ആശ്രിത ലെവി; 18 വയസിനു താഴെയുള്ള കുടുംബാംഗത്തിനും ബാധകം

Posted on: June 25, 2017 7:46 pm | Last updated: June 25, 2017 at 7:46 pm

ജിദ്ദ: അടുത്ത മാസം മുതല്‍ നടപ്പിലാക്കാന്‍ പോകുന്ന ആശ്രിത ലെവിയില്‍ മുറാഫിഖീന്‍ എന്നോ താബിഈന്‍ എന്നോ ഉള്ള വ്യത്യാസമുണ്ടാകില്ലെന്ന് ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് അല്‍ റിയാദ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഭാര്യയും 18 വയസ്സ് വരെയുള്ള സന്താനങ്ങളുമാണു താബിഈന്‍ എന്ന പരിധിയില്‍ പെടുക.18 വയസ്സിനു മുകളിലുള്ള ആണ്‍കുട്ടിയും രണ്ടാം ഭാര്യയും പിതാവ്, മാതാവ് തുടങ്ങിയവരെല്ലാം മുറാഫിഖീനായി പരിഗണിക്കപ്പെടും.

ഭാര്യമാര്‍ക്കും സന്താനങ്ങള്‍ക്കുമെല്ലാം ലെവി ബാധകമായാല്‍ അത് താഴ്ന്ന വരുമാനക്കാര്‍ക്ക് വന്‍ തിരിച്ചടിയാകും. ഇഖാമ പുതുക്കുംബോള്‍ ഒരു വര്‍ഷത്തേക്കുള്ള ലെവി ഒന്നിച്ചടക്കേണ്ടതിനാല്‍ 2017 ജൂലൈക്ക് ശേഷം ഇഖാമ പുതുക്കുന്നവര്‍ ഓരോ കുടുംബാഗത്തിനും 1200 റിയാല്‍ വീതം അധികം അടക്കേണ്ടതുണ്ട്. ഇത് ഒരോ വര്‍ഷവും 1200 റിയാല്‍ വീതം വര്‍ദ്ധിപ്പിച്ച് 2020 ആകുംബോഴേക്കും ഒരു കുടുംബാംഗത്തിന്റെ ഇഖാമ പുതുക്കാന്‍ മാത്രം 4800 റിയാല്‍ ഫീസ് കൊടുക്കേണ്ട രീതിയിലാകും.പുതിയ ലെവി സൗദി ഗവണ്‍മെന്റിനു വന്‍ വരുമാന മാര്‍ഗ്ഗമാകുമെങ്കിലും പ്രവാസി കുടുംബങ്ങള്‍ക്ക് വന്‍ ബാദ്ധ്യതയാകും.