Kerala
നഴ്‌സുമാരുടെ ശമ്പള വര്‍ധനവ്: ചര്‍ച്ചയില്‍ തീരുമാനമായില്ല

തിരുവനന്തപുരം: ശമ്പള വര്‍ധനവ് വിഷയത്തില്‍ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും (യുഎന്‍എ) മാനേജ്‌മെന്റ് പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല.
നഴ്‌സുമാര്‍ ആവശ്യപ്പെടുന്ന ശമ്പളം നല്‍കാനാകില്ലെന്ന് മാനേജുമെന്റുകള്‍ നിലപാടെടുത്തതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. മിനിമം വേതനം 20,000 രൂപയെങ്കിലും ലഭിക്കണമെന്ന ആവശ്യമാണ് നഴ്‌സുമാര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത്. എന്നാല്‍ 12,000 രൂപ വരെയെ നല്‍കാന്‍ കഴിയൂ എന്നാണ് മാനേജ്‌മെന്റ് പ്രതിനിധികളുടെ നിലപാട്.
തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയിലാണ് ചര്‍ച്ച നടന്നത്. ശമ്പള വര്‍ധനവില്‍ തീരുമാനമായില്ലെങ്കിലും സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചകള്‍ തുടരാന്‍ യുഎന്‍എയും മാനേജ്‌മെന്റ് പ്രതിനിധികളും ധാരണയിലെത്തി. ചര്‍ച്ചകള്‍ സര്‍ക്കാര്‍തലത്തില്‍ തുടരുമെന്ന് ലേബര്‍ കമ്മീഷണറും അറിയിച്ചു.