ജി എസ് ടി: ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

Posted on: July 1, 2017 2:27 pm | Last updated: July 1, 2017 at 2:27 pm

വിലനിര്‍ണയത്തില്‍ ഉത്പാദകരുടെ മേല്‍ക്കൈയില്‍ വല്ല മാറ്റവും ജി എസ് ടി വരുത്തുമോ? അങ്ങനെ വരുത്തിയെങ്കില്‍ മാതമല്ലേ ജി എസ് ടി കൊണ്ടു വരുമെന്ന് പറയുന്ന ഗുണം ലഭിക്കുകയുള്ളൂ?

പരോക്ഷ നികുതിയുടെ സ്വഭാവം തന്നെ അതിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് നീക്കുക എന്നതാണ്. ജി എസ് ടി നടപ്പാക്കുമ്പോള്‍ വ്യാപാരികള്‍ നിരവധി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് കണക്ഷന്‍ തുടങ്ങിയവ. ഈ ചെലവെല്ലാം ഉപഭോക്താവിന്റെ ചുമലില്‍ വരില്ലേ?

നികുതി വിഷയത്തില്‍ അതത് സംസ്ഥാനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള ചില നീക്കു പോക്കുകള്‍ ഉണ്ട്. അവയില്‍ ചിലതെല്ലാം ഗുണകരമാണ്, ഉപഭോക്താവിനും ഉത്പാദകനും. ജി എസ് ടി വരുമ്പോള്‍ ഇതെല്ലാം ഇല്ലാതാകും. ഉദാഹരണത്തിന് കേരളത്തില്‍ സ്വര്‍ണ കച്ചവടക്കാര്‍ക്ക് കോമ്പൗണ്ടിംഗ് അനുവദിച്ചിരുന്നു. നിശ്ചിത വ്യാപാരം കണക്കാക്കി മുന്‍കൂര്‍ നികുതിയടക്കുന്ന ഈ സംവിധാനം നികുതി വെട്ടിപ്പ് വലിയ തോതില്‍ കുറച്ചിരുന്നു. ഇത് ഇല്ലാതാകുമ്പോള്‍ നികുതി നിരക്ക് കൂടും, വിലയും. മറ്റൊരു ഉദാഹരണം: ചെറുകിട വ്യവസായങ്ങള്‍ നികുതി ഇളവുകള്‍ നല്‍കി വന്നിരുന്നു. ഇനി ഇവ ഇല്ലാതായി നികുതി നെറ്റില്‍ വന്‍കിടക്കാരോട് മത്സരിക്കണം. ഇന്ത്യയെപ്പോലെ വികസ്വരമായ ഒരു രാജ്യത്ത് ഇത് ഗുണകരമാണോ?

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ നോട്ട് നിരോധിച്ച സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. ഇതിന് നേര്‍ വിപരീതമാണ് ജി എസ് ടി.
ഈ സംവിധാനം വരുമ്പോള്‍ ബേങ്കിംഗ് സേവനങ്ങളുടെ നികുതി 15ല്‍ നിന്ന് 18ലേക്ക് കുതിച്ചുയരും. ഇപ്പോള്‍ തന്നെ ജനങ്ങളെ പിഴിയുന്ന ബേങ്കിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ജനങ്ങള്‍ കൂടുതല്‍ അകലാനല്ലേ ഇത് വഴി വെക്കുക?

പെട്രോളിയം ഉത്പന്നങ്ങളെയും റിയല്‍ എസ്റ്റേറ്റിനെയുമൊക്കെ ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തിയതിന്റെ യുക്തി എന്താണ്?