Connect with us

Kerala

ഹൃദയവിശുദ്ധിയുമായി ഇന്ന് ചെറിയ പെരുന്നാള്‍

Published

|

Last Updated

ഏവര്‍ക്കും ഈദ് ആശംസകള്‍…ചിത്രം: ശമീര്‍ ഊര്‍പ്പള്ളി

കോഴിക്കോട്: വ്രതവിശുദ്ധിയില്‍ സംസ്‌കരിച്ച ശരീരവും പ്രാര്‍ഥനാ നിര്‍ഭരമായ രാപ്പകലുകളാല്‍ തെളിച്ചമേകിയ മനസ്സുമായി വിശ്വാസി സമൂഹത്തിന് ഇന്ന് ആഹ്ലാദത്തിന്റെ നറുനിലാവ് വിടരുന്ന ചെറിയ പെരുന്നാള്‍. തെറ്റുകളില്‍ വീഴാതിരിക്കാനുള്ള സൂക്ഷ്മതയും ജീവിത വിജയത്തിന് അടിസ്ഥാനമായ സഹനവും കൈമുതലാക്കി വിശ്വാസികള്‍ റമസാനിനോട് വിട ചൊല്ലി. ഒരു മാസത്തെ വ്രതത്തിലൂടെ കൈവരിച്ച പരിശീലനം പ്രായോഗിക രൂപത്തില്‍ മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നു നല്‍കുക എന്ന പ്രതിജ്ഞയോടെ. പുണ്യ മാസത്തിലെ മുപ്പത് ദിനരാത്രങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇത്തവണ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാൻ ഒഴികെ ഗൾഫ് നാടുകളിലും കാസർേകാട്ടും ഇന്നലെയായിരുന്നു െപെരുന്നാൾ.

ഇന്നലെ വൈകീട്ടോടെ പള്ളികളില്‍ നിന്നും മുസ്‌ലിം ഭവനങ്ങളില്‍ നിന്നും ഈദിന്റെ സന്ദേശവും സന്തോഷവും വിളിച്ചറിയിച്ച് ആല്ലാഹുവിന്റെ ഏകത്വവും മഹത്വവും വാഴ്ത്തി (അല്ലാഹു അക്ബര്‍… വലില്ലാഹില്‍ ഹംദ്) തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. നിര്‍ബന്ധ ദാനധര്‍മമായ ഫിത്വര്‍ സക്കാത്ത് കൊടുത്തുകൊണ്ടാണ് പെരുന്നാള്‍ ആഘോഷത്തിലേക്ക് കടന്നത്.

രാവിലെ കുളിച്ചു പുതുവസ്ത്രങ്ങളണിഞ്ഞ് മസ്ജിദുകളിലെത്തി ചെറിയ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവെച്ചുമാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങുക. പള്ളികളില്‍ നടക്കുന്ന പെരുന്നാള്‍ നിസ്‌കാരത്തിനും ഖുതുബക്കും പ്രമുഖര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ബന്ധുവീടുകളിലും സുഹൃദ് വീടുകളിലും സന്ദര്‍ശനം നടത്തി ഈദാശംസകള്‍ കൈമാറും.

വിദ്വേഷവും ശത്രുതയും മറന്ന് പരസ്പരം സ്‌നേഹിച്ചും സൗഹൃദവും സന്തോഷവും പങ്കുവെച്ചുമാണ് പെരുന്നാള്‍ ആഘോഷിക്കേണ്ടത്. ഇത് പ്രകാരം ബന്ധുവീടുകളിലെ സന്ദര്‍ശനത്തിനും കുടുംബബന്ധം ഊട്ടിയുറപ്പിക്കുന്നതിനും സൗഹൃദങ്ങള്‍ സൃഷ്ടിക്കുന്നതിനുമെല്ലാം പെരുന്നാള്‍ ദിനത്തില്‍ വലിയ പരിഗണനയാണ് നല്‍കുന്നത്.

എന്നാല്‍, അതിരുവിട്ട ആഘോഷപ്രകടനങ്ങള്‍ ഇസ്‌ലാം വിലക്കുന്നു. മതം വിലക്കിയ മാര്‍ഗങ്ങളിലൂടെയുള്ള ആഘോഷം നോമ്പിലൂടെ നേടിയെടുത്ത ചൈതന്യം ഒരു നിമിഷത്തോടെ ഇല്ലാതാക്കുന്നതാണെന്ന് പണ്ഡിതര്‍ വിശ്വാസിയെ ഉണര്‍ത്തുന്നു.