‘ഒരമ്മ’യും രണ്ട് മക്കളും

Posted on: June 30, 2017 6:50 am | Last updated: June 29, 2017 at 11:47 pm

നടിയെ അക്രമിച്ച സംഭവത്തില്‍ വിചാരണ നേരിടുന്ന പള്‍സര്‍ സുനി പ്രമുഖ നടന് എഴുതിയതെന്ന് പറയുന്ന കത്തിനെ ചൊല്ലി സിനിമാ ലോകത്ത് പുതിയ ചേരികളും വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. സംഭവത്തില്‍ നടന് പങ്കുണ്ടെന്ന് ദ്യോതിപ്പിക്കുന്നതാണ് കത്ത്. നടനിലേക്ക് അന്വേഷണം നീളുമെന്നായപ്പോള്‍ സിനിമാ ലോകത്തെ ഒരു വിഭാഗം അക്രമത്തിനിരയായ നടിക്കെതിരെയാണ് കത്തിക്കയറുന്നത്. അവരുടെ അഭിമാനം പിച്ചിച്ചീന്തുന്ന വിധമാണ് പലരുടെയും പ്രതികരണം. നടിയെ നുണപരിശോധനക്ക് വിധേയമാക്കിയാല്‍ എല്ലാം തെളിയുമെന്നായിരുന്നു ഒരു നടന്റെ പ്രസ്താവം. അക്രമം നടന്നുവെന്ന നടിയുടെ ആരോപണം വിശ്വാസയോഗ്യമല്ലെന്ന് സാരം. പള്‍സര്‍ സുനിയും നടിയും തമ്മില്‍ വലിയ അടുപ്പത്തിലായിരുന്നു, ഗോവയില്‍ അവര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു, ഈ അവിഹിത ബന്ധമാണ് അപകടത്തിനു വഴിവെച്ചത് എന്നൊക്കെയായിരുന്നു കേസില്‍ പേര് പരാമര്‍ശിക്കപ്പെടുന്ന നടന്റെ കമന്റ്. നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയാണ് മറ്റൊരു നടന്‍ രംഗത്തുവന്നത്.

നാല് മാസം മുമ്പ് തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേ അങ്കമാലിയില്‍ നടിക്ക് നേരെയുണ്ടായ അക്രമം സൃഷ്ടിച്ച ആഘാതത്തേക്കാള്‍ മാരകമായ ആഘാതമാണ് ഇപ്പോള്‍ നടക്കുന്ന വാക്ശരങ്ങള്‍ അവര്‍ക്ക് ഏല്‍പിക്കുന്നത്. മാനസികമായി അവരെ തളര്‍ത്തുകയും പൊതുസമൂഹത്തില്‍ അവരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന പ്രസ്താവനകളാണ് സിനിമാ ലോകത്തെ പല പ്രമുഖരുടേതും. അങ്കമാലിയില്‍ നടി അക്രമിക്കപ്പെട്ടപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ അവര്‍ക്ക് പിന്തുണയുമായി പ്രത്യക്ഷപ്പെട്ട സിനിമാ ലോകത്തെ സഹപ്രവര്‍ത്തകരോട് ഒരു സംവിധായകന്‍ നടത്തിയ ഉപദേശമാണ് ഇത്തരുണത്തില്‍ ഓര്‍മ വരുന്നത്. ചീപ് ത്രില്ലിനും കൈയടികള്‍ക്കും വേണ്ടി അങ്ങേയറ്റം സ്ത്രീവിരുദ്ധ ഡയലോഗുകളും തമാശകളെന്ന പേരിലുള്ള വഷളനായക അഴിഞ്ഞാട്ടവും ഇനി മുതല്‍ ചെയ്യില്ല എന്ന് എഴുത്തുകാരും സംവിധായകരും താരങ്ങളും തീരുമാനിക്കുകയാണെങ്കില്‍ അതാവും നമുക്ക് ഈ നാടിനോടും ഈ സമൂഹത്തോടും ചെയ്യാവുന്ന ഏറ്റവും വലിയ നീതി.
സാമൂഹിക ബാധ്യത എന്നൊന്നില്ലാത്ത സിനിമക്കാര്‍ക്ക് ഇങ്ങനെയൊക്കെ തിരിച്ചടി കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ചുറ്റുമുള്ള ജീര്‍ണതകളെ കണ്ടില്ലെന്നുനടിച്ച് പെണ്ണുടല്‍ ഭംഗിയെയും ആണിന്റെ ആസുരതയേയും മാത്രം എന്നും പ്രമേയമാക്കിയ സിനിമക്കാര്‍ ഇനിയെങ്കിലും കണ്ണുതുറന്ന് ചുറ്റിനും നോക്കണമെന്നായിരുന്നു ആഷിഖ് അബുവിന്റെ ഉപദേശം. സിനിമാ ലോകത്ത് നിന്ന് പലരും അന്ന് ആശിഖിന് പിന്തുണയുമായി എത്തി. അതൊക്കെ മറന്നാണ് ഇപ്പോള്‍ പലരും നടിക്ക്് നേരെ വാളോങ്ങുന്നത്.
സിനിമാ ലോകത്തെ പെണ്ണുങ്ങളുടെ ചാരിത്രശുദ്ധിയെയും ജീവിത ശുദ്ധിയെയും കുറിച്ചു പുറം ലോകത്തിന് കാര്യമായൊന്നും അറിയില്ല. അല്ലെങ്കില്‍, അത്ര മെച്ചമായ പ്രതിച്ഛായ അല്ല അവര്‍ക്കുള്ളതെന്ന് പറയാം. അവര്‍ക്കിടയില്‍ സാംസ്‌കാര ജീര്‍ണത ബാധിച്ചവരും അസാന്മാര്‍ഗികളുമുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എങ്കിലും അതൊക്കെ പൊതുസമൂഹത്തിന് മുന്നില്‍ വിളിച്ചു പറയുന്നത് ന്യായമാണോ? വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അഭിപ്രായപ്പെട്ടത് പോലെ വേട്ടക്കാരന്റെ കൂടെ നില്‍ക്കുകയും ഇരകളുടെ പിന്നാലെ ഓടുകയും ചെയ്യുന്ന സമീപനമാണ് ഈ വിഷയത്തില്‍ ഇവരൊക്കെ പുലര്‍ത്തിക്കാണുന്നത്. ഇവര്‍ക്കൊക്കെ അല്‍പ്പം സാമൂഹിക പ്രതിബദ്ധതയും സമൂഹത്തില്‍ സ്തീകള്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന നിയമങ്ങളെക്കുറിച്ച് ധാരണയും ആവശ്യമല്ലേ?
സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ ആര്‍ക്കൊപ്പമാണെന്ന് കഴിഞ്ഞ ദിവസം അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കും സംശയിക്കപ്പെടുന്ന നടനും ഒരേപോലെ പിന്തുണ എന്നു പറയുമ്പോള്‍ തന്നെ അത് വ്യക്തമാണല്ലോ. കേരളീയ പൊതുസമൂഹത്തിന് മുമ്പില്‍ സിനിമാ താരങ്ങള്‍ ഇതുപോലെ പരിഹാസ്യരായ ഒരു ഘട്ടമുണ്ടായിട്ടില്ല. സംശയിക്കപ്പെടുന്ന നടന് പ്രതിരോധമൊരുക്കുന്നതിന് പിന്നില്‍, ഇതേപോലെയുള്ള ഒരുപാട് വിവാദങ്ങള്‍ പുറത്തുവരുമെന്ന പേടിയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഇരവൊക്കെ തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടത്രേ.

പിന്നെ സിനിമാ ലോകത്തെ സ്ത്രീ പദവി എന്നൊക്കെ പറയുന്നത് എന്താണെന്ന് വ്യക്തമാക്കുന്നതാണ് പല നടികളുടെയും തുറന്നു പറച്ചിലുകള്‍. അവസരം നല്‍കാന്‍ ശരീരം ആവശ്യപ്പെടുന്ന പുരുഷ കേസരികളുടെ ലോകത്ത് നിന്ന് സ്ത്രീകള്‍ ഇതിലും കൂടുതലൊന്നും പ്രതീക്ഷിക്കുന്നത് വെറുതെയാകും. അതേസമയം, ഇതിന് വിധേയപ്പെട്ട് അവസരം തരപ്പെടുത്തുന്ന സ്ത്രീവാദികളുടെ കൂടി തട്ടകമാണ് സിനിമാ രംഗം. പുറത്ത് പറയുന്ന വീമ്പുകള്‍ക്കപ്പുറമാണ് പലരുടെയും നിലപാടുകള്‍.
ഒരു സ്ത്രീ ആരോടൊക്കെ സുഹൃദ് സുഹൃദ് ബന്ധം പുലര്‍ത്തണം, ആരുമായി അടുപ്പം കാണിക്കണമെന്നത് അവരുടെ വ്യക്തിപരമായ കാര്യമെന്നൊക്കെ വലിയ ജനാധിപത്യ വേദാന്തങ്ങള്‍ പറയുന്നവരാണ് ഇപ്പോള്‍ അതിന്റെ പേരില്‍ നടിയെ ആക്ഷേപിക്കുന്നത് എന്ന വൈരുധ്യവും ഇവിടെയുണ്ട്.

വൈരുധ്യങ്ങള്‍ അവിടെയും ഒടുങ്ങുന്നില്ല. നേരത്തെ സ്ത്രീകളുടെ സാമൂഹിക പദവിയും സവിശേഷതയും ചര്‍ച്ച ചെയ്യുന്ന മതപണ്ഡിതന്മാര്‍ക്കെതിരെ വാളെടുക്കുന്നവരൊന്നും സിനിമാ ലോകത്ത് നിന്നുള്ള ഇപ്പോഴത്തെ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ രംഗത്ത് വന്നതായി കാണുന്നില്ല. ഇപ്പോള്‍ സാമൂഹിക വിരുദ്ധരാല്‍ അക്രമിക്കപ്പെട്ട ഒരു നടിയുടെ സ്വകാര്യജീവിതത്തെക്കുറിച്ചു സഹപ്രവര്‍ത്തകര്‍ സമൂഹ മധ്യത്തില്‍ വളരെ തരംതാണ നിലയില്‍ അധിക്ഷേപിക്കുമ്പോള്‍ സ്ത്രീ വിമോചന പ്രസ്ഥാനക്കാര്‍ എന്തുകൊണ്ടാണ് മാളത്തില്‍ തന്നെ ഒളിച്ചിരിക്കുന്നത്? മന്ത്രി എം എം മണി നടത്തിയ പ്രസ്താവന സ്ത്രീവിരുദ്ധമെന്ന് പറഞ്ഞു കയറെടുത്തവരെയും ഇപ്പോള്‍ കാണാനില്ല. അപ്പോള്‍, സ്ത്രീ വിരുദ്ധവുമാകാനും റിസര്‍വേഷനുണ്ടോ എന്തോ!
യഥാര്‍ഥത്തില്‍ സ്ത്രീകളെ രണ്ടാം തരം പൗരന്മാരും ഒന്നിനും കൊള്ളാത്തവരുമായി ചിത്രീകരിക്കുന്നതും അവരെ അക്രമിക്കാന്‍ പ്രചോദനം നല്‍കുന്നതും സിനിമയാണ്. അവളെ ഉടലും ലൈംഗിക ഉപകരണവുമായാണല്ലോ മിക്ക സിനിമകളും പ്രഘോഷിക്കുന്നത്. നഗ്നതാ പ്രദര്‍ശനവും ബലാത്സംഗവുമൊക്കെ സിനിമയിലെ സ്ഥിരം ചേരുവകളാണല്ലോ. സത്രീകള്‍ കേവലം ഉപഭോഗ വസ്തു മാത്രമാണെന്ന സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് സിനിമ നല്‍കുന്നത്. ആ ആശയം റിയല്‍ ആയി എന്നതിലപ്പുറം ഇപ്പോള്‍ ഒന്നും സംഭവിച്ചിട്ടില്ല.
സിനിമയില്‍ ചിത്രീകരിക്കുന്ന അക്രമവും അസഭ്യതയും കുട്ടികളെയും യുവസമൂഹത്തെയും ചീത്തയാക്കുകയാണെന്ന് സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ കൊമേഴ്‌സ് ചെന്നൈയില്‍ സംഘടിപ്പിച്ച മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനൊരു മാറ്റവുമില്ലാത്ത കാലത്തോളം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും കൈയേറ്റങ്ങളും ചതിയിലൂടെ അവരുടെ നഗ്നത പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഭവങ്ങളുമെല്ലാം തുടര്‍ന്നു കൊണ്ടിരിക്കും.