ട്രംപ് ‘ലോക’ പരാജയമെന്ന് സര്‍വേ ഫലം; ജനങ്ങളില്‍ നിന്നുണ്ടായത് കടുത്ത പ്രതിഷേധവും അമര്‍ഷവും

Posted on: June 28, 2017 11:24 am | Last updated: June 28, 2017 at 12:52 pm

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയോട് ലോക ജനങ്ങള്‍ക്ക് പുച്ഛമെന്ന് സര്‍വെ ഫലം. യു എസ് പ്രസിഡന്റായി അഞ്ച് മാസം പിന്നിടുന്ന സാഹചര്യത്തില്‍ പ്യൂ ഗവേഷണ കേന്ദ്രം നടത്തിയ സര്‍വേയിലാണ് ട്രംപിനെ കുറിച്ചുള്ള ലോക രാജ്യങ്ങളിലെ പൗരന്മാരുടെ അഭിപ്രായം ആരാഞ്ഞത്. 37 രാജ്യങ്ങളിലായി 40,000 പേരുമായി നടത്തിയ അഭിമുഖത്തില്‍ . ബരാക് ഒബാമയേക്കാള്‍ ട്രംപ് മികച്ചതാണെന്ന അഭിപ്രായം 35 രാജ്യങ്ങളിലെ പൗരന്മാര്‍ക്കുമില്ല.

എന്നാല്‍ റഷ്യയിലെയും ഇസ്‌റാഈലിലെയും ജനങ്ങള്‍ മാത്രമാണ് ഒബാമയേക്കാള്‍ ട്രംപിന് മാര്‍ക്കിട്ടത്. തീവ്രവലതുപക്ഷ നേതാവും കടുത്ത മുസ്‌ലിം, കുടിയേറ്റ, മനുഷ്യത്വവിരുദ്ധ നിലപാടുകളും സ്വീകരിക്കുന്ന ട്രംപ് അമേരിക്കയുടെ സത്‌പേരിന് കളങ്കമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്. അതേസമയം തങ്ങളുടെ രാജ്യങ്ങള്‍ക്ക് അമേരിക്കയോടുള്ള നയതന്ത്രബന്ധം മാറാനിടയില്ലെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

ഇന്ത്യയില്‍ 60 ശതമാനത്തോളം പേര്‍ ട്രംപിനെതിരായ അഭിപ്രായം പറഞ്ഞപ്പോള്‍ 40 ശതമാനത്തോളം ട്രംപ് അനുകൂല നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ദക്ഷിണ കൊറിയയില്‍ ട്രംപിനെ അനുകൂലിച്ചവര്‍ കേവലം 20 ശതമാനത്തില്‍ കുറവാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സഊദി അറേബ്യ മുതല്‍ ഇസ്‌റാഈല്‍ വരെ വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ലോക മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തിട്ടും അന്താരാഷ്ട്ര തലത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ട്രംപിന് സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

26 രാജ്യങ്ങളിലെ പകുതിയിലധികമാളുകളും ട്രംപ് അപകടകാരിയാണെന്ന അഭിപ്രായമുള്ളവരാണ്.
അമേരിക്കയിലും ട്രംപിനുള്ള പിന്തുണ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ട്രംപ് നേര്‍വഴിയിലാണെന്ന് അമേരിക്കയിലെ 39 ശതമാനം പേര്‍ക്ക് മാത്രമാണ് അഭിപ്രായമുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.