മോദി അമേരിക്കയിലെത്തി; ട്രംപുമായുള്ള കൂടിക്കാഴ്ച്ച നാളെ

Posted on: June 25, 2017 11:06 am | Last updated: June 25, 2017 at 3:13 pm
SHARE

വാഷിങ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിങ്ടണ്‍ ഡി.സിയിലെത്തി. ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇന്ത്യന്‍ സമൂഹത്തിലെ പ്രതിനിധികളുമെത്തിയിരുന്നു. തിങ്കളാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച. സുപ്രധാനവും തന്ത്രപരവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് മോദി നേരത്തേ വ്യക്തമാക്കിയിരുന്നു. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനിടെ പോര്‍ച്ചുഗലില്‍ നിന്നാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷം ട്രംപുമായുള്ള മോദി നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്.

ട്രംപ് അധികാരത്തിലെത്തിയ ശേഷം അമേരിക്കയുടെ നയതന്ത്രനയങ്ങള്‍ മാറി വരുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതേ രീതിയില്‍ തുടരാനാകുമോ എന്നു കൂടി നിശ്ചയിക്കുന്ന കൂടിക്കാഴ്ചയാണ് ഇത്. മോദിയും ട്രംപും ഇതിനകം മൂന്നു തവണ ഫോണില്‍ സംഭാഷണം നടത്തിയിട്ടുണ്ട്. പ്രതിരോധം, തീവ്രവാദം, ഊര്‍ജ്ജം എന്നീ മൂന്നു വിഷയങ്ങളിലൂന്നിയാകും ചര്‍ച്ച. എച്ച്1 ബി വിസ പ്രശ്‌നം സന്ദര്‍ശനവേളയില്‍ മോദി ഉന്നയിക്കുമെന്നുകരുതുന്നതായി യു.എസിലെ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു. വിസച്ചട്ടങ്ങള്‍ ട്രംപ് ഭരണകൂടം കടുപ്പിച്ചത് ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യയെയാണ്.

ഇരുവരും അഞ്ചു മണിക്കൂര്‍ ഒന്നിച്ചു ചിലവഴിക്കും. ഇരുവരും ഒറ്റക്കു നടത്തുന്ന സംഭാഷണത്തിനു ശേഷം ഉന്നത ഉദ്യോഗസ്ഥരോടൊപ്പവും ചര്‍ച്ച നടത്തും. ശേഷം വൈറ്റ് ഹൗസില്‍ നടക്കുന്ന പ്രത്യേക വിരുന്നിലും മോദി പങ്കെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here