നടിയെ തട്ടിക്കൊണ്ടുപോയ കേസ് സിബിഐക്ക് വിടണമെന്ന് പിടി തോമസ് എംഎല്‍എ

Posted on: June 24, 2017 3:33 pm | Last updated: June 24, 2017 at 10:04 pm

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അതിക്രമം നടത്തിയ കേസ് സിബിഐക്ക് വിടണമെന്ന് പിടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. ജയിലിനുള്ളില്‍ പ്രതികള്‍ക്ക് എല്ലാ സുഖസൗകര്യങ്ങളും ലഭിക്കുന്നുവെന്നാണ് മനസ്സിലാകുന്നത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാതിരിക്കാനുമാണ് ഇവര്‍ക്ക് കോടതി ജാമ്യം നല്‍കാതിരുന്നത്. ശരിയായ ദിശയിലുള്ള അന്വേഷണമല്ല ഇപ്പോള്‍ നടക്കു്ന്നത്. ജയിലില്‍ ഇവര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ഇവര്‍ ആരുമായയൊക്കെയാണ് ബന്ധപ്പെട്ടിട്ടുള്ളതെന്ന് സംബന്ധിച്ച് അന്വേഷണം നടത്തുകയാണെങ്കില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കഴിയും. ഇതിന് കൂടുതല്‍ ശാസ്ത്രീയ അന്വേഷണം ആവശ്യമാണെന്നും പിടി തോമസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.