Connect with us

Kerala

സംസ്ഥാനത്ത് വനിതാ-ശിശുവികസന വകുപ്പ് രൂപവത്കരിക്കാന്‍ മന്ത്രിസഭാ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാശിശുവികസന വകുപ്പ് രൂപവത്കരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം പാലിച്ചാണ് മന്ത്രിസഭ തീരുമാനം എടുത്തത്. 2016ലെ നയപ്രഖ്യാപനത്തിലും പുതിയ വകുപ്പ് രൂപവത്കരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. സാമൂഹികനീതി വകുപ്പ് വിഭജിച്ചാണ് പുതിയ വകുപ്പ് രൂപവത്കരിക്കുന്നത്.
വികസന പ്രവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം ലഭിക്കുന്നതിനും ലിംഗവിവേചനത്തില്‍ നിന്നും അതിക്രമങ്ങളില്‍നിന്നും സംരക്ഷണം ലഭിക്കുന്നതിനും കുട്ടികളുടെ അവകാശ സംരക്ഷണത്തിനും പ്രത്യേക വകുപ്പ് വേണമെന്ന ആവശ്യം പൊതുസമൂഹം ഏറെക്കാലമായി ഉന്നയിക്കുന്നതാണ്. ജന്‍ഡര്‍ ഓഡിറ്റിംഗ് മറ്റ് വകുപ്പുകളിലെ സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഏകോപനം എന്നിവയും പുതിയ വകുപ്പിന്റെ ചുമതലകളില്‍ വരും.

വനിതാശിശുവികസന വകുപ്പ് രൂപവത്കരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സാമൂഹ്യനീതി വകുപ്പിന്റ മുന്‍ ഡയറക്ടര്‍ വി എന്‍ ജിതേന്ദ്രനെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പിന്റെ ചുമതലകള്‍ നിര്‍ണയിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ പുതിയ വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും. വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, ജന്‍ഡര്‍ പാര്‍ക്ക്, നിര്‍ഭയ പദ്ധതി, ശിശുക്ഷേമ സമിതി, അങ്കണവാടി ക്ഷേമനിധി ബോര്‍ഡ്, അഗതി മന്ദിരങ്ങള്‍ മുതലായ സ്ഥാപനങ്ങളും പദ്ധതികളും പുതിയ വകുപ്പിന്റെ കീഴില്‍ വരും.

പുതിയ വകുപ്പിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഡയറക്ടര്‍, 14 ജില്ലാ ഓഫീസര്‍മാര്‍, ലോ ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവക്ക് പുറമെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഉള്‍പ്പെടെയുളള സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെയും നിയമിക്കും. ജില്ലാതലത്തിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ മറ്റ് വകുപ്പുകളില്‍നിന്ന് പുനര്‍വിന്യസിക്കും.

---- facebook comment plugin here -----

Latest