സി പി എം- സി പി ഐ ഭിന്നത രൂക്ഷമാക്കി മൂന്നാര്‍ യോഗം

Posted on: July 1, 2017 10:28 pm | Last updated: July 1, 2017 at 10:28 pm

കൈയേറ്റം ഒഴിപ്പിക്കാന്‍ യോഗം വിളിക്കുന്നതിനെതിരെ നിലപാട് സ്വീകരിച്ച സി പി ഐയെ തള്ളിയും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ അഭാവത്തിലും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ മൂന്നാര്‍ ഉന്നതതലയോഗം ചേര്‍ന്നു. ഇ ചന്ദ്രശേഖരന്‍ വിട്ടുനിന്ന യോഗത്തില്‍ വകുപ്പുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടായിരുന്നു സി പി ഐക്ക് പിണറായിയുടെ മറുപടി. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ച റവന്യൂ മന്ത്രി ഇന്നലെ കോട്ടയത്തായിരുന്നു. യോഗം വിളിച്ചത് സി പി ഐ അറിയാതെയാണെന്നും യോഗം വിളിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ചിരുന്നു. ഇതിന് മറുപടിയായി സി പി ഐ കൂടി ഉള്‍പ്പെട്ട എല്‍ ഡി എഫ് ഇടുക്കി ജില്ലാ കമ്മിറ്റി നല്‍കിയ നിവേദനം യോഗത്തില്‍ വായിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തുടങ്ങിയത്.

ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും യോഗം അടിയന്തരമായി വിളിക്കണമെന്നാവശ്യപ്പെട്ട് എസ് രാജേന്ദ്രന്‍ എം എല്‍ എ, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സി എ കുര്യന്‍, കെ പി സി സി വൈസ് പ്രസിഡന്റ് എ കെ മണി, സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി മുത്തുപ്പാണ്ടി തുടങ്ങിയവര്‍ നല്‍കിയ നിവേദനത്തിലാണ് സര്‍ക്കാര്‍ യോഗം വിളിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുന്നതായും പിണറായി യോഗത്തില്‍ പറഞ്ഞു. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ നിന്ന് സി പി ഐ പ്രാദേശിക നേതാക്കളും വിട്ടുനിന്നു.

വിവാദമായ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ച ദേവികുളം സബ് കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ടാണ് ഇടുക്കിയിലെ നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ശ്രീറാം വെങ്കിട്ടരാമനെ തത്സ്ഥാനത്തു നിന്ന് മാറ്റുന്നതിനോട് സി പി ഐക്ക് യോജിപ്പില്ല. ഈ സാഹചര്യത്തിലാണ് ഇരു പാര്‍ട്ടികളും ഇക്കാര്യത്തില്‍ രണ്ട് ദിശയിലായത്. കൈയേറ്റം ഒഴിപ്പിക്കാന്‍ നിലവില്‍ നിയമമുള്ളപ്പോള്‍ യോഗം വിളിക്കുന്നത് എന്തിനെന്ന ചോദ്യം ഉന്നയിച്ചാണ് റവന്യൂ മന്ത്രിയും സി പി ഐയും യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. എന്നാല്‍, റവന്യൂ മന്ത്രി യോഗത്തില്‍ പങ്കെടുക്കാത്തത് അസൗകര്യം മൂലമാകാമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

അതേസമയം, കെട്ടിടങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയ പ്രശ്‌നവും വീടുകള്‍ക്ക് നമ്പര്‍ കിട്ടാത്തതും പരിഹരിക്കാനും കോടതിയുടെ തടസ്സമില്ലാത്ത എല്ലാ കേസുകളിലും നികുതി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. മൂന്നാര്‍ പോലീസ് സ്റ്റേഷന് സമീപമുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും ഒഴിയണമെന്ന് നിര്‍ദേശിച്ച് ജൂണ്‍ ഒമ്പതിന് ശ്രീറാം വെങ്കിട്ടരാമന്‍ നോട്ടീസ് നല്‍കിയതോടെയാണ് അടിയന്തര യോഗം വിളിക്കാന്‍ ആവശ്യമുയര്‍ന്നത്. എന്നാല്‍, ഇടുക്കി ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാറിനും റവന്യൂ വകുപ്പിനും ഒരേ നിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.