Connect with us

Gulf

എക്‌സ്‌പോ 2020; വിമാനത്താവള റോഡിലെ ആദ്യഘട്ട നവീകരണങ്ങളുടെ പൂര്‍ത്തീകരണം ഈ വര്‍ഷാവസാനം

Published

|

Last Updated

ദുബൈ: വിമാനത്താവള റോഡിന്റെ നവീകരണ പ്രവര്‍ത്തികളുടെ ഒന്നാം ഘട്ടം ഈ വര്‍ഷമവസാനത്തോടെ പൂര്‍ത്തീകരിക്കുമെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അധികൃതര്‍. 2018ഓട് കൂടി മേഖലയിലെ ഗതാഗത പ്രശ്‌നം ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

40.4 കോടി ദിര്‍ഹം ചിലവില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന പദ്ധതിയില്‍ നിരവധി ബഹുനില ഇന്റര്‍സെക്ഷനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. ഇന്റര്‍സെക്ഷനുകളുടെ പകുതിയിലധികം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. റാശിദിയ-കാസാബ്ലാങ്ക ഇന്റര്‍സെക്ഷന്റെ പ്രവര്‍ത്തികള്‍ പകുതിയിലധികം പൂര്‍ത്തീകരിച്ചു. നാദ് അല്‍ ഹമര്‍, മറാകിഷ് റോഡ് ഇന്റര്‍സെക്ഷനുകളുടെ നിര്‍മാണ പുരോഗതി 40 ശതമാനം പിന്നിട്ടിട്ടുണ്ട്. ആര്‍ ടി എ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതര്‍ അല്‍ തായര്‍ അറിയിച്ചു.

വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചു ഈ വര്‍ഷം ഡിസംബര്‍ മാസത്തോടെ പദ്ധതി ഗതാഗത യോഗ്യമാക്കും. 2018 പകുതിയോടെ മുഴുവന്‍ വിപുലീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചു പൊതുജനങ്ങള്‍ക്ക് ഉപയോഗ പ്രദമാക്കും. വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ സന്ദര്‍ശിച്ചു പുരോഗതി വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. അല്‍ ഖവാനീജിലേക്കെത്തുന്ന പ്രധാന പാലം, റാശിദിയ ഇന്റര്‍സെക്ഷന്‍, മറാക്കിഷ് റോഡിലെ പ്രധാന അഞ്ച് പാലങ്ങള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മറാക്കിഷ് റോഡിലെ തുരങ്ക പാതയുടെ നിര്‍മാണം ഈ മാസാവസാനത്തോടെ ആരംഭിക്കും. നാദ് അല്‍ ഹമര്‍ ഇന്റര്‍സെക്ഷന്‍ ഭാഗത്തേക്കുള്ള മേല്‍പ്പാലത്തിന്റെ 70 ശതമാനം പ്രവര്‍ത്തങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കസാബ്ലാങ്ക ഇന്റര്‍ചെയ്ഞ്ച് മേഖലയിലെ മേല്‍പ്പാലത്തിന്റെ നിര്‍മാണം 50 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പദ്ധതി വിമാനത്താവള മേഖലയിലെ റോഡുകള്‍, മേല്‍പാലങ്ങള്‍, തുരങ്ക പാതകള്‍, ഇന്റര്‍സെക്ഷനുകള്‍ എന്നിവയെ ബന്ധിപ്പിച്ചു ഈ മേഖലയിലെ ഗതാഗതം സുഗമമാക്കുന്നതിന് വേണ്ടിയാണ്. ഈ മേഖലയില്‍ നാദ് അല്‍ ഹമാറിലേക്കും തിരികെയുമുള്ളതും, എയര്‍പോര്‍ട്ട് റോഡില്‍ റാശിദിയ ഇന്റര്‍സെക്ഷനില്‍ നിന്ന് മറാക്കിഷ് റോഡ് ഇന്റര്‍സെക്ഷന്‍ വരെയും പ്രധാന പാതയുടെ ഇരുവശത്തും മൂന്ന് വരി പാത സര്‍വീസ് റോഡിനായി തയ്യാറാക്കുന്നുണ്ട്. അദ്ദേഹം വിശദീകരിച്ചു. എക്‌സ്‌പോ 2020 യുടെ ഭാഗമായി 9.2 കോടി യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് കണക്ക് കൂട്ടുന്നത്. എക്‌സ്‌പോക്കും രാജ്യത്തെത്തുന്ന മറ്റ് അധിതികളെയും സ്വീകരിക്കുന്നതിന് വിമാനത്താവള പരിസരത്തെ റോഡുകളും മറ്റ് ഗതാഗത സംവിധാനങ്ങളും വിപുലപ്പെടേണ്ടതുണ്ട്. അതിന് കരുത്തു പകരുന്നതിനാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഗതാഗത പരിഷ്‌കരണങ്ങളെ കുറിച്ച് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം അവസാനത്തോടെ പദ്ധതിയുടെ ആദ്യ ഘട്ടം പ്രവര്‍ത്തന യോഗ്യമാക്കണമെന്ന തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് കാസാബ്ലാങ്ക സ്ട്രീറ്റിലേക്ക് 30 മിനുറ്റുകള്‍ കൊണ്ട് എത്താവുന്ന വിധത്തിലാണ് വിപുലീകരണ പദ്ധതി നിര്‍മാണം പുരോഗമിക്കുന്നത്.