Connect with us

International

ആറ് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് യു എസില്‍ വീണ്ടും വിസ നിയന്ത്രണം

Published

|

Last Updated

വാഷിംഗ്ടണ്‍: ആറ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ അനുവദിക്കുന്നതില്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. സിറിയ, ഇറാന്‍, യമന്‍, സുഡാന്‍, സൊമാലിയ, ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയില്‍ ബന്ധുക്കളോ വ്യാപര ബന്ധമോ ഉള്ളവര്‍ക്ക് മാത്രം വിസ അനുവദിച്ചാല്‍ മതിയെന്നാണ് യു എസ് തീരുമാനം.
ഈ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കും ഈ തീരുമാനം ബാധകമാകും. നേരത്തെ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു എസ് ഭരണകൂടം യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് സുപ്രീം കോടതി കൊണ്ടുവന്ന താത്കാലിക വിലക്ക് തിങ്കളാഴ്ച പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിയന്ത്രണം കൂടി ഏര്‍പ്പെടുത്തിയത്. യു എസ് വിദേശകാര്യ, നീതിന്യായ, ആഭ്യന്തര സുരക്ഷാ മന്ത്രാലയങ്ങളാണ് അന്തിമ രൂപരേഖ തയ്യാറാക്കിയത്.

അടുത്ത ബന്ധു എന്ന പരിഗണനയില്‍ വരുന്നവരുടെ പട്ടിക എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാതാപിതാക്കള്‍, ഭാര്യ, പ്രായപൂര്‍ത്തിയായ മകനോ മകളോ, മരുമകന്‍, മരുമകള്‍, സഹോദരങ്ങള്‍ എന്നിവര്‍ അമേരിക്കയിലുള്ളവര്‍ക്കാണ് വിസ അനുവദിക്കുക. മുത്തച്ഛന്‍/മുത്തശ്ശി, കൊച്ചുമക്കള്‍, മാതൃ/പിതൃ സഹോദരി/സഹോദരന്‍, സഹോദര ഭാര്യ, സഹോദരി ഭര്‍ത്താവ് തുടങ്ങിയവ അടുത്ത ബന്ധുത്വമായി കണക്കാക്കില്ല. ബന്ധുത്വം സ്ഥിരീകരിക്കേണ്ടത് സര്‍ക്കാര്‍ അഭിഭാഷകരാണ്.
ഈ നിര്‍ദേശങ്ങള്‍ പാലിക്കാതെ എത്തുന്ന ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യു എസില്‍ മൂന്ന് മാസത്തെ വിലക്കേര്‍പ്പെടുത്തും. ഇതിനകം വിസ ലഭിച്ചിട്ടുള്ളവര്‍ക്ക് ഈ തീരുമാനം ബാധകമാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Latest