ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ സ്വകാര്യവത്കരണത്തിന് കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി കാണിച്ചതോടെ ഓഹരികള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് കൂടുതല്‍ കമ്പനികള്‍ രംഗത്തെത്തി. ടാറ്റ നേരത്തേ തന്നെ എയര്‍ ഇന്ത്യ സ്വന്തമാക്കാന്‍ നീക്കങ്ങളാരംഭിച്ചിരുന്നു. ഇന്‍ഗിഗോയാണ് പുതുതായി രംഗത്തെത്തിയിട്ടുള്ളത്.
എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര ഫ്‌ളൈറ്റുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ഇന്‍ഡിഗോ സിവില്‍ വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കി. കത്ത് ലഭിച്ചതായി സിവില്‍ വ്യോമയാന സെക്രട്ടറി ആര്‍ എന്‍ ചൗബേ സ്ഥിരീകരിക്കുകയും ചെയ്തു. എയര്‍ ഇന്ത്യയുടെ ഇക്കോണമി സര്‍വീസായ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വാങ്ങാനും ഇന്‍ഡിഗോക്ക് താത്പര്യമുണ്ട്. അന്താരാഷ്ട്ര, എക്‌സ്പ്രസ് ഫ്‌ളൈറ്റുകള്‍ മാത്രമായി വാങ്ങാന്‍ സാധിക്കില്ലെങ്കില്‍ മൊത്തത്തില്‍ വാങ്ങുന്നതിനും തയ്യാറാണെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് പറഞ്ഞു.
ഇന്‍ഡിഗോയും ടാറ്റയും മാത്രമല്ല, നിരവധി സ്ഥാപനങ്ങള്‍ എയര്‍ ഇന്ത്യാ ഓഹരികളില്‍ താത്പര്യമറിയിച്ചിട്ടുണ്ടെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. അതില്‍ ആഭ്യന്തര സ്ഥാപനങ്ങളും അന്താരാഷ്ട്ര സ്ഥാപനങ്ങളും ഉണ്ട്. എന്നാല്‍ ഇവയെല്ലാം അനൗപചാരികം മാത്രമാണ്. ഇന്‍ഡിഗോ മാത്രമാണ് ഇപ്പോള്‍ ഔപചാരികമായി സമീപിച്ചിട്ടുള്ളൂവെന്നും സിന്‍ഹ വ്യക്തമാക്കി. എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭാ യോഗം തത്വത്തില്‍ അനുമതി നല്‍കിയിരുന്നു.
ഓഹരി വിറ്റഴിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ തീരുമാനിക്കുന്നതിനായി ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപവത്കരിക്കാനും തീരുമാനമായിട്ടുണ്ട്. നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കുന്നത് നേരത്തെ കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലായിരുന്നു. നിതി ആയോഗിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും എയര്‍ ഇന്ത്യയുടെ ഭാവിയെന്ന് സിവില്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ നേരത്തെ വ്യക്തമാക്കിയിരുന്നു.