുകയും ചെയ്യും. അത്‌കൊണ്ടാണ് മോദിയെ ഒരു നോക്കു കാണാന്‍ എത്തിയവര്‍ എച്ച് വണ്‍ ബി വിസാ എന്ന് വിളിച്ചു പറഞ്ഞത്. പക്ഷേ, ഒന്നുമുണ്ടായില്ല. സംയുക്ത പ്രസ്താവനയില്‍ ഒരു വാചകം പോലും ഇത് സംബന്ധിച്ച് വന്നില്ല. ഇന്ത്യക്കാര്‍ക്കെതിരെ അമേരിക്കയില്‍ വര്‍ധിച്ചു വരുന്ന വംശീയ ആക്രമണങ്ങളെക്കുറിച്ചും നേതാക്കള്‍ സംസാരിച്ചില്ല. ചിലതുണ്ടായി. ചൈനയുമായുള്ള അമേരിക്കന്‍ തര്‍ക്കങ്ങളിലേക്ക് ഇന്ത്യയെ വലിച്ചിഴച്ചു. ദക്ഷിണ ചൈനാ കടല്‍, ജപ്പാനുമായുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയവയില്‍ ഇന്ത്യക്ക് സ്വന്തമായി അഭിപ്രായം രൂപപ്പെടുത്താനുള്ള സാധ്യതയാണ് കളഞ്ഞ് കുളിച്ചത്.
ഭീകരവാദത്തിന്റെ കാര്യത്തില്‍ പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് സംയുക്ത പ്രസ്താവനയെന്നതാണ് ആശ്വാസത്തിന് പറയാവുന്ന കാര്യം. സത്യത്തില്‍ അത് അമേരിക്ക നടത്തുന്ന പക്ഷം പിടിക്കലാണ്. ചൈന മറുപടി പറഞ്ഞപ്പോള്‍ അത് കുറേക്കൂടി വ്യക്തവുമായി. പാക്കിസ്ഥാന്‍ ഭീകരവിരുദ്ധ പോരാട്ടത്തില്‍ മുന്‍ നിരയിലുണ്ടെന്നാണ് ചൈന തുറന്നടിച്ചത്. ഇതാണ് ചിത്രം. ചൈനയെ ഇന്ത്യയുടെ ശത്രു പക്ഷത്ത് കൃത്യമായി നിര്‍ത്തുക. അങ്ങനെ എക്കാലവും അമേരിക്കയുടെ ആശ്രിതത്വത്തിന് കാത്തിരിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റുക. ഇന്നും പാക്കിസ്ഥാന് അമേരിക്കയില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ ലഭിക്കുന്നുവെന്നോര്‍ക്കണം. അമേരിക്ക ഇന്ത്യക്കും പാക്കിസ്ഥാനും ഒരു പോലെ ആയുധം വില്‍ക്കുന്നു. ചൈന പാക്കിസ്ഥാനോട് കൂടുതല്‍ അടുത്തതിനാല്‍ യു എസ് അകല്‍ച്ച അഭിനയിക്കുന്നവെന്നേ ഉള്ളൂ.
മോദി യാത്ര കഴിഞ്ഞു വന്ന ഉടനെയാണ് യു എസ് വിദേശകാര്യ വകുപ്പിന്റെ ആ പ്രസ്താവന വന്നത്. ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സ്വലാഹുദ്ദീനെ “പ്രത്യേകം നിയോഗിക്കപ്പെട്ട ആഗോള തീവ്രവാദി”യായി പ്രഖ്യാപിക്കുന്ന പ്രസ്താവനയായിരുന്നു അത്. ആ പ്രസ്താവനയില്‍ കശ്മീരിനെ വിശേഷിപ്പിക്കുന്നത് ഇന്ത്യന്‍ “അഡ്മിനിസ്റ്റേര്‍ഡ് കശ്മീര്‍” എന്നാണ്. എന്നുവെച്ചാല്‍ “ഇന്ത്യ അധിനിവിഷ്ട കശ്മീര്‍”. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന ചിരപുരാതന തത്വത്തെ തള്ളിപ്പറഞ്ഞിരിക്കുന്നു അമേരിക്കയെന്ന് ചുരുക്കം. പിന്നെ കെട്ടിപ്പിടിച്ചിട്ട് എന്ത് കാര്യമാണുള്ളത്. അമേരിക്ക ഈ ചതി നേരത്തെയും ചെയ്തിട്ടുണ്ട്. അന്ന് ഇന്ത്യ ഹെല്‍ഡ് കശ്മീര്‍ എന്നായിരുന്നു പ്രയോഗം. പാക്കധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിളിക്കുന്ന പതിവും യു എസിനുണ്ട്.
സത്യമതാണ്. അടിസ്ഥാനപരമായി ഇന്ത്യന്‍ നിലപാടുകളെ തള്ളിപ്പറഞ്ഞു കൊണ്ടാണ് “ഊഷ്മളമായ ബന്ധ”ത്തിന്റെ പുറം മോടി ഉണ്ടാക്കിയിരിക്കുന്നത്. ഈ പുറന്തോട് പൊട്ടിച്ച് ചെന്നാല്‍ അമേരിക്കയുടെ തനിസ്വരൂപം കാണാം. ആ കാഴ്ച കാണാന്‍ തയ്യാറായാല്‍ മോദി- ട്രംപ് കൂടിക്കാഴ്ച ഒരു നല്ല സ്റ്റേജ് ഷോയായി ആസ്വദിക്കാം.

---- facebook comment plugin here -----

Latest