മെമ്മറി കാര്‍ഡ് ഏല്‍പ്പിച്ചത് ലക്ഷ്യയില്‍; കേസ് പുതിയ വഴിത്തിരിവിലേക്ക്

Posted on: July 2, 2017 12:59 pm | Last updated: July 2, 2017 at 7:36 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയത് മെമ്മറി കാര്‍ഡ് തേടിയെന്ന് സൂചന. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. നടിയെ ആക്രമിച്ച ശേഷം ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പ്പിച്ചുവെന്നാണ് സുനി പോലീസിന് മൊഴി നല്‍കിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാപനത്തിലെ പണമിടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. മാത്രമല്ല മെമ്മറി കാര്‍ഡ് സംബന്ധിച്ച് സുനിയുടെ മൊഴികളിലെ വൈരുദ്ധ്യവും പോലീസ് അന്വേഷണ വിധേയമാക്കും.
ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല നടിയെ ആക്രമിച്ച കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണോ മെമ്മറി കാര്‍ഡോ ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിനെ സംബന്ധിച്ചിടത്തോളം ക്ഷീണമുണ്ടാക്കിയ കാര്യമാണ്. ഈ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ സംബന്ധിച്ച് തുടക്കം മുതലേ പോലീസിനെ കുഴയ്ക്കുന്ന മൊഴികളാണ് സുനി നല്‍കിയത്‌