ഗോമാംസം വിളമ്പിയെന്ന് സംശയം: ബി ജെ പി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഗോമൂത്രം തളിച്ചു

Posted on: June 27, 2017 10:18 pm | Last updated: June 27, 2017 at 10:18 pm

ബെംഗളൂരു: സര്‍ക്കാര്‍ മന്ദിരത്തില്‍ വെച്ച് ഗോമാംസം കഴിച്ചെന്ന സംശയത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചു.

ഒരു സംഘടന നടത്തിയ പരിപാടിയുടെ ഭാഗമായി ഇവിടെ വെച്ച് മാംസം കഴിച്ചെന്നാണ് ആരോപണമുയര്‍ന്നത്. ‘ചര്‍വാക’ എന്ന സംഘടനയാണ് ഭക്ഷണ ശീലങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം സെമിനാര്‍ സംഘടിപ്പിച്ചത്. സര്‍ക്കാറിന് കീഴിലുള്ള ‘മൈസൂര്‍ കലാമന്ദിര്‍’ എന്ന സ്ഥാപനത്തില്‍ വെച്ചായിരുന്നു പരിപാടി. മൈസൂര്‍ യൂനിവേഴ്‌സിറ്റി മുന്‍ പ്രൊഫസറും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ എസ് ഭഗവാന്‍ അടക്കമുള്ള പ്രമുഖര്‍ സെമിനാറില്‍ പങ്കെടുത്തിരുന്നു.
പരിപാടിയുടെ അവസാന ദിവസം ഭക്ഷണത്തോടൊപ്പം മാംസവും വിളമ്പിയിരുന്നു. ഇത് ഗോമാംസമാണെന്ന് ആരോപിച്ചാണ് ബി ജെ പി പ്രവര്‍ത്തകര്‍ പരിപാടി നടന്ന കെട്ടിടത്തില്‍ ഗോമൂത്രം തളിച്ചത്. അതേസമയം, സര്‍ക്കാര്‍ കെട്ടിടത്തില്‍ വെച്ച് ഭക്ഷണം കഴിച്ചതിന് സംഘാടകര്‍ക്ക് ജില്ലാ കലക്ടര്‍ നോട്ടീസ് നല്‍കി. സര്‍ക്കാര്‍ കെട്ടിടത്തില്‍ സെമിനാര്‍ നടത്താനാണ് അനുമതി നല്‍കിയിരുന്നതെന്നും ചരിത്രപ്രാധാന്യമുള്ള കലാമന്ദിറിനുള്ളില്‍ അനുവാദമില്ലാതെ ഭക്ഷണം വിളമ്പാന്‍ പാടില്ലെന്നും കാണിച്ചാണ് നോട്ടീസ് നല്‍കിയത്.