വിദ്യാര്‍ഥികളോട് അധ്യാപിക ആത്മഹത്യാ കുറിപ്പ് എഴുതാന്‍ പറഞ്ഞു

Posted on: June 26, 2017 12:32 am | Last updated: June 25, 2017 at 10:07 pm

ലണ്ടന്‍: വിദ്യാര്‍ഥികളോട് ആത്മഹത്യ കുറിപ്പ് എഴുതിക്കൊണ്ടുവരാന്‍ പറഞ്ഞ അധ്യാപികക്കെതിരെ ബ്രിട്ടനില്‍ വ്യാപക വിമര്‍ശം. ഷേക് സ്പിയറിന്റെ മാക്ബത്ത് പഠിപ്പിച്ചുകൊണ്ടിരിക്കെയാണ് ലണ്ടനിലെ കിഡ്ബ്രൂക്കില്‍ തോമസ് ടാല്ലിസ് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക കുട്ടികളോട് അത്മഹത്യ കുറിപ്പ് എഴുതിവരാന്‍ ആവശ്യപ്പെട്ടത്. ലേഡി മാക്ബത്ത് സ്വയം ജീവനൊടുക്കുന്ന രംഗം വിശദീകരിക്കവെയാണ് 60 കൗമാരക്കുട്ടികളടങ്ങുന്ന ക്ലാസില്‍ അധ്യാപിക ആത്മഹത്യാ കുറിപ്പ് എഴുതിക്കൊണ്ടുവരാന്‍ പറഞ്ഞത്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എഴുതുന്ന ആത്മഹത്യാ കുറിപ്പ് എന്നാണ് ഹോം വര്‍ക്കിനായി നല്‍കിയ തലക്കെട്ട്.

ബ്രിട്ടനില്‍ കൗമാരക്കാര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചുകൊണ്ടിരിക്കെ അധ്യാപിക നല്‍കിയ ഹോംവര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രമുഖര്‍ വിലയിരുത്തി. ആത്മഹത്യ ചെയ്ത സുഹൃത്തുക്കളുള്ള കുട്ടിക്ക് ഈ ഹോം വര്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോപി്ചച് രക്ഷിതാക്കളും രംഗത്തെത്തി. അതിനിടെ, സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സ്‌കൂളിലെ പ്രധാനാധ്യാപിക രംഗത്തെത്തി.