റമസാനില്‍ പുകവലി ഉപേക്ഷിച്ചവരുടെ എണ്ണം വളരെയധികമാണെന്ന് എച്ച് ബി കെ യു

Posted on: June 25, 2017 9:40 pm | Last updated: June 25, 2017 at 9:38 pm

ദോഹ: നിത്യജീവിതത്തിലെ ശീലങ്ങളുടെ മാറ്റം കൂടിയാണ് റമസാനിലൂടെ സാധ്യമാകുന്നത്. ദുശ്ശീലങ്ങളില്‍ നിന്ന് ശരീരത്തെയും മനസ്സിനെയും സംരക്ഷിക്കാനുള്ള മികച്ച അവസരമാണ് റമസാനില്‍ സാധ്യമാകുന്നത്. ഈ ആശയം ശിരസാവഹിച്ച് റമസാനില്‍ പുകവലി ഉപേക്ഷിച്ചവരുടെ എണ്ണം വളരെയധികമാണെന്ന് എച്ച് ബി കെ യു പ്രസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ഖത്വര്‍ മെഡിക്കല്‍ ജേണല്‍ പഠനത്തില്‍ പറയുന്നു.
രാജ്യത്ത് വസിക്കുന്ന മുതിര്‍ന്നവരില്‍ 12.6 ശതമാനം പേര്‍ (10.9 ശതമാനം ഖത്വരികളും 13.5 ശതമാനം വിദേശികളും) പുകവലി ശീലമുള്ളവരാണെന്ന് 2013ലെ ഗ്ലോബല്‍ അഡള്‍ട്ട് ടൊബാക്കോ സര്‍വേ സാക്ഷ്യപ്പെടുത്തുന്നു. ഈ നിരക്ക് വളരെ കുറവാണെന്ന് തോന്നുമെങ്കിലും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പുകവലിക്കുന്നവരുടെ എണ്ണം പെരുകും. ഇപ്പോള്‍ 13- 15 വയസ്സ് പ്രായമുള്ളവരില്‍ 15.7 ശതമാനം പേര്‍ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചവരാണ്. ഇവരില്‍ 22.8 ശതമാനം ആണ്‍കുട്ടികളും 8.8 ശതമാനം പെണ്‍കുട്ടികളുമാണ്. ഈ പ്രായത്തിലുള്ള 12.3 ശതമാനം നിലവില്‍ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ഖത്വര്‍ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച സുരൈനി ഇസ്മാഈലിന്റെ പഠനം വ്യക്തമാക്കുന്നത് റമസാനില്‍ പുകവലി ഉപേക്ഷിക്കാന്‍ തയ്യാറാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നാണ്. 2015ലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. റമസാനില്‍ പുകവലി ശീലം നിര്‍ത്താന്‍ ആസൂത്രണം ചെയ്യുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.
പുകവലിക്കാരുടെ ഉമനീര്‍ പരിശോധിച്ചാണ് പഠനം നടത്തിയത്. റമസാന് അഞ്ച് ദിവസം മുമ്പ്, റമസാന്റെ 21 ാം ദിവസം, റമസാന്‍ കഴിഞ്ഞ് 21 ാം ദിവസം എന്നിങ്ങനെയാണ് ഉമിനീര്‍ പരിശോധിച്ചത്. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പുകവലി ഉപേക്ഷിക്കുന്നവര്‍, അല്ലാത്തവര്‍ എന്നിങ്ങനെ രണ്ടായി തിരിച്ചായിരുന്നു പഠനം. ഇതില്‍ ആദ്യത്തെ സംഘത്തിന്റെ നിക്കോട്ടിന്‍ അളവ് കുറഞ്ഞതായാണ് കാണപ്പെട്ടത്.
ഈ പഠനം ചൂണ്ടിക്കാട്ടിയാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സ്‌മോകിംഗ് സെസേഷന്‍ ക്ലിനിക് പുകവലി ഉപേക്ഷിക്കാന്‍ റമസാന്‍ യോജിച്ച മാസമാണെന്ന് വിശദീകരിക്കുന്നത്.