സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ബദല്‍ വിപണി തേടി വ്യാപാരികള്‍

Posted on: July 2, 2017 8:55 pm | Last updated: July 2, 2017 at 8:38 pm

ദോഹ: രാജ്യത്തെ ആഭരണ വ്യാപാരികള്‍ സിംഗപ്പൂര്‍, ഇറ്റലി മുതലായ രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കൂടുതലായി ഇറക്കുമതി ചെയ്യാനുള്ള ഒരുക്കത്തില്‍. എല്ലാ കയറ്റുമതി രാജ്യങ്ങളിലേയും കസ്റ്റംസ് നികുതി നിരക്ക് തുല്യമായതിനാല്‍ പുതിയ വിപണികളില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് അധിക ചെലവ് വരില്ലെന്നും പുതിയ വിപണികളില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത് വില വര്‍ധനക്ക് ഇടയാക്കില്ലെന്നും വ്യാപാരികള്‍ പറഞ്ഞു. മേഖലയിലെ സാമ്പത്തിക ഉപരോധത്തെത്തുടര്‍ന്നാണ് വ്യാപാരികള്‍ സ്വര്‍ണ ഇറക്കുമതിക്ക് പുതിയ വിപണികള്‍ തേടുന്നത്. വിപണിയിലെ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകത നിറവേറ്റാന്‍ ബദല്‍ മാര്‍ഗങ്ങളുണ്ടെന്ന് വ്യാപാരികള്‍ ചൂ്ണ്ടിക്കാട്ടി.

നിലവില്‍ വിപണിയിലേക്കാവശ്യമായ സ്വര്‍ണം നേരത്തെ സംഭരിച്ചിട്ടുണ്ട്. വ്യാപാരം സുഗമമായി പുരോഗമിക്കുകയും ചെയ്യുന്നു. താമസിയാതെ ഉപരോധം പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. വിപണിയില്‍ സ്വര്‍ണലഭ്യത ആവശ്യത്തിനുണ്ടെന്നും പുതിയ വിപണികളില്‍ നിന്നുള്ള ഇറക്കുമതിയെക്കുറിച്ച് മാനേജ്‌മെന്റ്തലത്തില്‍ ഉടന്‍ ചര്‍ച്ചകള്‍ നടക്കുമെന്നും ഗോള്‍ഡ് സൂഖിലെ ഒരു പ്രമുഖ സ്വര്‍ണാഭരണ ശാലയുടെ മാനേജര്‍ ദി പെനിന്‍സുലയോട് പ്രതികരിച്ചു.
അയല്‍രാജ്യങ്ങളില്‍ നിന്നും വരുന്ന സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പനക്കു പുറമെ ഇറ്റലി, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര ബ്രാന്‍ഡുകളിലുള്ള സ്വര്‍ണവും ഖത്വര്‍ വിപണിയില്‍ നേരത്തെ മുതല്‍തന്നെ വില്‍പ്പന നടത്തുന്നുണ്ട്. ഉപഭോക്താക്കള്‍ക്കിടയില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള ആഭരണങ്ങള്‍ക്ക് വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. പുതിയ വിപണികള്‍ക്ക് ഖത്വറില്‍ നല്ല സാധ്യതകളുണ്ടെന്നും ആഭരണശാലകളുടെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു.
ഇറ്റലി, ജര്‍മനി ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ അയല്‍രാജ്യങ്ങള്‍ മുഖേനയാണ് ഖത്വറില്‍ ഇറക്കുമതി ചെയ്തിരുന്നത്. ഉപരോധം നീണ്ടാല്‍ ഈ ഉത്പന്നങ്ങള്‍ നേരിട്ട് വിപണിയിലേക്കെത്തിക്കാനാകും. ബഹ്‌റൈന്‍, യു എ ഇ എന്നിവിടങ്ങളില്‍നിന്നാണ് ഖത്വരി ജ്വല്ലറി ഷോപ്പുകളിലേക്ക് സ്വര്‍ണാഭരണങ്ങള്‍ കൂടുതലായി ഇറക്കുമതി ചെയ്തിരുന്നത്. ഖത്വരികളും അറബ് ജി സി സി പൗരന്‍മാരും കൂടുതലായി ഇഷ്ടപ്പെടുന്നത് ഇവിടങ്ങളില്‍ നിന്നുള്ള പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളാണ്. അറബിക് പൈതൃകതയില്‍ ആധുനികത കോര്‍ത്തിണക്കിയുള്ള ബഹ്‌റൈന്‍ ഡിസൈനുകള്‍ക്ക് ഖത്വരികള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയുണ്ട്. ബഹ്‌റൈന്‍, യു എ ഇ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് മാസത്തിലൊരിക്കല്‍ മുപ്പത് കിലോക്കടുത്ത് സ്വര്‍ണം ഇറക്കുമതി ചെയ്തിരുന്നതായി മറ്റൊരു ജ്വല്ലറി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ക്ക് വിദഗ്ധരായ സ്വര്‍ണപണിക്കാര്‍ ധാരാളമുള്ളതിനാല്‍ വ്യത്യസ്ത ഡിസൈനുകളിലുള്ള സ്വര്‍ണാഭരണങ്ങള്‍ തയ്യാറാക്കാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു. ഉപരോധം തുടര്‍ന്നാല്‍ പ്രാദേശിക ഉത്പാദനം വര്‍ധിപ്പിച്ച് വിപണിയിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും.