അനാവശ്യമായി അവധിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി:ആരോഗ്യമന്ത്രി

Posted on: June 25, 2017 3:12 pm | Last updated: June 26, 2017 at 12:36 am

കോഴിക്കോട്: സംസ്ഥാനത്ത് പനി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. നേരത്തെ ഒ.പി അവസാനിപ്പിക്കുകയോ അനാവശ്യമായി അവധി എടുക്കുകയോ ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.കോഴിക്കോട് ജില്ലയിലെ പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.ചിലയിടങ്ങളില്‍ നേരത്തെ ഒ.പി നിര്‍ത്തി പോകുന്നതും അനാവശ്യമായി ഡോക്ടര്‍മാര്‍ അവധിയെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരക്കാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ തുടരണമെന്നില്ലെന്നും പിരിഞ്ഞു പോകാമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളെല്ലാം ഇത്തരത്തിലാണെന്ന് ഇതിന് അര്‍ഥമില്ല. നിലവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കമുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ത്യാഗപൂര്‍ണമാണ്. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.പ്രത്യേക സാഹചര്യം കണക്കിലെടുത്ത് താല്‍ക്കാലികമായി ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ മുഴുവവന്‍ സമയ ചികിത്സ ഉറപ്പുവരുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊതുകു നിവാരണത്തിനും പരിശോധനയ്ക്കുമായി ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ പരിശോധന നടത്തുന്നുണ്ട് വിട്ടു പോയ ഇടങ്ങള്‍ ഉണ്ടെങ്കില്‍ ആവശ്യപ്പെട്ടാല്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു