പ്രതീക്ഷകള്‍ക്ക് മുകളില്‍ ആശങ്കകള്‍

Posted on: July 2, 2017 8:41 am | Last updated: July 1, 2017 at 10:43 pm

എക്‌സൈസ് നികുതി സമ്പ്രദായത്തില്‍ സമൂല പരിഷ്‌കരണമെന്ന വി പി സിംഗ് സര്‍ക്കാറിന്റെ ആശയത്തിന്റെ സാക്ഷാത്കാരമായിരുന്നു വെള്ളിയാഴ്ച പാതിരാവില്‍ പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ജി എസ് ടി പ്രഖ്യാപനം. ഉത്പന്നങ്ങള്‍ക്ക് പല തട്ടുകളിലായി ചുമത്തപ്പെട്ടിരുന്ന വ്യത്യസ്ത നികുതികള്‍ക്ക് പകരം ഒറ്റ നികുതി മാത്രം ഈടാക്കുന്ന സമ്പ്രദായമാണ് ഇത്. കേന്ദ്രവാറ്റ്, സംസ്ഥാനവാറ്റ്, സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി, മെഡിക്കല്‍ എക്‌സൈസ് ഡ്യൂട്ടി, ടെക്‌സ്‌റ്റൈല്‍സ് എക്‌സൈസ് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി, പ്രത്യേക അധിക കസ്റ്റംസ് ഡ്യൂട്ടി, സേവന നികുതി, ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള സര്‍ചാര്‍ജുകള്‍ തുടങ്ങിയ നികുതികള്‍ ജി എസ് ടിയുടെ വരവോടെ ഇല്ലാതായി. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നികുതി നിരക്കുകളായിരുന്നു ഇതുവരെ. ഇനി എല്ലാ സംസ്ഥാനങ്ങളിലും ഒരേ നിരക്കായിരിക്കും.

90കളിലെ സാമ്പത്തിക പരിഷ്‌കരണത്തിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കരണ നടപടിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജി എസ് ടി, ജി ഡി പിയുടെ വളര്‍ച്ചക്ക് വഴി തുറക്കുകയും നിരവധി അവശ്യ സാധനങ്ങളുടെ വിലക്കുറവിനും സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്ത് പുതുതായി 13 ലക്ഷം തൊഴിലവസരങ്ങള്‍ ജി എസ് ടി വഴി സൃഷ്ടിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. കമ്പനികളില്‍ ടാക്‌സ്, ടെക്‌നോളജി വിഭാഗങ്ങളിലായി അഡ്വക്കേറ്റ്‌സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ്, കോസ്റ്റ് അക്കൗണ്ടന്റ്‌സ്, ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ് തുടങ്ങിയവരെ നിയമിക്കേണ്ടി വരും. സാങ്കേതിക മേഖലയില്‍ സോഫ്റ്റ് വെയര്‍ പ്രൊഫഷണല്‍സിനും തൊഴിലവസരങ്ങള്‍ വര്‍ധിക്കും. എഫ് എം സി ജി, കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഫാര്‍മ, റിയല്‍ എസ്‌റ്റേറ്റ്, ബേങ്കിംഗ്, ഇന്‍ഷ്വറന്‍സ് തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങള്‍ക്കാണ് ജി എസ് ടി ടീമിന്റെ കൂടുതല്‍ ആവശ്യം വരിക.
അതേസമയം വന്‍കിട ഉത്പാദകര്‍ക്കും വ്യാപാരികള്‍ക്കും മാത്രമായിരിക്കും ജി എസ് ടിയുടെ നേട്ടമെന്നും ചെറുകിട വ്യാപാരികള്‍ക്ക് ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും വിലയിരുത്തുന്നവരുണ്ട്. വില്‍പ്പന നികുതി പിരിവില്‍ സംസ്ഥാനങ്ങളുടെ അധികാരത്തെ ഇത് ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ജി എസ് ടിക്കെതിരെ ബി ജെ പി ഭരണത്തിലിക്കുന്ന ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേതുള്‍പ്പെടെ രാജ്യത്തൊട്ടാകെ ചെറുകിട വ്യാപാരികള്‍ പ്രക്ഷോഭത്തിലാണ്. ചെറുകിട വ്യാപാരികളുടെ സംരക്ഷണം ഉറപ്പാക്കാതെ ഇത് നടപ്പാക്കിയതില്‍ ആര്‍ എസ് എസിന് കീഴിലുള്ള സ്വദേശി ജാഗരണ്‍ മഞ്ച്, ബി ജെ പിയുടെ ട്രേഡ് യുനിയന്‍ വിഭാഗമായ ബി എം എസ് തുടങ്ങിയ സംഘടനകള്‍ തന്നെ സര്‍ക്കാറിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

വേണ്ടത്ര മുന്നൊരുക്കമില്ലാതെ ജി എസ് ടി നടപ്പാക്കിയത് കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭത്തിന് ഇടനല്‍കുകയും ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമല്ലാതാക്കുകയും ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ജി എസ് ടി പ്രകാരമുള്ള കുറഞ്ഞ നികുതി നിരക്കില്‍ അവയുടെ പരമാവധി വില കുറക്കാന്‍ ഉത്പാദകര്‍ സന്നദ്ധമാ യെങ്കില്‍ മാത്രമേ നികുതിയിളവിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയുള്ളൂ. എന്നാല്‍ നികുതിയിനത്തില്‍ കുറയുന്ന തുക അടിസ്ഥാന ഉത്പാദന വിലയില്‍ ഉയര്‍ത്തി നിശ്ചയിച്ച് കൊള്ളലാഭമെടുക്കാനും ഉപഭോക്താവിന് ജി എസ് ടിയുടെ നേട്ടം നിഷേധിക്കാനുമാണ് കമ്പനികളുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. നികുതിയിളവുണ്ടായിട്ടും വില കുറക്കാതെ ഉപഭോക്താവിനെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള പരാതികള്‍ പരിശോധിക്കാനും ക്രമക്കേട് ബോധ്യപ്പെട്ടാല്‍ കമ്പനിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും വരെ അധികാരമുള്ള അതോറിറ്റി നിലവിലുണ്ടെങ്കിലും പുതുതായി നിശ്ചയിച്ചതാണ് തങ്ങളുടെ ഉത്പാദന വിലയെന്ന് ഉത്പാദകര്‍ ഒറ്റക്കെട്ടായി നിലപാടെടുത്താല്‍ സര്‍ക്കാറിന് ഒന്നും ചെയ്യാനാകണമെന്നില്ല.

ഉത്പാദകരുടെ ചൂഷണത്തിനെതിരെ സംസ്ഥാനങ്ങള്‍ക്ക് എന്തെങ്കിലും നടപടി സ്വീകരിക്കണമെങ്കില്‍ വിവിധ ഉത്പന്നങ്ങള്‍ക്ക് നിലവിലുള്ള നികുതിയും വില്‍പ്പന വിലയും പുതിയ നികുതി നിരക്ക് നടപ്പാകുമ്പോള്‍ വില്‍പ്പന വിലയില്‍ വരുമെന്നു പ്രതീക്ഷിക്കുന്ന കുറവും വ്യക്തമാക്കുന്ന പട്ടിക പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട്. ജി എസ് ടി കൗണ്‍സിലില്‍ കേരളം നിരന്തരമായി ഇതിനായി ആവശ്യപ്പെടുകയും കേരളത്തിലെ പ്രധാനപ്പെട്ട 80 ഉത്പന്നങ്ങളുടെ വിവരം കേന്ദ്ര ധനമന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നെങ്കിലും കേരളം ആവശ്യപ്പെട്ട പട്ടിക ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. മാത്രമല്ല, ഐ ടി അടിസ്ഥാന സംവിധാനമായ ജി എസ് ടിക്ക് നെറ്റ് വര്‍ക്ക് ശൃംഖല ഒരുക്കേണ്ടതുണ്ട്. അതിന് ഇനിയും കാലതാമസമെടുക്കും. വ്യാപാരികളില്‍ പലരും ഈ സംവിധാനത്തെക്കുറിച്ച് അറിയാത്തവരുമാണ്. അവരെ ഇതേക്കുറിച്ചു ബോധവാന്മാരാക്കേണ്ടതുണ്ട്. ഇത്തരം മുന്‍കരുതലൊന്നും സ്വീകരിക്കാതെ നോട്ട് നിരോധനത്തിലെന്ന പോലെ ധൃതിപിടിച്ചാണ് ജി എസ് ടി പ്രഖ്യാപനമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ പരാതി. നേരത്തെ ജി എസ് ടിയെ എതിര്‍ത്ത മോദി എന്തിനാണിത്ര ധൃതി പിടിച്ചു ഇത് പ്രഖ്യാപിച്ചതെന്നാണ് അവര്‍ ചോദിക്കുന്നത്. ജി എസ് ടി പ്രായോഗികമല്ലെന്നും അത് ഒരു കാലത്തും നടപ്പാക്കാന്‍ കഴിയില്ലെന്നുമായിരുന്നു യു പി എ കാലത്ത് ജി എസ് ടിയുമായി ബന്ധപ്പെട്ട് നടന്ന നീക്കങ്ങളോട് പ്രതികരിക്കവേ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്.