Connect with us

Gulf

ഈദ് അവധി ദിനങ്ങളില്‍ വാഹനാപകടം; പൊലിഞ്ഞത് 12 ജീവനുകള്‍

Published

|

Last Updated

ദുബൈ: ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങളായ ഈ മാസം 23 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്ത് വ്യത്യസ്ത അപകടങ്ങളില്‍ 12 പേര്‍ മരിച്ചു. 52 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ട്രാഫിക് കോ-ഓര്‍ഡിനേഷന്‍ ജനറല്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി.

ഗതാഗത നിയമലംഘനങ്ങള്‍ സംബന്ധമായി നിരവധി പരാതികളാണ് ലഭിച്ചതെന്ന് ട്രാഫിക് കോ-ഓര്‍ഡിനേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഗൈത് ഹസ്സന്‍ അല്‍ സആബി പറഞ്ഞു. ഗതാഗത ബോധവത്കരണ പരിപാടികള്‍ വകവെക്കാതെ വാഹനമോടിച്ചതാണ് മിക്ക അപകടങ്ങള്‍ക്കും കാരണമായത്.

വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കാതിരുന്നതും അപകടങ്ങളുടെ വ്യാപ്തി കൂട്ടി.
ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും ഗതാഗത നിയമങ്ങള്‍ പാലിക്കണം. റോഡുകളില്‍ അനുവദിച്ചിട്ടുള്ള വേഗപരിധിയില്‍ കൂടുതല്‍ എടുക്കരുത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും ബ്രിഗേഡിയര്‍ ജനറല്‍ ഗൈത് ഹസ്സന്‍ അല്‍ സആബി ഉണര്‍ത്തി. ഈ സമയം മൊബൈലില്‍ ചാറ്റ് ചെയ്യുന്നതും ടെക്സ്റ്റ് മെസേജ് ചെയ്യുന്നതും അപകടം ക്ഷണിച്ചുവരുത്തും. മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ പോകുമ്പോള്‍ ഡ്രൈവിംഗിലെ ഏകാഗ്രത നഷ്ടപ്പെടുകയും വലിയ അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ഈദ് അവധി ദിനങ്ങളില്‍ ദുബൈയിലുണ്ടായ 16 അപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ സൈഫ് അല്‍ മസ്‌റൂഇ പറഞ്ഞു.
അവധി ദിനങ്ങളില്‍ പൊതുജനങ്ങള്‍ കൂടുതലായി എത്തുന്ന വാണിജ്യ കേന്ദ്രങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ നിരീക്ഷണത്തിനായി കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു. ഇത് ഗുരുതരമായ അപകടങ്ങള്‍ കുറക്കാന്‍ സഹായകരമായി.

അപകടകരമാം വിധം സാഹസികമായും ശ്രദ്ധയില്ലാതെയും ഓടിച്ച 47 വാഹനങ്ങള്‍ പിടികൂടി. ഇവയില്‍ 19 എണ്ണം മോട്ടോര്‍ സൈക്കിളുകളാണ്.

ഇതേ ദിവസങ്ങളില്‍ 14,320 ഗതാഗത നിയമലംഘന കേസുകളും രജിസ്റ്റര്‍ ചെയ്തു. 12,928 എണ്ണം ബര്‍ ദുബൈ മേഖലയിലും 1,392 എണ്ണം ദേരയിലുമാണ്.