Connect with us

Kasargod

റിയാസ് മൗലവി വധക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയില്‍ നാളെ വാദം

Published

|

Last Updated

കാസര്‍കോട്: പഴയ ചൂരിയിലെ മദ്‌റസാധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി വധക്കേസില്‍ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ നാളെ വാദം നടക്കും. ചൊവ്വാഴ്ച പരിഗണിക്കാനിരുന്ന അപേക്ഷയാണ് നാളത്തേക്ക് മാറ്റിയത്.
അതേസമയം പ്രതികളുടെ ജാമ്യത്തെ എതിര്‍ത്തുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും മുതിരുമെന്നും തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
റിയാസ് മൗലവി വധക്കേസിലെ പ്രതികളും ആര്‍ എസ് എസ്് പ്രവര്‍ത്തകരുമായ കുട്‌ലു കേളുഗുഡ്ഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെ മാത്തയിലെ നിധിന്‍ (19), കേളുഗുഡ്ഡെ ഗംഗയിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. അതേസമയം 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കാന്‍ സാധ്യതയില്ല.
കേസില്‍ 1,000 പേജുള്ള കുറ്റപത്രം കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. എ ശ്രീനീവാസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ടി പി ചന്ദ്രശേഖരന്‍ കൊലക്കേസും, മഅ്ദനി കേസും അടക്കം വാദിച്ച പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ. കെ അശോകനെ സ്‌പെഷ്യല്‍ പബ്ലിക് പ്രേസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. ദൃക്‌സാക്ഷികളടക്കം 100 സാക്ഷികളാണുള്ളത്.