നാടിനെന്ത് നേട്ടം?

Posted on: June 29, 2017 7:47 am | Last updated: June 28, 2017 at 11:51 pm

ആശയതലത്തിലും ഭരണ നിര്‍വഹണകാര്യത്തിലും നിലപാടുകളിലും അസാമാന്യമായ സമാനത പുലര്‍ത്തുന്ന രണ്ട് നേതാക്കള്‍ കണ്ടുമുട്ടുമ്പോള്‍ അത് ഊഷ്മളമായ സമാഗമമായേ തീരൂ. ട്രംപ്- മോദി കൂടിക്കാഴ്ച ഇഴയടുപ്പമുള്ള സൗഹൃദത്തിന്റെ പ്രകടനമാകുന്നത് അത്‌കൊണ്ടാണ്. ഡൊണാള്‍ഡ് ട്രംപ് യു എസ് പ്രസിഡന്റായ ശേഷം വൈറ്റ്ഹൗസിലെത്തുന്ന ആദ്യത്തെ ലോക നേതാവാണ് മോദി. ഞായറാഴ്ച യു എസിലെത്തി ചൊവ്വാഴ്ച മടങ്ങും വരെ നടന്ന എല്ലാ ചടങ്ങുകളിലും ഈ നേതാക്കള്‍ തമ്മിലുള്ള അഗാധമായ സൗഹൃദത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് കണ്ടത്. മോദിക്ക് പ്രോട്ടോകോള്‍ മറന്ന സ്വീകരണമൊരുക്കി ട്രംപ്. അവര്‍ പല തവണ കെട്ടിപ്പിടിച്ചു. സമൂഹമാധ്യമങ്ങളില്‍ തങ്ങള്‍ക്കുള്ള സ്വാധീന ശക്തിയില്‍ സംതൃപ്തി കൊണ്ടു. ഔപചാരിക കൂടിക്കാഴ്ചക്ക് പുറമേ നിരവധി പരിപാടികളില്‍ ഇരു നേതാക്കളും പങ്കെടുത്തു. ആഴത്തില്‍ ആശയങ്ങള്‍ പങ്കുവെക്കാനുള്ള അവസരമായാണ് കൂടിക്കാഴ്ചയെ കാണുന്നതെന്നും ഇഴയടുപ്പമുള്ള സൗഹൃദമാണ് ട്രംപുമായി ഉള്ളതെന്നും മോദി നേരത്തേ വ്യക്തമാക്കിയിരുന്നു. ട്രൂ ഫ്രണ്ട് എന്നാണ് മോദിയെ ട്രംപ് വിശേഷിപ്പിച്ചത്. ലോകത്തെ നയിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു രാഷ്ട്രത്തിന്റെ തലവന്‍ നമ്മുടെ പ്രധാനമന്ത്രിയെ ഇത്തരത്തില്‍ ആദരിക്കുന്നതിലും ഹൃദയഹാരിയായ വരവേല്‍പ്പിനാല്‍ വീര്‍പ്പുമുട്ടിക്കുന്നതിലും നമുക്ക് അഹങ്കരിക്കാം. എന്നാല്‍ അതിനപ്പുറം ഈ സന്ദര്‍ശനം എന്ത് ഗുണഫലമാണ് ഉണ്ടാക്കാന്‍ പോകുന്നത്? ഭൗമ രാഷ്ട്രീയത്തില്‍ നേതാക്കള്‍ക്ക് ലഭിക്കാന്‍ പോകുന്ന സ്ഥാനമാനങ്ങള്‍ക്കപ്പുറം രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ ഏത് നിലക്കാണ് ഈ സന്ദര്‍ശനം പരിവര്‍ത്തിപ്പിക്കാന്‍ പോകുന്നത്?

2016 ജൂണിലും മോദി യു എസ് സന്ദര്‍ശിച്ചിരുന്നു. അന്ന് ബരാക് ഒബാമയായിരുന്നു പ്രസിഡന്റ്. അന്നത്തെ സംയുക്ത പ്രസ്താവനയും പുതിയ പ്രസ്താവനയും താരതമ്യം ചെയ്താല്‍ വിദേശനയത്തിന്റെ തുടര്‍ച്ചയല്ല, വ്യതിചലനമാണ് സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമാകും. ഭീകരതക്കെതിരായ പോരാട്ടത്തില്‍ തന്നെയാണ് സംയുക്ത പ്രസ്താവനയുടെ ഊന്നല്‍. പാക്കിസ്ഥാനെതിരെ കൂടുതല്‍ ശക്തമായ പദാവലികള്‍ പ്രയോഗിച്ചിരിക്കുന്നു. ചൈനയെ വല്ലാതെ ആക്രമിക്കാതെ കടന്ന് പോകുകയും ചെയ്യുന്നു. ഭീകരതയെ അപലപിക്കുമ്പോള്‍ ഇസ്‌ലാമിക ഭീകരത എന്ന പ്രയോഗം തന്നെ നടത്തുന്നുണ്ട് സംയുക്ത പ്രസ്താവന. ബരാക് ഒബാമ ഭീകരതക്ക് മതമില്ല എന്ന നിലപാടാണ് കൈകൊണ്ടിരുന്നത്. മുസ്‌ലിംകളെ മുഴുവന്‍ ആട്ടിയോടിക്കണമെന്നും കുടിയേറ്റക്കാര്‍ മുഴുവന്‍ ഭീകരരാണെന്നും അതിര്‍ത്തിയടച്ചാലേ യു എസ് രക്ഷപ്പെടൂ എന്നും ആക്രോശിച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയും അധികാരം കൈവന്നപ്പോള്‍ ഈ വിധ്വംസക പ്രഖ്യാപനങ്ങള്‍ ഒന്നൊന്നായി പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ട്രംപ് പ്രസിഡന്റായിരിക്കുമ്പോള്‍ ഭീകരതയെ ഒരു മതത്തിലേക്ക് മാത്രമായി ചാര്‍ത്തിക്കെട്ടുന്നതില്‍ അത്ഭുതപ്പെടാനില്ല. താന്‍ തിരിച്ചു ചെല്ലേണ്ട നാട്ടില്‍ പശുവിന്റെ പേരില്‍ മനുഷ്യരെ പച്ചക്ക് കൊല്ലുകയാണെന്നതിനാല്‍ ഈ മുദ്രകുത്തല്‍ പ്രയോഗത്തില്‍ മോദിക്കും മനഃസാക്ഷിക്കുത്തുണ്ടാകില്ല. സത്യത്തില്‍ ഉത്തര കൊറിയ, ദക്ഷിണ ചൈനാ കടല്‍ തുടങ്ങി അമേരിക്കക്ക് കക്ഷി ചേരേണ്ട എല്ലാ സങ്കീര്‍ണ പ്രശ്‌നങ്ങളിലേക്കും ഇന്ത്യയെ വലിച്ചിഴക്കുകയാണ് ഈ സംയുക്ത പ്രസ്താവന ചെയ്തിരിക്കുന്നത്.

അമേരിക്ക ഫസ്റ്റ് എന്ന തന്റെ നയം ഭംഗിയായി നടപ്പാക്കുന്നതില്‍ ട്രംപിനുള്ള മിടുക്കാണ് ഈ കൂടിക്കാഴ്ചയില്‍ ആത്യന്തികമായി അവശേഷിക്കുന്നത്. ഡ്രോണുകള്‍ അടക്കം കൂടുതല്‍ അമേരിക്കന്‍ ആയുധങ്ങള്‍ ഇന്ത്യയിലെത്തും. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുമായുള്ള വ്യാപാര മിച്ചം ഇപ്പോള്‍ അമേരിക്കക്ക് അനുകൂലമല്ല. ഇത് അനുകൂലമാക്കിയെടുക്കാനുള്ള നീക്കുപോക്കുകളാണ് വ്യാപാര ഉടമ്പടികളിലൂടെ സാധ്യമായിരിക്കുന്നത്. മോദി വാഷിംഗ്ടണ്‍ ഡി സിയില്‍ വന്നിറങ്ങിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഇരച്ചെത്തിയ ഇന്ത്യന്‍ ഐ ടി പ്രൊഫഷനലുകളെല്ലാം ഒരേ സ്വരത്തില്‍ പങ്കുവെച്ച പ്രതീക്ഷ എച്ച് വണ്‍ ബി വിസ വിഷയം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ്. ഇന്ത്യന്‍ പ്രൊഫഷനലുകള്‍ക്ക് അമേരിക്കയില്‍ തൊഴില്‍ നേടുന്നതിനുള്ള എച്ച് വണ്‍ ബി വിസയുടെ ചട്ടങ്ങള്‍ കര്‍ക്കശമാക്കാന്‍ ട്രംപ് ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറങ്ങിക്കഴിഞ്ഞു. പുറത്തുള്ളവര്‍ വേണ്ടെന്ന ട്രംപിന്റെ തീവ്രവലതുപക്ഷ നയത്തിന്റെ ഭാഗമാണ് ഈ ഉത്തരവും. എല്ലാവരും പ്രതീക്ഷിച്ചു, ട്രംപിനെ കാണുമ്പോള്‍ മോദി എച്ച് വണ്‍ ബി വിസയെക്കുറിച്ച് ആരായുമെന്ന്. ഒന്നുമുണ്ടായില്ല. സംയുക്ത പ്രസ്താവനയില്‍ ഒരു വാചകം പോലും ഇത് സംബന്ധിച്ച് വന്നില്ല. ഇന്ത്യക്കാര്‍ക്കെതിരെ അമേരിക്കയില്‍ വര്‍ധിച്ചു വരുന്ന വംശീയ ആക്രമണങ്ങളെക്കുറിച്ചും നേതാക്കള്‍ സംസാരിച്ചില്ല. അങ്ങനെ രാജ്യം പ്രതീക്ഷിച്ചതൊന്നുമില്ലാതിരിക്കുകയും ചൈനയുമായുള്ള ശത്രുതയടക്കം അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങള്‍ പലതും ഉണ്ടാക്കുകയും ചെയ്ത കൂടിക്കാഴ്ചയാണ് നടന്നിരിക്കുന്നത്. അത്‌കൊണ്ടാണ് ആ സൗഹൃദ പ്രകടനങ്ങള്‍ നിലവാരമില്ലാത്ത ഹാസ്യാവതരണത്തിലെ രംഗങ്ങള്‍ പോലെ അരോചകമാകുന്നത്.