ജിഎസ്ടിയിലൂടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ശുദ്ധീകരിക്കും: പ്രധാനമന്ത്രി

Posted on: July 1, 2017 10:19 pm | Last updated: July 2, 2017 at 11:07 am
SHARE

ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പാക്കുന്നതിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരെന്ന് പ്രധാനമന്ത്രി. നോട്ടുനിരോധനത്തേയും ഇപ്പോള്‍ നടപ്പിലാക്കിയ ജിഎസ്ടിയേയും പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്. കള്ളപ്പണക്കാരെ വെറുതെവിടില്ലെന്നും സ്വിസ് ബാങ്കുകളിലെ നിക്ഷേപക്കാരുടെ പട്ടിക ഇന്ത്യക്ക് കൈമാറുന്നതോടെ അവരുടെ കാര്യം കൂടുതല്‍ കഷ്ടമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിനു പ്രഖ്യാപിച്ച നോട്ടുനിരോധനത്തിനു ശേഷം, രാജ്യത്താകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൂന്നു ലക്ഷത്തിലധികം കമ്ബനികള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

കള്ളപ്പണം ഒളിപ്പിക്കുന്നവരെ വെളിച്ചത്തുകൊണ്ടുവരുന്നതിന് കൂടുതല്‍ കഠിനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. അതിന്റെ രാഷ്ട്രീയമായ പ്രത്യാഘാതങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നില്ല. വന്‍ ശമ്ബളം വാങ്ങുന്ന കോടിക്കണക്കിന് ആളുകളുള്ള രാജ്യത്ത്, 10 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളതായി സമ്മതിച്ചിട്ടുള്ളത് കേവലം 32 ലക്ഷം പേര്‍ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ പട്ടിക സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ ആരംഭിക്കുന്നതോടെ, കള്ളപ്പണക്കാരുടെ കാര്യം കൂടുതല്‍ കഷ്ടത്തിലാകും. കള്ളപ്പണത്തിനെതിരെ കേന്ദ്രം സ്വീകരിച്ച നടപടികളോടെ സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തില്‍ വന്‍ ഇടിവുണ്ടായി. സ്വിസ് ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തില്‍ 45 ശതമാനം വരെ കുറവുവന്നുവെന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. കള്ളപ്പണം സൂക്ഷിക്കുന്നവര്‍ പിടിക്കപ്പെടുമെന്ന കാര്യം എല്ലാവരെയും ഓര്‍മിപ്പിക്കാനും പ്രധാനമന്ത്രി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരോട് ആവശ്യപ്പെട്ടു.ഏറെക്കാലത്തെ കാത്തിരിപ്പിനുസേഷം ചരക്ക്, സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതിനു പിന്നാലെയാണ് സമ്ബദ് വ്യവസ്ഥയെ ശുദ്ധീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ (ഐസിഎഐ)യുടെ സ്ഥാപകദിനത്തോട് അനുബന്ധിച്ച് ഡല്‍ഹി ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജിഎസ്ടി ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാവിധ പിന്തുണയും നല്‍കണമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ലളിതവും കൂടുതല്‍ മികവുറ്റതുമായ പുതിയ നികുതി സംവിധാനം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയൊരു തുടക്കമാണ് സമ്മാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here