പനി വിടുന്നില്ല ഒന്‍പത് മരണം കൂടെ; ജാഗ്രതയോടെ സര്‍ക്കാര്‍

Posted on: June 23, 2017 11:47 pm | Last updated: June 23, 2017 at 11:47 pm

തിരുവനന്തപുരം: ജാഗ്രതയോടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോഴും പനി ശമനമില്ലാതെ തുടരുന്നു. ഇന്നലെ പനി ബാധിച്ച് ഒന്‍പത്‌പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മലേറിയ പടരുന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇന്നലെ എഴ് പേരിലാണ് മലേറിയ കണ്ടെത്തിയത്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ 22689 പേര്‍ പനിക്ക് ചികിത്സ തേടി ആശുപത്രികളിലെത്തി. 178 പേര്‍ക്ക് ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചു. നാല് പേര്‍ക്ക് എലിപ്പനിയും മൂന്ന് പേര്‍ക്ക് മഞ്ഞപ്പിത്തവും ആറ് പേര്‍ക്ക് എച്ച്1 എന്‍1 ഉം സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട്് ഒരു വയസ്സുളള കുഞ്ഞും മരിച്ചു. പാലക്കാട് ആലത്തൂര്‍ ചൂണ്ടക്കാട് കോതകുളം വീട്ടില്‍ സഫര്‍ അലി നജ്‌ല ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള കുഞ്ഞ് മുഹമ്മദ് സഫ്‌വാനാണ് പനി ബാധിച്ച് മരിച്ചത്. ഹൃദ്രോഗമുള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്ന മുഹമ്മദ് സഫ്‌വാനെ പനി ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡെങ്കിപ്പനി ബാധിച്ച് ആലപ്പുഴ കുറത്തിക്കാട് സുബിന്‍ (18), പലക്കാട് ചിറ്റൂര്‍ ഇര്‍ഷാദ് (45), മണ്ണാര്‍ക്കാട് മാധവിയമ്മ (65), ഒങ്ങല്ലൂര്‍ മുഹമ്മദ് രാജിന്‍, മലപ്പുറം വഴിക്കടവ് തങ്കം (45) എന്നിവര്‍ മരിച്ചു. മലപ്പുറം നെടുവ ഖാലിദ് (80) മരിച്ചത് എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നു. ചിക്കന്‍ഫോക്‌സ് ബാധിച്ച് തിരുവനന്തപുരം കവടിയാര്‍ ശ്രീധര്‍ (45) മരിച്ചു. എച്ച് 1 എന്‍ 1 ബാധിച്ച് ഇടുക്കി കുടയത്തൂര്‍ സന്ധ്യ (32), മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് നന്മണ്ട സുനില്‍കുമാര്‍ (43) എന്നിവരും മരിച്ചു. പനി ബാധിതരുടെ ജില്ല തിരിച്ചുള്ള ഇന്നലത്തെ കണക്ക്. തിരുവനന്തപുരം (3268), കൊല്ലം (1968), പത്തനംതിട്ട (815), ഇടുക്കി (588), കോട്ടയം (1287), ആലപ്പുഴ (1258), എറണാകുളം (1433), തൃശൂര്‍ (1959), പാലക്കാട് (2490), മലപ്പുറം (2414), കോഴിക്കോട് (2224), വയനാട് (894), കണ്ണൂര്‍ (1473), കാസര്‍കോട് (618). സംസ്ഥാനത്ത് ഈ വര്‍ഷം പനിബാധിച്ചവരുടെ എണ്ണം 13.02 ലക്ഷമാണ്. ഈ മാസം മാത്രം 3,51,424 പേര്‍ക്ക് പനിപിടിപെട്ടു. പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. ഈ മാസം 27 ദിവസത്തിനിടെ 85 പേരാണ് പനിബാധിച്ച് മരിച്ചത്.