Connect with us

Sports

ബ്രാവോ മിന്നി; പോര്‍ച്ചുഗലിനെ കീഴടക്കി ചിലി ഫൈനലില്‍

Published

|

Last Updated

മോസ്‌കോ: ആവേശപ്പോരാട്ടത്തില്‍ യൂറോ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനെ കീഴടക്കി ചിലി കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ അകന്നുനിന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ചിലിയുടെ ജയം. 3-0. ഗോള്‍ കീപ്പര്‍ ക്ലോഡിയോ ബ്രാവോയുടെ മിന്നുന്ന പ്രകടനമാണ് ചിലിക്ക് ജയം സമ്മാനിച്ചത്.

പോര്‍ച്ചുഗല്‍ താരങ്ങളുടെ മൂന്ന് കിക്കുകളും ഉജ്ജ്വലമായി ബ്രാവോ തടഞ്ഞിട്ടു. റിക്കാര്‍ഡോ ക്വരേസ്മ, സാന്റോസ് മൗടിഞ്ഞോ, നാനി എന്നിവരുടെ കിക്കുകളാണ് ബ്രാവോ തടഞ്ഞത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കിക്കെടുക്കാന്‍ അവസരം ലഭിച്ചില്ല. ചിലി ആദ്യ മൂന്ന് കിക്കുകളും ഗോളാക്കി മാറ്റി. അര്‍ടുറോ വിദാല്‍, ആരാങ്കീസ്, അലക്‌സിസ് സാഞ്ചസ് എന്നിവരാണ് പന്ത് ലക്ഷ്യത്തിലെത്തിച്ചത്. ചിലി ഇതാദ്യമായാണ് കോണ്‍ഫറേഷന്‍ കപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ഇന്ന് നടക്കുന്ന ജര്‍മനി- മെക്‌സിക്കോ മത്സരത്തിലെ വിജയികളെ ചിലി ഫൈനലില്‍ നേരിടും.