Connect with us

Business

ഷീറ്റ് വില ഉയര്‍ന്നില്ല; റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

Published

|

Last Updated

കൊച്ചി: കാലാവസ്ഥ മാറ്റം കണക്കിലെടുത്ത് ചെറുകിട കര്‍ഷകര്‍ റബ്ബര്‍ ടാപ്പിംിന് തുടങ്ങിയെങ്കിലും ഷീറ്റ് വിലയില്‍ മാറ്റമില്ല. കര്‍ഷകര്‍ കുരുമുളക് നീക്കം നിയന്ത്രിച്ചിട്ടും വില ഉയര്‍ന്നില്ല. ഭക്ഷ്യയെണ്ണ വിപണികളിലെ മാന്ദ്യം നാളികേരോത്പന്നങ്ങളെ തളര്‍ത്തി. കേരളത്തില്‍ സ്വര്‍ണ വില വര്‍ധിച്ചു.
കാലാവസ്ഥ മാറ്റം മുന്‍ നിര്‍ത്തി കര്‍ഷകര്‍ റബ്ബര്‍ തോട്ടങ്ങളിലേയ്ക്ക് ശ്രദ്ധതിരിച്ചു. വിപണിയിലെ പ്രതിസന്ധി തുടരുകയാണെങ്കിലും തത്ക്കാലം വെട്ട് തുടങ്ങാമെന്ന നിലപാടിലാണ് പലരും. അതേ സമയം മഴ തുടങ്ങിയത് അവരില്‍ ആശങ്ക ഉളവാക്കുന്നു. പുലര്‍ച്ചെ മഴ അനുഭവപ്പെട്ടാല്‍ ടാപ്പിംഗിന് തടസം നേരിടും. കൊച്ചിയിലും കോട്ടയും മലബാര്‍ മേഖലയിലെ വിപണികളില്‍ പിന്നിട്ടവാരം ഷീറ്റിന്റെ വരവ് നാമമാത്രമായിരുന്നു. നാലാം ഗ്രേഡ് 12,200 ലും അഞ്ചാം ഗ്രേഡ് 12,00 രൂപയിലും സ്‌റ്റെഡിയാണ്. കാര്‍ഷിക മേഖലയിലും റബര്‍ സ്‌റ്റോക്ക് കുറവാണ്. ആഭ്യന്തര അവധി നിരക്കുകളില്‍ കാര്യമായ മാറ്റമില്ല. ടോക്കോം എക്‌സ്‌ഞ്ചേില്‍ റബ്ബര്‍ അവധി നിരക്കുകളിലെ ചാഞ്ചാട്ടം തുടരുന്നു. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്നതും നിക്ഷേപകരെ റബര്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍തിരിപ്പിച്ചു.
വിദേശ കുരുമുളക് സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാന്‍ ടെര്‍മിനല്‍ മാര്‍ക്കറ്റിലേയ്ക്കുള്ള ചരക്ക് നീക്കം കാര്‍ഷിക മേഖല കുറച്ചു. ഉത്പന്ന വില തകര്‍ച്ചയാണ് ചരക്ക് പിടിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. വീയെറ്റ്‌നാമില്‍ നിന്നുള്ള വില കുറഞ്ഞ കുരുമുളക് വന്‍ തോതില്‍ ഇറക്കുമതി നടന്നത് ആഭ്യന്തര ഉല്‍പാദകരെ പ്രതിസന്ധിയിലാക്കി. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 200 രൂപ കുറഞ്ഞ് 48,400 ലേക്ക് താഴ്ന്നു. ഗാര്‍ബിള്‍ഡ് മുളക് വില 50,400 രൂപ.
ഒരു വര്‍ഷത്തിനിടയില്‍ ക്വിന്റലിന് 21,000 രൂപ കുരുമുളകിന് നഷ്ടമായി. 2016-17 കാലയളവില്‍ ഇന്ത്യയുടെ കുരുമുളക് കയറ്റുമതി 37 ശതമാനം ഇടിഞ്ഞു. 1141.89 കോടി രൂപ വിലമതിക്കുന്ന 17,600 ടണ്‍ കുരുമുളക് കയറ്റുമതി നടത്തി. അതേ സമയം 2015-16 കാലയളവിലെ കയറ്റുമതി 28,100 ടണ്ണായിരുന്നു. അന്നത്തെ കയറ്റുമതി വരുമാനം 1730.42 കോടി രൂപയായിരുന്നു.

നാളികേരാത്പന്നങ്ങളുടെ നിരക്ക് തുടര്‍ച്ചയായ രണ്ടാം വാരവും താഴ്ന്നു. ജി എസ് റ്റി യെകുറിച്ചുള്ള ആശങ്കകള്‍ മില്ലുകാരെ വില്‍പ്പനക്കാരാക്കി. വന്‍കിട മില്ലുകളില്‍ ഉയര്‍ന്ന അളവില്‍ വെളിച്ചെണ്ണ സ്‌റ്റോക്കുണ്ട്. പ്രദേശിക വിപണികളില്‍ എണ്ണ വില്‍പ്പന ചുരുങ്ങിയത് മില്ലകാരെ സമ്മര്‍ദ്ദത്തിലാക്കി. പിന്നിട്ടവാരം 12,700 ല്‍ നിന്ന് കൊച്ചി മാര്‍ക്കറ്റ് 12,500 രൂപയിലാണ്. കൊപ്ര 8540 ല്‍ നിന്ന് 8410 രൂപയായി.
ആഭ്യന്തര വിദേശ ഓര്‍ഡറുകളുെട അഭാവം മുലം ചുക്ക് വില താഴ്ന്നു. മാര്‍ക്കറ്റില്‍ ചുക്ക് സ്‌റ്റോക്ക് കുറവാണെങ്കിലും ഉത്പാദകരുടെ കൈവശം വന്‍തോതില്‍ ചുക്കുണ്ട്. മീഡിയം ചുക്ക് 9500, ബെസ്റ്റ് ചുക്ക് 11,500 രൂപയിലുമാണ്.
ജാതിക്ക, ജാതിപത്രി വിലകളില്‍ മാറ്റമില്ല. കയറ്റുമതി മേഖലയും ഉത്തരേന്ത്യക്കാരും ഉല്‍പ്പന്നം ശേഖരിച്ചു. കൊച്ചിയില്‍ ജാതിക്ക തൊണ്ടന്‍ കിലോ ഗ്രാമിന് 150-180 രൂപ, ജാതിപരിപ്പ് 300-350 രൂപ. ജാതിപത്രി 400-525 രൂപ. ഏലക്ക വിളവെടുപ്പ് വൈകിയത് ഉത്തരേന്ത്യന്‍ ചരക്ക് ക്ഷാമം ഉളവാക്കി. ലേല കേന്ദ്രങ്ങളില്‍ ലഭ്യത ചുരുങ്ങിയത് വില ഉയര്‍ത്താന്‍ വാങ്ങലുകാരെ പ്രേരിപ്പിച്ചു. മികച്ചയിനം ഏലക്ക കിലോഗ്രാമിന് 1259 രൂപ. പെരുന്നാല്‍ ആഘോഷങ്ങള്‍ കഴിയുന്നതോടെ അറബ് ഓര്‍ഡുറുകള്‍ എത്തി തുടങ്ങും.
ആഭരണ കേന്ദ്രങ്ങളില്‍ പവന് 200 രൂപ ഉയര്‍ന്നു. പവന്‍ 21,560 രൂപയില്‍ നിന്ന് 21,760 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ കയറി 2720 രൂപയായി. ലണ്ടനില്‍ ഒരൗണ്‍സിന് 1257 ഡോളര്‍.